സത്യവേദപുസ്തകം ഒരു വീക്ഷണം!



സത്യവേദപുസ്തകം  ഒരു വീക്ഷണം!

(പുസ്തകത്തിന്‍റെ പേരും ക്രമവും നല്കുന്നതോടൊപ്പം ബ്രായ്ക്കറ്റിൽ പേരുകളുടെ അര്‍ത്ഥവും നല്‍കിയിരിക്കുന്നു.)

1.ഉല്‍‍പ്പത്തിപ്പുസ്തകം 

ദൈവമനുഷ്യബന്ധത്തിന്‍റെ ചരിത്രത്തിലെ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു.ബിസി. പത്തൊമ്പതാം നൂറ്റാണ്ടിൽ സംഭവിച്ചെന്നു പൊതുവേ കരുതപ്പെടുന്ന അബ്രാഹാമിന്‍റെ വിളിയാണ് ബൈബിളിലെ രക്ഷാകരചരിത്രത്തിന്‍റെ ആരംഭം. സൃഷ്ടിയുടെ ആരംഭം മുതല്‍ ദൈവം അബ്രാഹാമിനെ വിളിക്കുന്നതുവരെയുള്ള ദീര്‍ഘമായ കാലഘട്ടത്തിലെ ദൈവമനുഷ്യബന്ധത്തിന്‍റെ ചരിത്രമാണ് ആദ്യത്തെ പതിനൊന്നദ്ധ്യായങ്ങൾ. ഇതിനു വ്യക്തമായ ചരിത്രസാക്ഷ്യങ്ങളില്ല. ആലങ്കാരിക ശൈലിയില്‍, സമകാലികര്‍ക്കു മനസ്സിലാകുന്ന ഭാഷയിൽ ലളിതവും മനോഹരവുമായി പരിശുദ്ധാത്മപ്രേരിതൻ മോശെ ഈ ഭാഗം രചിച്ചിരിക്കുന്നു. അതിനാല്‍, മറ്റു ചരിത്രഗ്രന്ഥങ്ങളുമായി ഈ ഭാഗത്തെ തുലനം ചെയ്തുകൂടാ. സൗഭാഗ്യപൂർണ്ണമായ അവസ്ഥയിൽ ദൈവം സൃഷ്ടിച്ച മനുഷ്യന് ഒരു രക്ഷാകരപദ്ധതി ആവശ്യകമായിത്തീര്‍ന്നത് എങ്ങനെയെന്ന് ഇവിടെ വ്യക്തമാക്കുന്നു. ആദ്യഭാഗത്തിന്‍റെ ഉള്ളടക്കത്തെ ഇപ്രകാരം വിഭജിക്കാം.
ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. 1:1,2
മനുഷ്യന്‍റെ പതനം 3:1-24. തിന്മ വര്‍ദ്ധിക്കുന്നു:
കയീനും ഹാബേലും 4:1,2. ജലപ്രളയം,7:1-24. ബാബേല്‍ഗോപുരം 11:1-9.
അബ്രാഹാമിന്‍റെ പൂർവ്വികർ 11:10-32.
പന്ത്രണ്ടാമദ്ധ്യായംമുതൽ അവതരണരൂപത്തിൽ മാത്രമല്ല ദൈവമനുഷ്യബന്ധത്തിന്‍റെ ചരിത്രത്തിലും നിര്‍ണായകമായ മാറ്റം സംഭവിക്കുന്നു. ദൈവത്തിന്‍റെ സാർവ്വത്രികമായ പരിപാലനത്തിന്‍റെ ചരിത്രത്തിൽ നിന്നു ദൈവപരിപാലനം മുഴുവൻ കേന്ദ്രീകൃതമായ ഒരു പ്രത്യേകജനതയുടെ ചരിത്രത്തിലേക്കു നാം കടക്കുന്നു. എന്നാല്‍, ദൈവം മറ്റു ജനതകളെ ഉപേക്ഷിക്കുകയല്ല, വിശ്വസ്തമായ ഒരു ചെറിയ ഗണത്തിലൂടെ സാർവ്വത്രികമായ ഒരു രക്ഷാപദ്ധതിക്കു രൂപംകൊടുക്കുകയാണു ചെയ്യുന്നത്. അവിടുന്ന് അബ്രാഹാമിനോടു വാഗ്ദാനം ചെയ്തു: നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗൃഹിക്കപ്പെടും (ഉൽപ്പ 12:3). അബ്രാഹംമുതൽ യോസേഫ് വരെയുള്ള പൂർവ്വപിതാക്കന്‍മാരുടെ ചരിത്രമാണ് 12 മുതൽ 50 വരെയുള്ള അദ്ധ്യായങ്ങൾ. ദൈവത്തിന്‍റെ വിളികേട്ട് ഹാരാനില്‍നിന്ന് ഏകനായി ഇറങ്ങിത്തിരിച്ച അബ്രാഹാമിന്‍റെ സന്തതികൾ വാഗ്ദത്തഭൂമിയായ കാനാനില്‍നിന്ന് മിസ്രയീമിലെത്തി വാസമുറപ്പിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നു.
അബ്രാഹാമിന്‍റെ ചരിത്രം 12:1-20.ഇസ്ഹാക്കും യാക്കോബും 25:19-34.
ജോസെഫും സഹോദരന്‍മാരും 37:1-36.
ദൈവസാദൃശ്യപ്രകാരം ജീവനുള്ള ദേഹിയായാണ് (ആത്മാവ്) മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ മനുഷ്യനെ സംബന്ധിച്ച് പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള ദൈവാലോചന ഏദെനിൽ പൂർണ്ണമാകുന്നില്ല. പാപവുമായി ബന്ധം സ്വീകരിച്ച ദേഹി (ആത്മാവ്) പാപവുമൊത്തു ദേഹിയുടെ ദേഹത്തില്‍ കൂട്ടുചേര്‍ന്ന് വസിക്കുന്ന അവസ്ഥയാണ് നിയമലംഘനത്തിലൂടെ ആദാംദമ്പതികള്‍ക്ക് ലഭിച്ചത്.ആ വ്യവസ്ഥയാണ് ഇന്നത്തെ മനുഷ്യനില്‍ കാണുന്ന ജീവിത മൂല്യച്ചുതിക്കു കാരണം. അങ്ങനെ ദൈവാലോചന പ്രകാരം പാപിയായി ജീവിക്കുന്ന മനുഷ്യന്‍റെ പാപത്തില്‍നിന്നുള്ള വീണ്ടെടുപ്പ് അദൃശ്യമായ ഒരു യാഗത്തിലൂടെ ദൈവം ഏദെനിൽ നിര്‍വ്വഹിച്ചതിന്‍റെ പൊരുളാണ് കുരിശിലെ യാഗം. അത് വെളിപ്പെടുത്തുക എന്നുള്ളതാണ് സത്യവേദത്തിലെ ലക്‌ഷ്യം. മനുഷ്യന്‍ തിന്മകള്‍ വിട്ടൊഴിഞ്ഞു പൂര്‍ണ്ണതയിൽ ജീവിക്കുവാന്‍തക്കവണ്ണം ദൈവാത്മാവിനെ നല്‍കുക എന്നുള്ള മുഖ്യമായ മര്‍മ്മം അതിൽ വെളിപ്പെടുന്നു. അമ്പതു അദ്ധ്യായങ്ങളുള്ള ഈ പുസ്തകത്തിന്‍റെ രചന ബിസി 1480 നും1410 നും ഇടയിൽ മോശെ നിര്‍വ്വഹിച്ചിട്ടുള്ളതാണ്. ഈ പുസ്തകത്തിലെ പ്രധാന വാക്യങ്ങൾ 1:27,12:2,3 എന്നിവ ആകുന്നു.
                            @@@@
2 പുറപ്പാട്
മിസ്രയീമിലെ അടിമത്തത്തില്‍നിന്നു വിമോചിതരായിതീര്‍ന്നു കാനാന്‍ദേശം ലക്ഷ്യമാക്കി പുറപ്പെട്ട യിസ്രായേൽജനത്തിന്‍റെ ചരിത്രമാണ് പുറപ്പാട് എന്ന പദം സൂചിപ്പിക്കുന്നത്.ദൈവം യിസ്രായേൽ ജനത്തിന്‍റെ ചരിത്രത്തിലേക്കിറങ്ങിവന്നു; അവരെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ച്, അവരുമായി ഉടമ്പടി ചെയ്തു; അവരുടെ ഇടയിൽ കൂടാരത്തിൽ വസിച്ചു.
1.മിസ്രയീമില്‍നിന്നുള്ള മോചനം
മിസ്രയീമിലെത്തിച്ചേര്‍ന്ന യാക്കോബും മക്കളും അനുകൂലമായ സാഹചര്യങ്ങളില്‍ വളര്‍ന്നു വലിയ ജനതയായി. അവരുടെ ഉയര്‍ച്ചകണ്ടു ഭയന്ന മിസ്രയീംരാജാക്കന്‍മാർ അവരെ ദണ്ഡിപ്പിച്ച് അടിമകളാക്കി. അവരുടെ മോചനത്തിന്‍റെ കഥയാണ് ആദ്യഭാഗം. ദൈവം മഹാമാരികളയച്ച് മിസ്രയീമ്യരെ പ്രഹരിച്ചുകൊണ്ട് യിസ്രായേല്‍ജനത്തെ മോചിപ്പിച്ചു. ചെങ്കടല്‍ കടന്നതോടെ യിസ്രായേൽ മിസ്രയീമ്യരില്‍നിന്നു പൂർണ്ണമായി മോചിതരായി. അവര്‍ സീനായ്മലയെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. വിമോചനത്തിന്‍റെ പ്രതീകമായി മാറിയ ഈ സംഭവം പെസഹാചരണത്തിലൂടെ യിസ്രായേല്‍ജനം ആണ്ടുതോറും അനുസ്മരിക്കുന്നു.
2.സീനായ് ഉടമ്പടി
സീനായ്മലയെ ലക്ഷ്യമാക്കി യാത്രചെയ്ത ജനത്തെ ദൈവം അദ്ഭുതകരമായി ഭക്ഷണവും സംരക്ഷണവും നല്‍കി മരുഭൂമിയിലൂടെ നയിച്ചു. ഈ അസാധാരണ സംഭവങ്ങളിലൂടെ ചരിത്രത്തെ നയിക്കുന്ന ദൈവത്തിന്‍റെ പരിപാലന അവര്‍ക്ക് അനുഭവവേദ്യമായി. സീനായ്മലയില്‍ വച്ച് ദൈവം അവരുമായി ഉടമ്പടി ചെയ്തു: നിങ്ങൾഎന്‍റെ കൽപ്പനകൾ അനുസരിച്ചാൽ ഞാൻ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്‍റെ ജനവുമായിരിക്കും. അവർ സമ്മതിച്ചു. അന്നുമുതല്‍ അവർ ദൈവജനമായിത്തീര്‍ന്നു. ആ ഉടമ്പടിയുടെ നിബന്ധനകളാണ് ദൈവം മോശെവഴി അവര്‍ക്കു നല്‍കിയ പ്രമാണങ്ങള്‍.
3.കൂടാരവും നിയമപെട്ടകവും
അവരുടെ ഇടയില്‍ വസിക്കുന്നതിനു തനിക്ക് ഒരു കൂടാരവും അതിൽ തനിക്ക് ഇരിപ്പിടമായി ഒരു സാക്ഷ്യപെട്ടകവും നിർമ്മിക്കുന്നതിനു ദൈവം മോശെയോടു കൽപ്പിച്ചു. പെട്ടകത്തിൽ മോശെ നിയമത്തിന്‍റെ കല്‍പ്പലകകൾ നിക്‌ഷേപിച്ചു. പെട്ടകത്തിന്‍റെ മുകളിലുള്ള കെരൂബുകളുടെ മദ്ധ്യേയാണ് ദൈവം ഉപവിഷ്ടനായിരിക്കുന്നത്. കൂടാരത്തെ മേഘം ആവരണം ചെയ്തിരുന്നു. യഹോവയുടെ സാന്നിധ്യം അതിൽ നിറഞ്ഞുനിന്നു.
ഘടന
1:1-12-മിസ്രയീമിലെ അടിമത്തവും വിമോചനത്തിനുള്ള ഒരുക്കവും (അടിമത്തം 1:1-22; മോശെയുടെ ബാല്യകാലവും തിരഞ്ഞെടുപ്പും 2:1-7. പത്തു മഹാമാരികള്‍ 7:14, 11:10; പെസഹാചരണവും വിടുതലും 12:1-36)
12:37,18:27 - സീനായ് മലയിലേക്കുള്ളയാത്ര
19:1,24:18 - സീനായ് ഉടമ്പടി
25:1-40- കൂടാരവും ആരാധനാവിധികളും
· നാല്‍പ്പതു അദ്ധ്യായങ്ങളുള്ള ഈ പുസ്തകത്തിന്‍റെ രചന ബിസി 1480 നും1410 നും ഇടയിൽ മോശെ നിര്‍വ്വഹിച്ചിട്ടുള്ളതാണ്. ഈ പുസ്തകത്തിലെ പ്രധാന വാക്യങ്ങള്‍  3:7,10 എന്നിവ ആകുന്നു.
              @@@@@
3 ലേവ്യപുസ്തകം

 ദൈവത്തിന്‍റെ ജനം വിശുദ്ധരായിരിക്കണം. നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍, എന്തെന്നാൽ നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാൻ പരിശുദ്ധനാണ്. ആവര്‍ത്തിച്ചു കാണുന്ന ഈ വാക്യം ഈ ഗ്രന്ഥത്തിന്‍റെ കാതലായ ആശയം വ്യക്തമാക്കുന്നു. യാഗങ്ങളും മറ്റ് ആരാധനാനുഷ്ഠാനങ്ങളും വഴിയാണ് ജീവിതവിശുദ്ധി കൈവരിക്കേണ്ടത്. ബാഹ്യമായ ഈ അനുഷ്ഠാനങ്ങള്‍ ആന്തരികവിശുദ്ധിയുടെ അടയാളമാണ്. എങ്കിലും ഇവ കൊണ്ടുമാത്രം മനുഷ്യനു വിശുദ്ധി പ്രാപിക്കാമെന്ന ചിന്താഗതി യഹൂദര്‍ക്ക് ഉണ്ടായിരുന്നു എന്ന ധാരണ ഈ ഗ്രന്ഥം വായിക്കുന്നവര്‍ക്ക് ഉണ്ടാവാം. ബാഹ്യമായ ശുദ്ധിക്കും അശുദ്ധിക്കും ലേവ്യഗ്രന്ഥം വളരെ പ്രാധാന്യം കൽപ്പിക്കുന്നു. വിവിധരോഗങ്ങള്‍, അംഗവൈകല്യം, ശാരീരിക മാലിന്യങ്ങൾ എന്നിവയെല്ലാം മനുഷ്യനെ അശുദ്ധനാക്കുമെന്നു കരുതിയിരുന്നു. കൂടാരങ്ങളില്‍ ഒരുമിച്ചു പാര്‍ത്തിരുന്ന ജനത്തിന്‍റെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്തുവേണം ഈ നിയമങ്ങളെ വിലയിരുത്താൻ. അനുഷ്ഠാനവിധികളില്‍ വരുന്ന വീഴ്ചകളെല്ലാം കുറ്റകരമായി അവര്‍ കരുതി. ശുദ്ധീകരണകർമ്മങ്ങളും യാഗങ്ങളും വഴി ഇവയില്‍നിന്നു മോചിതരാകേണ്ടിയിരുന്നു. യാഗങ്ങളിലും ആരാധനകളിലും പ്രമുഖസ്ഥാനം ലേവ്യര്‍ക്കായതിനാൽ പ്രധാനമായും ലേവ്യരെക്കുറിച്ചാണ് ഈ ഗ്രന്ഥം പ്രതിപാദിക്കുന്നത്.
ഘടന
1 - 7 - ബലിയര്‍പ്പണത്തെക്കുറിച്ചുള്ള നിയമങ്ങള്‍(ഹോമയാഗം, ഭോജനയാഗം, സമാധാനയാഗം, പാപപരിഹാരയാഗം, പ്രായശ്ചിത്തയാഗം)
8 -10 - പുരോഹിതാഭിഷേകം(അഹരോന്‍റെയും പുത്രന്‍മാരുടെയും അഭിഷേകം; അവരുടെ ആദ്യത്തെ യാഗാര്‍പ്പണം; നാദാബ്, അബീഹു എന്നിവരുടെ അവിഹിത ആചാരങ്ങൾ)
11 - 15 - ശുദ്ധീകരണ നിയമങ്ങള്‍ (ശുദ്ധവും അശുദ്ധവുമായ മൃഗങ്ങള്‍; വിവിധതരം അശുദ്ധികളും അവയില്‍നിന്നുള്ള ശുദ്ധീകരണവും)
16 - പാപപരിഹാരദിനം
17 - 27 - ജീവിതവിശുദ്ധി(യാഗമൃഗം, അതിന്‍റെ രക്തം, വിവാഹം, വിഗ്രഹാരാധന, അവിഹിതവേഴ്ചകൾ, തിരുനാളുകള്‍, ശബ്ബത്തുവത്‌സരം)മുതലായവ. ഇരുപത്തിയേഴു അദ്ധ്യായങ്ങളുള്ള ഈ പുസ്തകത്തിന്‍റെ രചന ബിസി 1445 നും1405 നും ഇടയിൽ മോശെ നിര്‍വ്വഹിച്ചിട്ടുള്ളതാണ്. ഈ പുസ്തകത്തിലെ പ്രധാന വാക്യങ്ങൾ 17:11,19:2 എന്നിവ ആകുന്നു.
                 @@@@

4 സംഖ്യപുസ്തകം

സീനായ്മലയിൽ എത്തിയ ജനം അവിടെനിന്നു പുറപ്പെട്ട് വാഗ്ദത്തഭൂമിയുടെ അതിര്‍ത്തിയിൽ, മോവാബു താഴ്‌വരയിൽ എത്തുന്നതുവരെയുള്ള ഏകദേശം നാൽപ്പതു വര്‍ഷത്തെ ചരിത്രമാണ് ഈഗ്രന്ഥത്തിലുള്ളത്. ഈ കാലഘട്ടത്തിന്‍റെ ആരംഭത്തിലും അവസാനത്തിലും (1 - 26 അദ്ധ്യായങ്ങൾ) ഓരോ ജനസംഖ്യക്കണക്കെടുപ്പു നടക്കുന്നുണ്ട്. ഇതില്‍നിന്നാണ് സംഖ്യ എന്ന പേര്‍ പുസ്തകത്തിനു ലഭിച്ചത്. യിസ്രായേല്‍മക്കളിൽ യുദ്ധശേഷിയുള്ളവരെ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു കണക്കെടുപ്പിന്‍റെ ഉദ്ദേശ്യം.
മരുഭൂമിയില്‍ കഴിച്ചുകൂട്ടിയ വര്‍ഷങ്ങളിലെ ചരിത്രം ദൈവത്തിനും മോശെയ്ക്കുമെതിരേ പിറുപിറുക്കുന്ന ജനത്തിനു ശിക്ഷയിലൂടെ ദൈവം നല്‍കുന്ന ശിക്ഷണത്തിനു സാക്ഷ്യം നല്‍കുന്നു. കാനാന്‍ദേശം ഒറ്റുനോക്കാൻ മോശെ അയച്ചവരിൽ യോശുവയും കാലേബും ഒഴികെ മറ്റെല്ലാവരും ഭീരുക്കളായി വര്‍ത്തിച്ചു. ശത്രുവിനെ ഭയന്ന അവര്‍ ദൈവത്തിന്‍റെ കരുത്തുറ്റ കരത്തില്‍ വിശ്വാസമര്‍പ്പിച്ചില്ല. യോശുവയും കാലേബും കാനാന്‍ദേശത്തു പ്രവേശിക്കും; അവിശ്വസ്തരായവരിൽ ഒരുവൻ പോലും പ്രവേശിക്കയില്ല എന്ന് അവിടുന്ന് അറിയിച്ചു. പാരാൻ മരുഭൂമിയിൽ എത്തിയ അവർ കാനാന്‍ദേശത്തു നേരിട്ടു പ്രവേശിക്കാതെ ചെങ്കടലിനു നേരേ മരുഭൂമിയിലേക്കു തിരിച്ചുപോയി. മരുഭൂമിയില്‍ ചുറ്റിത്തിരിഞ്ഞ് അവർ മോവാബു താഴ്‌വരയിൽ എത്തി. കാനാന്‍ ദേശത്തു പ്രവേശിക്കയില്ലെന്നു ദൈവം പറഞ്ഞിരുന്ന തലമുറ മുഴുവന്‍ ഇതിനകം മരിച്ചുകഴിഞ്ഞിരുന്നു.
കോരഹിന്‍റെയും അനുചരന്‍മാരുടെയും എതിര്‍പ്പ്, പിത്തളസര്‍പ്പം, ബിലയാമിന്‍റെ പ്രവചനങ്ങൾ, പാറയില്‍നിന്നു മോശെ ജലം പുറപ്പെടുവിക്കുന്നത് തുടങ്ങിയ സംഭവങ്ങൾ സംഖ്യഗ്രന്ഥത്തിൽ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ചരിത്രസംഭവങ്ങള്‍ വിവരിക്കുന്നതിനിടയിൽ വിവിധ നിയമങ്ങളും ആചാരാനുഷ്ഠാനങ്ങളും നല്‍കിയിരിക്കുന്നു.
ഘടന
1:1 - 10: സീനായ് മരുഭൂമിയില്‍നിന്നു പുറപ്പെടാൻ ഒരുക്കം.(ജനസംഖ്യക്കണക്കെടുപ്പ് 1:-4. വിവിധ നിയമങ്ങള്‍ 5:1-6. യാഗങ്ങൾ, ലേവ്യരുടെ അഭിഷേകം 8:1-7. പെസഹാചരണം, സീനായില്‍ നിന്നുയാത്ര തുടരുന്നു 9:1-10,11:1 – 22. സീനായ് മുതല്‍ മോവാബുവരെയുള്ള യാത്ര.(മരുഭൂമിയിലെ സംഭവങ്ങള്‍, കാനാന്‍ദേശം ഒറ്റുനോക്കുന്നു. 13:1. യാഗാര്‍പ്പണം, പുരോഹിതരുടെയും ലേവ്യരുടെയും അധികാരം 15:1-19. കാദേശ് മുതൽ മോവാബു വരെയുള്ളയാത്ര 20:1-21. മോവാബുതാഴ്‌വരയിൽ (ബിലെയാമിന്‍റെ പ്രവചനങ്ങൾ 22:1-41 ജനസംഖ്യക്കണക്കെടുപ്പ്, യാഗങ്ങളും ഉത്‌സവങ്ങളും സംബന്ധിച്ച നിയമങ്ങൾ മിദ്യാനെതിരേയുദ്ധം 31:1 മിസ്രയീം മുതൽ മോവാബുവരെയുള്ള യാത്രയുടെ സംക്ഷിപ്ത വിവരണം. 33:1-49; യോർദ്ദാൻ കടക്കുന്നതിനുമുമ്പു നല്‍കുന്ന നിർദ്ദേശങ്ങൾ 33:50-36 തുടങ്ങിയവ... മുപ്പത്തിയാറ് അദ്ധ്യായങ്ങളുള്ള ഈ പുസ്തകത്തിന്‍റെ രചന ബിസി 1450 നും1405 നും ഇടയില്‍ മോശെ നിര്‍വ്വഹിച്ചിട്ടുള്ളതാണ്. ഈ പുസ്തകത്തിലെ പ്രധാനപ്പെട്ട വാക്യങ്ങൾ 14:22,23 --- 20:12 എന്നിവ ആകുന്നു.
            @@@@@@@

5 ആവര്‍ത്തനപുസ്തകം


ഉള്ളടക്കം


· ആവര്‍ത്തനം എന്ന പേരും ഗ്രന്ഥത്തിന്‍റെ ഉള്ളടക്കവും തമ്മിൽ കാര്യമായ ബന്ധമില്ല. പരമ്പരാഗതമായി നല്‍കിപ്പോന്നിട്ടുള്ള ഈ പേരു തെറ്റായ ഒരു വിവര്‍ത്തനത്തിൽ നിന്നുദ്ഭവിച്ചതാകാനാണ് ഇടയായിട്ടുള്ളത്. യിസ്രായേലിൽ ഒരു രാജാവുണ്ടാകുന്ന അവസരത്തിൽ അദ്ദേഹം ലേവ്യരുടെ അധീനതയിലുള്ള ദൈവിക നിയമപുസ്തകത്തിന്‍റെ ഒരു പകര്‍പ്പ് ഉണ്ടാക്കി സൂക്ഷിച്ച് തദനുസരണം ജീവിക്കാനും ഭരിക്കാനും പരിശ്രമിക്കണം എന്ന് ആവര്‍ത്തനം 17:18- ല്‍ നിർദ്ദേശിച്ചിരിക്കുന്നു. ഈ നിർദ്ദേശത്തിലെ പകര്‍പ്പ് എന്ന അര്‍ഥമുള്ള ഹീബ്രുപദം ആവര്‍ത്തനം എന്നാണ് ഗ്രീക്കിലേക്കു വിവര്‍ത്തനം ചെയ്തത്. അതില്‍നിന്നാണ് ആവര്‍ത്തനം എന്ന പേര് ഈ ഗ്രന്ഥത്തിനു ലഭിച്ചത്. ഭാഗികമായി നിയമത്തിന്‍റെ ആവര്‍ത്തനം കാണാമെങ്കിലും ചരിത്ര സംഭവങ്ങളുടെ വിലയിരുത്തലും സീനായ് ഉടമ്പടിയിലെ കൽപ്പനകളുടെ വിശദീകരണവും നിയമത്തിന്‍റെ പുതിയ വ്യാഖ്യാനങ്ങളും ഈ ഗ്രന്ഥത്തില്‍ കാണാം. പ്രസംഗശൈലി ആദ്യന്തം പ്രകടമാണ്.
ദൈവവുമായി ഉടമ്പടി ബന്ധത്തിലേര്‍പ്പെട്ട ജനം ആ ബന്ധത്തിന്‍റെ വിശുദ്ധിക്കൊത്തു ജീവിച്ചില്ല. ഒരു ദൈവം, ഒരു ജനം, ഒരു ഭൂമി, ഒരു ആരാധനാസ്ഥലം എന്നീ ആദര്‍ശങ്ങളാൽ ഒരുമയിലേക്കു വിളിക്കപ്പെട്ട ജനം ബിസി. 931-ല്‍ രണ്ടു വ്യത്യസ്ത ജനങ്ങളായിത്തീര്‍ന്നു. കലഹങ്ങളും വിഗ്രഹാരാധനയും നിമിത്തം ദൈവം താത്കാലികമായി അവരെ കൈവിടുകയും അവര്‍ക്കു കഷ്ടതകൾ വരുത്തുകയും ചെയ്തു. പ്രവാസത്തില്‍നിന്നു തിരിച്ചുചെല്ലുന്ന സമൂഹത്തിന് ഈ ദുരന്തങ്ങൾ സംഭവിക്കാതിരിക്കണം. അതിനുവേണ്ട നിർദ്ദേശങ്ങളും നിയമങ്ങളുമാണ് ഈ ഗ്രന്ഥത്തിലുള്ളത്. സംഖ്യഗ്രന്ഥത്തിൽ കൊടുത്തിട്ടുള്ള മോശെയുടെ അന്ത്യശാസനത്തിന്‍റെ വിശദമായൊരു പ്രബോധനരൂപം ഇവിടെ കാണാന്‍കഴിയും. നിയമങ്ങള്‍ ലംഘിച്ച യിസ്രായേൽജനത്തിനു മോവാബില്‍വച്ചു മോശെതന്നെ നല്‍കുന്ന അന്ത്യശാസനമായിട്ടാണ് ഈ പ്രബോധനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
സീനായ്മലയില്‍ നിന്നു പുറപ്പെട്ടതു മുതലുള്ള സംഭവങ്ങള്‍ മോശെ വിവരിക്കുന്നു; വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനെ ശക്തമായി എതി൪ക്കുന്നു; നിയമങ്ങള്‍ അനുസരിക്കുന്നതിന്‍റെ ആവശ്യകത യുക്തിപൂര്‍വം സമർത്ഥിക്കുന്നു. ദൈവം ദാനങ്ങള്‍ നല്‍കുന്നതിൽ ഉദാരനും വാഗ്ദത്തങ്ങളിൽ വിശ്വസ്തനുമാണ്. അവിടുന്നു തന്‍റെ ജനത്തെ സ്‌നേഹിക്കുന്നു; പ്രമാണങ്ങള്‍ പാലിച്ച് വിശ്വസ്തത കാണിക്കുകയാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട പ്രതികരണം. നിയമത്തിന്‍റെ ബാഹ്യമായ അനുഷ്ഠാനത്തിലുപരി, അതിന്‍റെ ഹൃദയപൂര്‍വമായ നിർവ്വഹണം വഴിയാണ് ഈ കടമ നിറവേറ്റേണ്ടത്. നിയമം ആന്തരികമാണ്. അതിന്‍റെ കാതൽ നീതിയും സ്നേഹവും. ക്രിസ്തു ഏറ്റവും അധികം ഉദ്ധരിച്ചിട്ടുള്ള പഴയനിയമഗ്രന്ഥം ആവര്‍ത്തനമാണ്.
ഘടന
1:1 - 11: മോശെയുടെ പ്രബോധനങ്ങൾ (യിസ്രായേലും ദൈവവുമായുള്ള ബന്ധത്തിന്‍റെ അവലോകനം, ആ ബന്ധം ഭദ്രമാക്കാനുള്ള ആഹ്വാനം)12:1 – 26. നിയമസമാഹാരം 27:1 – 28. കാനാന്‍ദേശത്തു പ്രവേശിക്കുന്നതിനുള്ള നിര്‍ദേശങ്ങൾ 29:1 – 30. ഉടമ്പടി നവീകരണം31:1 - 33, 29 : മോശെയുടെ അന്തിമവചസ്സുകൾ34, - 12 : മോശെയുടെ മരണം തുടങ്ങിയവ..... . മുപ്പത്തിനാല് അദ്ധ്യായങ്ങളുള്ള ഈ പുസ്തകത്തിന്‍റെ രചന ബിസി 1406 ൽ മോശെ നിര്‍വ്വഹിച്ചിട്ടുള്ളതാണ്. ഈ പുസ്തകത്തിലെ പ്രധാന വാക്യം 7:9 ആകുന്നു.


@@@@@

പഴയ നിയമം

6 യോശുവ (യഹോവ രക്ഷയാകുന്നു)


ഉള്ളടക്കം

വാഗ്ദത്തഭൂമിയിലേക്കു ദൈവജനത്തെ നയിക്കുന്നതിനോ അവിടെ കാലുകുത്തുന്നതിനോ ദൈവം മോശെയെ അനുവദിച്ചില്ല. ദൂരെനിന്നു ദേശം നോക്കിക്കാണാന്‍ മാത്രമേ അദ്ദേഹത്തിനു സാധിച്ചുള്ളു. എന്നാല്‍ വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം വാഗ്ദത്തഭൂമി യിസ്രായേൽ ജനത്തിനു നല്‍കുകതന്നെ ചെയ്തു. മോശയുടെ പിന്‍ഗാമിയായി ദൈവം തിരഞ്ഞെടുത്തത് യോശുവയെയാണ്. കനാന്‍ദേശം കൈയടക്കുക, അത് യിസ്രായേൽ ഗോത്രങ്ങള്‍ക്കു ഭാഗിച്ചു കൊടുക്കുക എന്നീ ശ്രമകരമായ രണ്ടു ദൗത്യങ്ങളാണ് യോശുവ നിർവ്വഹിക്കേണ്ടിയിരുന്നത്. ഈ ദൗത്യനിർവ്വഹണത്തിന്‍റെ ചരിത്രമാണ് യോശുവയുടെ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നത്.
വാഗ്ദത്തഭൂമി കരസ്ഥമാക്കാനായി ജനത്തെ നയിച്ച യോശുവയുടെ പേരിലാണ് ഗ്രന്ഥം അറിയപ്പെടുന്നത്. മോശെയുടെ പിന്‍ഗാമിയാകാനുള്ള തന്‍റെ യോഗ്യത ധീരതയിലൂടെ യോശുവ പ്രകടമാക്കി. കനാന്‍ദേശം ഒറ്റുനോക്കാന്‍ മോശെ അയച്ചവരിൽ യോശുവയും കാലേബും മാത്രമേ അവസരത്തിനൊത്തുയര്‍ന്നുള്ളു.
ബിസി. പതിമൂന്നാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിൽ യിസ്രായേൽ കാനാൻ ദേശത്തു പ്രവേശിച്ചു എന്നാണ് പൊതുവേയുള്ള അഭിപ്രായം. ബിസി. ആറാംനൂറ്റാണ്ടില്‍ ബാബേൽപ്രവാസ കാലത്താണ് പാരമ്പര്യങ്ങൾ ശേഖരിച്ച് ഗ്രന്ഥകാരൻ യോശുവയ്ക്ക് അന്തിമരൂപം നല്‍കിയത്. ആശയറ്റ ജനത്തിനു പ്രത്യാശ നല്‍കുകയും ദൈവത്തിന്‍റെ വിശ്വസ്തത അവരെ ബോധ്യപ്പെടുത്തുകയുമാണ് ഗ്രന്ഥകാരന്‍റെ ലക്ഷ്യം.
ഘടന

വാഗ്ദത്തഭൂമി ആക്രമിച്ചു കീഴടക്കുന്നു. ദേശം ഗോത്രങ്ങള്‍ക്കു വിഭാഗിച്ചു കൊടുക്കുന്നു. യോശുവയുടെ അന്ത്യശാസനവും ശെക്കേമില്‍വച്ചുള്ള ഉടമ്പടി നവീകരണവും തുടങ്ങിയവ...... ഇരുപത്തിനാല് അദ്ധ്യായങ്ങളുള്ള ഈ പുസ്തകത്തിന്‍റെ രചന ബിസി 1390 നും1370 നും ഇടയിൽ യോശുവ നിര്‍വ്വഹിച്ചിട്ടുള്ളതാണ്. ഈ പുസ്തകത്തിലെ പ്രധാനപ്പെട്ട വാക്യങ്ങൾ 1:8 ,11:23, 24:15 എന്നിവ ആകുന്നു.

@@@@@

പഴയ നിയമം
7 ന്യായാധിപ‌ന്‍‍മാർ


ഉള്ളടക്കം

കാനാന്‍ദേശത്തു പ്രവേശിച്ച് വാസമുറപ്പിച്ച യിസ്രായേൽ ഗോത്രങ്ങളെ യോശുവയുടെ മരണത്തിനു ശേഷം ശൌലിന്‍റെ മരണം വരെയുള്ള കാലഘട്ടത്തിൽ ബാഹ്യശത്രുക്കളില്‍നിന്നു രക്ഷിക്കാൻ ദൈവത്താൽ നിയുക്തരായവരാണ് ന്യായാധിപന്‍മാർ. അവര്‍ ന്യായപാലകരായിട്ടല്ല, യുദ്ധവീരന്‍മാരായിട്ടാണ് അറിയപ്പെട്ടിരുന്നത്. ബിസി. പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭംമുതല്‍ പതിനൊന്നാം നൂറ്റാണ്ടിന്‍റെ അവസാനം വരെയാണ് ഇവരുടെ പ്രവര്‍ത്തനകാലം.
ജനം ദൈവത്തോട് അവിശ്വസ്തമായി വര്‍ത്തിച്ചപ്പോൾ ശത്രു പ്രബലപ്പെട്ടു. ദൈവം അവരെ ശത്രുക്കള്‍ക്ക് ഏൽപ്പിച്ചു കൊടുത്തു. കനാന്യർ, മൊവാബ്യർ, അമ്മോന്യര്‍, മിദ്യാന്യർ, ഫെലിസ്ത്യർ എന്നിവരായിരുന്നു അവരുടെ പ്രധാന ശത്രുക്കള്‍. എന്നാല്‍ അവർ ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോൾ അവിടുന്ന് അവരുടെ മദ്ധ്യേനിന്ന്‌ ന്യായാധിപന്‍മാരെ ഉയര്‍ത്തി അവരെ മോചിപ്പിച്ചു. തങ്ങളുടെ ദൈവമായ യഹോവയെ മറന്ന് ബാല്‍ദേവന്‍മാരെയും അശേരാപ്രതിഷ്ഠകളെയും സേവിച്ചുകൊണ്ട് യിസ്രായേൽ യഹോവയുടെ മുമ്പാകെ തിന്‍മചെയ്തു........... അവിടുന്ന് അവരെ മെസൊപ്പൊത്തോമിയാ രാജാവായ കൂശൻരിശാഥയീമിന്‍റെ കൈകളിൽ ഏൽപ്പിച്ചു.........യിസ്രായേല്‍ജനം കര്‍ത്താവിനോടു നിലവിളിച്ചു........... കെനസിന്‍റെ പുത്രൻ ഒത്നിയേലിനെ കര്‍ത്താവ് അവര്‍ക്കു മോചകനായി നിയമിക്കുകയും അവന്‍ അവരെ മോചിപ്പിക്കുകയും ചെയ്തു (ന്യായാ 3:7-9). പുസ്തകത്തിലുടനീളം കാണുന്ന രക്ഷാകരചരിത്രത്തിന്‍റെ മാതൃകയാണിത്.
ഒത്നിയേൽ, ഏഹൂദ്, ശംഗർ, ദെബോറ- ബാരാക്ക്, ഗിദെയോൻ, തോല, യായിർ, യിഫ്താഹ്, ഇബ്‌സാൻ, ഏലോന്‍, അബ്‌ദോൻ, ശിംശോൻ എന്നിങ്ങനെ ദൈവപ്രേരണയാല്‍ യിസ്രായേലിന്‍റെ വിമോചകരായി വര്‍ത്തിച്ച പന്ത്രണ്ടു നേതാക്കന്‍മാരുടെ ചരിത്രമാണ്‌ ന്യായാധിപന്‍മാരുടെ ഗ്രന്ഥം. യിസ്രായേലിനെ നയിച്ച അവസരങ്ങളിൽ ദൈവശക്തിയാണ് അവരിൽ പ്രവര്‍ത്തിച്ചത്. ശിംശോൻ, യിഫ്താഹ്, ഗിദെയോൻ, ബാരാക്ക്, ഏഹൂദ് എന്നിവരുടെ ചരിത്രങ്ങൾ താരതമ്യേന നീണ്ടതാണ്. ശിംശോൻ, ഗിദെയോൻ തുടങ്ങി ഏതാനും ന്യായാധിപന്‍മാരുടെ കാലത്തു മാത്രമേ ഗോത്രങ്ങൾ സംഘടിതമായി ശത്രുവിനെ നേരിടേണ്ടി വന്നിട്ടുള്ളു. മറ്റുള്ളവര്‍ പ്രധാനമായും തങ്ങളുടെ തന്നെ ഗോത്രങ്ങളുടെ വിമോചകരായിരുന്നു.
ഘടന
1:1 – 3. യോശുവയുടെ കാലത്തിനുശേഷം കനാൻ ദേശത്തിന്‍റെ സ്ഥിതി 3:7 – 16. ന്യായാധിപന്‍മാരുടെ ചരിത്രം 17:1 – 21. ദാന്‍, ബെന്യാമീന്‍ ഗോത്രങ്ങൾ.ഇരുപത്തിയൊന്നു അദ്ധ്യായങ്ങളുള്ള ഈ പുസ്തകത്തിന്‍റെ രചന ബിസി 1060 നും1050 നും ഇടയിൽ ശമുവേൽ നിര്‍വ്വഹിച്ചിട്ടുള്ളതാണ്. ഈ പുസ്തകത്തിലെ പ്രധാനപ്പെട്ട വാക്യങ്ങൾ 17:6 ,21:25 എന്നിവ ആകുന്നു.

@@@@@@@
പഴയനിയമം
8 രൂത്ത് (സ്നേഹിത)


ഉള്ളടക്കം

യഹൂദവംശജയല്ലാത്തവളും മോവാബ്യയുമായ രൂത്തിന്‍റെ പേരിൽ പഴയനിയമത്തിലെ ഒരു പുസ്തകം അറിയപ്പെടുക അസാധാരണമാണ്. സുകൃതിനിയും വിശ്വസ്തയുമായ രൂത്തിനെ യിസ്രായേലിന്‍റെ

ദൈവമായ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചു. രൂത്തിന്‍റെ ഭര്‍ത്താവ് ഒരു യിസ്രായേല്‍ക്കാരനായിരുന്നു. രൂത്ത്, തന്‍റെ ഭര്‍ത്താവും, വിധവയായ അമ്മായിയമ്മ നൊവൊമിയും ഒരുമിച്ചു മോവാബിൽ വസിക്കുമ്പോൾ ഭര്‍ത്താവ് മരിച്ചു. നൊവൊമി ജെറുശലെമിലേക്കു തിരിച്ചുപോന്നപ്പോൾ രൂത്ത് തന്‍റെ ഭര്‍ത്താവിന്‍റെ ദൈവത്തോടും അമ്മായിയമ്മയോടും വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് അവളോടൊപ്പം ജെറുശലെമിലേക്കു പോന്നു. ദൈവം അവളെ അനുഗ്രഹിച്ചു. വിശ്വസ്തതയ്ക്ക് അവൾ ഒരു മാതൃകയായിത്തീര്‍ന്നു. അവിടെ അവള്‍ മരിച്ചുപോയ തന്‍റെ ഭര്‍ത്താവിന്‍റെ ബന്ധുവും സമ്പന്നനുമായ ബോവസിന്‍റെ ഭാര്യയായി. അതുവഴി അവളുടെ പേരു ദാവീദിന്‍റെ പിതാക്കന്‍മാരുടെ പട്ടികയിലും യേശുവിന്‍റെ വംശാവലിയിലും ഉള്‍പ്പെട്ടു. ദൈവത്തിന്‍റെ രക്ഷാകരപദ്ധതി സാർവ്വത്രികമാണ് എന്നതിന്‍റെ സൂചന ഇതുവഴി നമുക്കു ലഭിക്കുന്നു. നാല് അദ്ധ്യായങ്ങളുള്ള ഈ പുസ്തകത്തിന്‍റെ രചന ബിസി 1060 നും1030 നും ഇടയിൽ ശമുവേൽ നിര്‍വ്വഹിച്ചിട്ടുള്ളതാണ്. ഈ പുസ്തകത്തിലെ പ്രധാനപ്പെട്ട വാക്യങ്ങൾ 1:16,17 എന്നിവ ആകുന്നു.

@@@@@@@


9,10. (1,2. ശമുവേൽ) (ദൈവത്തോട് ചോദിച്ചു
വാങ്ങിയവൻ) ഉള്ളടക്കം


അവസാനത്തെ ന്യായാധിപനായ ശമുവേലിന്‍റെ കാലം മുതൽ ദാവീദിന്‍റെ ഭരണത്തിന്‍റെ അവസാനം വരെയുള്ള ചരിത്രമാണു ശമുവേലിന്‍റെ പേരിലുള്ള രണ്ടു പുസ്തകങ്ങളുടെ ഉള്ളടക്കം. 1 - 2 ശമുവേൽ. 1 - 2 രാജാക്കന്‍മാർ എന്നീ പുസ്തകങ്ങൾ 1 - 4 രാജാക്കന്‍മാർ എന്ന പേരിലാണ് ഗ്രീക്കു പരിഭാഷയിൽ പ്രത്യക്ഷപ്പെടുന്നത്. ചില ആധുനിക വിവര്‍ത്തനങ്ങളും ഈ പാരമ്പര്യം സ്വീകരിച്ചു കാണുന്നു.
ബിസി.1050-നോടു കൂടി യിസ്രായേലിനു ഫെലിസ്ത്യരുടെ ഭീഷണി വര്‍ധിച്ചു. ന്യായാധിപന്‍മാരുടെ നേതൃത്വത്തിൽ ഫെലിസ്ത്യരെ അവിടവിടെ അമര്‍ച്ച ചെയ്യാൻ സാധിച്ചെങ്കിലും ശാശ്വതപരിഹാരം ഉണ്ടായില്ല. മറ്റു ജനതകളുടേതുപോലെ ഒരു രാജാവുണ്ടായാൽ തങ്ങള്‍ക്കു സമാധാനവും ഐശ്വര്യവും ലഭിക്കുമെന്ന് ജനം പ്രതീക്ഷിച്ചു. ശമുവേലിന്‍റെ പുത്രന്‍മാരുടെ നേതൃത്വം ജനത്തിനു സ്വീകാര്യമായില്ല. തങ്ങള്‍ക്കൊരു രാജാവ് വേണമെന്ന് അവര്‍ ശഠിച്ചു (1 ശമുവേൽ 8: 5). കര്‍ത്താവല്ലാതെ മറ്റൊരു രാജാവ് ആവശ്യമില്ല എന്ന അഭിപ്രായമാണ് ശമുവേലിനുണ്ടായിരുന്നതെങ്കിലും ജനഹിതമനുസരിച്ചു പ്രവര്‍ത്തിക്കാൻ അദ്ദേഹത്തിനു യഹോവയുടെ നിർദ്ദേശം ലഭിച്ചു. ശമുവേൽ ശൌലിനെ രാജാവായി അഭിഷേകം ചെയ്തു

(1 ശമുവേൽ 10:1).
ഫെലിസ്ത്യര്‍ക്കെതിരേയുള്ള യുദ്ധങ്ങളിൽ വിജയം വരിച്ചെങ്കിലും ദൈവഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതുകൊണ്ട് ശൌൽ തിരസ്‌കൃതനായി. പകരം യിശ്ശായിയുടെ പുത്രനായ ദാവീദിനെ ശൌൽ അറിയാതെ ശമുവേൽ അഭിഷേകംചെയ്തു.

(1ശമുവേൽ 16:13).

ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ മുറിവേറ്റ ശൌൽ സ്വന്തം വാളിൽ വീണു മരിച്ചു.
ദാവീദ് ഹെബ്രോനില്‍വച്ച് പരസ്യമായി അഭിഷിക്തനായി, അവിടെ ഏഴുവര്‍ഷം ഭരിച്ചു

( 2 ശമുവേൽ 2: 1-10). തുടര്‍ന്നു തലസ്ഥാനം ജെറുശലെമിലേക്കു മാറ്റി. ആകെ നാല്‍പതു വര്‍ഷം ദീര്‍ഘിച്ച ദാവീദിന്‍റെ ഭരണകാലം (1010 - 970) സംഭവബഹുലമായിരുന്നു. ശൌലിന്‍റെ മകൻ ഈശ്-ബോശെത്തും സ്വന്തം മകൻ അബ്‌ശലോമും സിംഹാസനം തട്ടിയെടുക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. ബാഹ്യശത്രുക്കളായ ഫെലിസ്ത്യർ, അമാലേക്യർ, മോവാബ്യർ, ഏദോമ്യർ എന്നിവരെയെല്ലാം തോൽപ്പിച്ച് ദാവീദ് രാജ്യത്ത് സമാധാനം സ്ഥാപിച്ചു. യിസ്രായേലിൽ ഐശ്വര്യം കളിയാടി. ഐശ്വര്യം കൈവന്നപ്പോള്‍ ദാവീദ് യഹോവക്ക് ഒരാലയം പണിയാൻ ആഗ്രഹിച്ചു. എന്നാല്‍, നാഥാൻ പ്രവാചകൻ വഴി യഹോവയായ കര്‍ത്താവ് അതു വിലക്കി. ദാവീദിന്‍റെ സിംഹാസനം എന്നേക്കും നിലനില്‍ക്കുമെന്ന വാഗ്ദാനം നാഥാന്‍വഴി യഹോവ നല്‍കി. വരാനിരിക്കുന്ന രക്ഷകന്‍ ദാവീദിന്‍റെ പുത്രൻ ആയിരിക്കുമെന്ന വിശ്വാസത്തിന്‍റെ ഉറവിടം ഇവിടെയാണ്.
നീതിനിഷ്ഠനായ രാജാവായിരുന്നെങ്കിലും പാപവുമൊത്തുള്ള ജീവിത നിമിഷങ്ങൾ ദാവീദിന്‍റെ ജീവിതത്തിലുണ്ടായി. ഊരിയാവിന്‍റെ ഭാര്യയായ ബെത്‌ശേബയെ സ്വന്തമാക്കുവാൻ ദാവീദ് കാട്ടിയ വന്‍ചതി നാഥാന്‍റെ ശക്തമായ വിമര്‍ശനത്തിനു വിഷയമായി. തെറ്റു മനസ്സിലാക്കിയ ദാവീദ് ഉള്ളുരുകി അനുതപിച്ചു (സങ്കീ 51). ദാവീദിന് ബെത്‌ശേബയിൽ ജനിച്ച പുത്രനാണ് കിരീടാവകാശിയായിത്തീര്‍ന്ന ശലോമോൻ. ദൈവഹിതത്തിനു വിരുദ്ധമായി ജനസംഖ്യയെടുത്തതിനു ശിക്ഷയായി വന്ന മഹാമാരിയില്‍നിന്നു ജനത്തെ രക്ഷിക്കണമേ എന്ന യാചനയുമായി യാഗമര്‍പ്പിക്കുന്ന ദാവീദിനെയാണ് രണ്ടാം പുസ്തകത്തിന്‍റെ അവസാന ഭാഗത്തു കാണുക (24: 25).
ഘടന

1 ശമുവേൽ 1 - 3 : ശമുവേൽ ബാല്യകാലം;

4 - 7 : ശമുവേൽ ന്യായാധിപൻ ‍;

8 - 12 : ശൌൽ രാജാവാകുന്നു;13 - 15 : ശൌലിന്‍റെ ഭരണത്തിന്‍റെ ആദ്യവര്‍ഷങ്ങൾ; 16 - 30 : ശൌലും ദാവീദും;31:1 - 13 : ശൌലിന്‍റെ അവസാനം.
2 ശമുവേൽ
1, 1 - 4: ദാവീദ് യഹൂദാ രാജാവ്;5:1 – 24. ദാവീദ് യിസ്രായേൽ മുഴുവന്‍റെയും രാജാവ്;5:1 – 10

ആദ്യ വര്‍ഷങ്ങൾ,

ദാവീദും ബെത്‌ശേബയും;11:1-3 സിംഹാസനത്തിനു ഭീഷണികള്‍; അവസാന നാളുകള്‍. ആകെ അമ്പത്തിയഞ്ചു (31+24) അദ്ധ്യായങ്ങളുള്ള ഈ പുസ്തകങ്ങളുടെ രചന ബിസി 1060 നും1010 നും ഇടയിൽ ശമുവേൽ, നാഥാന്‍, ഗാദ് തുടങ്ങിയവർ നിര്‍വ്വഹിച്ചിട്ടുള്ളതാണ്. ഈ പുസ്തകത്തിലെ പ്രധാനപ്പെട്ട വാക്യങ്ങൾ(1) 1:16,17 എന്നിവയും (2) 5:12, 7:12,13,22:21 എന്നിവയും ആകുന്നു.

@@@@@

പഴയനിയമം

11.12. (1. 2.) രാജാക്കന്‍മാർ


ഉള്ളടക്കം

ശമുവേലിന്‍റെ ജനനംമുതൽ ദാവീദ്‌ രാജാവിന്‍റെ ഭരണകാലം ഉള്‍പ്പെടെയുള്ള കാലത്തെ യിസ്രായേൽ ചരിത്രമാണ്, ഒന്നും രണ്ടും ശമുവേലിന്‍റെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. ഭരണമേല്‍ക്കുന്നതു മുതൽ ബി.സി. 587-ല്‍ യെരുശലേം നശിക്കുന്നതുവരെയുള്ള ചരിത്രമാണ് 1 - 2 രാജാക്കന്‍മാരുടെ പുസ്തകത്തിന്‍റെ ഉള്ളടക്കം.
ശലോമോന്‍റെ ഭരണകാലത്ത് യിസ്രായേൽജനം ഐശ്വര്യത്തിലും സമാധാനത്തിലും കഴിഞ്ഞു. ശലോമോന്‍റെ ജ്ഞാനം എക്കാലത്തും പ്രകീര്‍ത്തിക്കപ്പെടുന്നു. രക്ഷകനെക്കുറിച്ചു ദാവീദിനോടു ചെയ്ത വാഗ്ദാനം, നിന്‍റെ സന്തതിയെ ഞാൻ ഉയര്‍ത്തും ( 2 ശമു 7 - 12), ആദ്യമായി ശലോമോനിൽ നിറവേറി. ദാവീദ് പണിയാന്‍ ആഗ്രഹിച്ച ദേവാലയം ശലോമോൻ നിര്‍മിച്ചു. എന്നാല്‍ വിജാതീയഭാര്യമാ൪ അവസാനനാളുകളിൽ ശലോമോനെ അന്യദേവന്‍മാരിലേക്കു തിരിച്ചു.(നെഹമ്യാവ് 13:26) അദ്ദേഹത്തിനു ധാരാളം എതിരാളികളുമുണ്ടായി.
യിസ്രായേൽ വിഭജനം
ശലോമോന്‍റെ ഭരണത്തിനു ശേഷം മകൻ രെഹബെയാമിന് എല്ലാ ഗോത്രങ്ങളെയും ഇണക്കി കൊണ്ടുപോകാന്‍ സാധിച്ചില്ല. 931 - ല്‍ യഹൂദാ, (തെക്കേ രാജ്യം) യിസ്രായേൽ (വടക്കേരാജ്യം) എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി ദേശം വിഭജിക്കപ്പെട്ടു, യഹൂദാ - ബെന്യാമിൻ ഗോത്രങ്ങൾ ഒരു വശത്ത്, മറ്റ് പത്തു ഗോത്രങ്ങൾ മറുവശത്ത്. യഹൂദായുടെ തലസ്ഥാനം യെറുശലേമും യിസ്രായേലിന്‍റെ തലസ്ഥാനം ശമരിയയുമായിരുന്നു. പരസ്പരവിദ്വേഷം അവരെ ദുര്‍ബലരാക്കി. ദൈവഹിതത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച അവരെ ദൈവം പലപ്പോഴും ശിക്ഷിച്ചു. പക്ഷേ, ഇരു ദേശങ്ങളുടെയും സ്വതന്ത്രമായ രാഷ്ട്രീയ നിലനില്‍പ് അവസാനിപ്പിക്കുന്നതുവരെ അവർ ദൈവത്തിങ്കലേക്കു പിൻതിരിഞ്ഞില്ല. ബിസി. 931 മുതൽ 721 വരെ പതിനെട്ടു രാജാക്കന്‍മാർ യിസ്രായേലിൽ ഭരണം നടത്തി. യിസ്രായേലിലെ എല്ലാ രാജാക്കന്‍മാരും ദൈവഹിതത്തിനെതിരായി പ്രവര്‍ത്തിച്ചവരാണ്. ആഹാബ് രാജാവിന്‍റെ കാലത്താണ് യിസ്രായേൽ ദൈവത്തില്‍നിന്ന് ഏറ്റവും അധികം അകന്നുപോയത്. ബിസി. 721 - ല്‍ യിസ്രായേൽ നശിപ്പിക്കപ്പെട്ടു. യഹൂദായുടെ സ്ഥിതിയും വളരെ വ്യത്യസ്തമായിരുന്നില്ല. വിഗ്രഹാരാധന നിര്‍ത്തലാക്കാൻ ഏതാനും രാജാക്കന്‍മാൻ പരിശ്രമിച്ചു. അവരില്‍ യോശിയാരാജാവിന്‍റെ പരിഷ്‌കാരങ്ങൾ സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നു. എന്നാൽ ഭൂരിപക്ഷം രാജാക്കന്‍മാരും യിസ്രായേൽ രാജാക്കന്‍മാരെപ്പോലെ ദൈവഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചവരാണ്.
യഹൂദയിലും യിസ്രായേലിലും ഈ കാലഘട്ടത്തിൽ പ്രവാചകന്‍മാർ ശക്തമായി പ്രവര്‍ത്തിച്ചിരുന്നു. വിഗ്രഹാരാധനയിൽനിന്നും വിജാതിയ രാജാക്കന്‍മാരുമായുള്ള കൂട്ടുകെട്ടിൽനിന്നും രാജാവിനെയും ജനത്തെയും പിന്തിരിപ്പിക്കുന്നതിന് അവ൪ ശ്രമിച്ചു. ദൈവത്തിന്‍റെ ശിക്ഷാവിധിയെക്കുറിച്ച് അവര്‍ മുന്നറിയിപ്പു നല്‍കി. ഏലിയാവ്, എലീശാ, ആമോസ്, ഹോശേയാ എന്നിവർ യിസ്രായേലിലും യെശയ്യാവ്, യിരെമ്യാവ് എന്നിവർ യഹൂദയിലും ചെയ്ത് കഠിനപ്രയത്‌നങ്ങള്‍ക്കു ഫലമുണ്ടായില്ല. 587-ല്‍ യെരുശലേം സഗരവും ദേവാലയവും നശിപ്പിക്കപ്പെട്ടു. യഹൂദര്‍ ബാബേലിന്‍റെ അടിമകളും പ്രവാസികളും ആയി. യഹൂദാരാജ്യത്തിന്‍റെ രാഷ്ട്രീയാസ്തിത്വം അവസാനിച്ചു.
1 രാജാക്കന്‍മാർ
ശലോമോന്‍റെ മരണം.
ദാവീദിന്‍റെ അനന്തരാവകാശി, ഭരണത്തിന്‍റെ ആദ്യവര്‍ഷങ്ങൾ, ദേവാലയ നിര്‍മ്മാണം,ശലോമോന്‍റെ അവസാനനാളുകള്‍.
വിഭജിക്കപ്പെട്ട രാജ്യം, ഉത്തരഗോത്രങ്ങൾ ഭിന്നിക്കുന്നു.: യഹൂദാ - യിസ്രായേൽ രാജാക്കന്‍മാർ, ഏലിയാപ്രവാചകന്‍ ,ആഹാബ്, യെഹോശാഫാത്ത്, ആഹാസ്
2 രാജാക്കന്‍മാർ
വിഭക്തരാജ്യം, ഏലീശാ പ്രവാചകൻ. യഹൂദാ - യിസ്രായേൽ രാജാക്കന്‍മാർ, ശമരിയായുടെ പതനം .
യഹൂദാരാജാക്കന്‍മാർ , യെരുശലേമിന്‍റെ പതനം. ആകെ നാല്‍പ്പത്തിയേഴു (22+25) അദ്ധ്യായങ്ങളുള്ള ഈ പുസ്തകങ്ങളുടെ രചന ബിസി 600 നും580 നും ഇടയിൽ യിരെമ്യാവു നിര്‍വ്വഹിച്ചിട്ടുള്ളതാണ്. ഈ പുസ്തകങ്ങളിലെ പ്രധാന വാക്യങ്ങൾ (1) 9:4,4,11:11 എന്നിവയും (2) 17:14,23--- 23:27 എന്നിവയും ആകുന്നു.

@@@@

13.14 (1,2.) ദിനവൃത്താന്തം


ഉള്ളടക്കം

ശമുവേൽ, രാജാക്കന്‍മാർ എന്നീ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നകാലത്തിന്‍റെയും വ്യക്തികളുടെയും ചരിത്രമാണ് 1 - 2 യെരുശലേമിന്‍റെ നാശം വരെയുള്ള ചരിത്രം. ഗ്രീക്ക് - ലത്തീ൯ പരിഭാഷകളിൽ 'പാരലിപോമെന' - വിട്ടുപോയ കാര്യങ്ങള്‍ - എന്നാണ് ഗ്രന്ഥങ്ങള്‍ക്കു പേരു നല്‍കിയിരിക്കുന്നത്. എന്നാല്‍ ശമുവേലിലും രാജാക്കന്‍മാരിലും വിട്ടുപോയ കാര്യങ്ങളോ അവയുടെ വസ്തുനിഷ്ഠമായ ആവര്‍ത്തനമോ അല്ല ദിനവൃത്താന്തം. പ്രവാസത്തില്‍നിന്നു തിരിച്ചെത്തിയതിനുശേഷം യിസ്രായേൽജനം മുന്‍കാലചരിത്രത്തിനു നല്‍കുന്ന വ്യാഖ്യാനമാണ് അത് എന്നു പറയുന്നതില്‍ തെറ്റില്ല.
വളരെയേറെ വിപത്തുകള്‍ യിസ്രായേൽ ജനത്തിനു വന്നുഭവിച്ചു. ജനത്തിന്‍റെ അവിശ്വസ്തതയാണ് അതിനെല്ലാം കാരണം. എന്നാല്‍ വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം രക്ഷാകരചരിത്രത്തെ മുന്‍പോട്ടു നയിക്കുന്നു. ദാവീദ്, ശലോമോന്‍, യെഹോശാഫാത്ത്, ഹിസ്ക്കിയാവ്, യോശിയാവ് എന്നിങ്ങനെ ദൈവത്തോടു വിശ്വസ്തത പുലര്‍ത്തിയിട്ടുള്ള വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെയും നേട്ടങ്ങളെയും ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു.
രാഷ്ട്രീയമായി പൂര്‍ണമായ സ്വാതന്ത്ര്യമില്ലായിരുന്നെങ്കിലും പുരോഹിത നേതൃത്വത്തില്‍ നിയമം, ദേവാലയം, ആരാധനാവിധികൾ എന്നിവയിൽ അധിഷ്ഠിതമായി സാമൂഹികജീവിതം നയിച്ചിരുന്ന കാലഘട്ടമാണ്, പ്രവാസത്തിനു ശേഷമുള്ള കാലം. യഹൂദാഗോത്രം, ദാവീദിന്‍റെ വംശം, ലേവ്യര്‍, യെരുശലേം നഗരം, ദേവാലയം എന്നിവയെ രക്ഷാകര പദ്ധതിയുമായി അഭേദ്യമായി ബന്ധപ്പെടുത്തിക്കൊണ്ട് എഴുതിയിട്ടുള്ള ഈ ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് എസ്രാപുരോഹിതൻ ആണ്. ബി.സി. 458നും 430ഇടയിലാണ് ഗ്രന്ഥരചന നടത്തിയിട്ടുള്ളത്.
ഘടന
1 ദിനവൃത്താന്തം
1, 1 - 9, 44 : വംശാവലിപ്പട്ടിക( യഹൂദാഗോത്രം, ദാവീദിന്‍റെ കുടുംബം, ലേവ്യര്‍, യെരുശലേം നിവാസികൾ എന്നിവയ്ക്കു പ്രത്യേക പരിഗണന )
10, 1 - 14 : ശൌലിന്‍റെ അവസാനം
11, 1 - 29, 30 : ദാവീദിന്‍റെ ഭരണം( നാഥാന്‍റെ പ്രവചനം (17), ദാവീദിന്‍റെ മതപരമായ പ്രവര്‍ത്തനങ്ങൾ, ദേവാലയ നിര്‍മാണത്തിനുള്ള ഒരുക്കങ്ങൾ 21 - 29 എന്നിവയ്ക്കു പ്രാധാന്യം ).
2 ദിനവൃത്താന്തം
1, 1 - 9, 31 : ശലോമോന്‍റെ ഭരണം (ദേവാലയനിര്‍മാണം, പ്രതിഷ്ഠാസമയത്തു ശലോമോന്‍റെ പ്രാര്‍ഥന, ദൈവത്തില്‍ നിന്നുള്ള പ്രത്യുത്തരം )
10, 1 - 19 : ഉത്തരഗോത്രങ്ങള്‍ വേര്‍പെടുന്നു.
11, 1 - 36, 12 : യഹൂദാരാജാക്കന്‍മാർ ( ദാവീദിന്‍റെ മാതൃക, ഉടമ്പടിയോടുള്ള വിശ്വസ്തത എന്നിവ മാനദണ്ഡമായി സ്വീകരിച്ചുകൊണ്ടു രാജ്യഭരണം വിലയിരുത്തുന്നു ).

36, 13 - 23 : ജെറുശെലെമിന്‍റെ പതനം.

അറുപത്തിയഞ്ചു (29+36) അദ്ധ്യായങ്ങളുള്ള ഈ പുസ്തകങ്ങളുടെ രചന ബിസി 458 നും 430 നും ഇടയിൽ എസ്രാ നിര്‍വ്വഹിച്ചിട്ടുള്ളതാണ്. ഈ പുസ്തകങ്ങളിലെ പ്രധാന വാക്യങ്ങൾ(1)14:2,17:12 (2) 7:14,16:19 എന്നിവ ആകുന്നു.

@@@@


15.16 എസ്രാ, നെഹെമ്യാവു


ഉള്ളടക്കം

ദിനവൃത്താന്ത ഗ്രന്ഥങ്ങളിലെ ചരിത്രത്തിന്‍റെ തുടര്‍ച്ചയാണ് എസ്രാ - നെഹെമിയാ. ബിസി. 538 -ല്‍ ബാബേൽസാമ്രാജ്യം പേര്‍ഷ്യാക്കാര്‍ക്കു കീഴടങ്ങി. പ്രവാസികളായ യഹൂദര്‍ക്ക് ജെറുശലെമിലേക്കു തിരിച്ചു പോകുന്നതിനും അവിടെച്ചെന്നു ദേവാലയം വീണ്ടും നിര്‍മിക്കുന്നതിനും അനുവദിക്കുന്ന വിളംബരം പേര്‍ഷ്യൻ രാജാവായ കോരെശ് പുറപ്പെടുവിച്ചു. തിരിച്ചുപോയ ആദ്യ ഗണം പ്രവാസികൾ ബിസി. 515 -ല്‍ ദേവാലയം പണിതീര്‍ത്തു പ്രതിഷ്ഠിച്ചു. ദേവാലയം നിര്‍മിക്കുന്നതിനും ജെറുശലെമിന്‍റെ മതിലുകളുടെ പണി പൂര്‍ത്തിയാക്കുന്നതിനും ശമരിയാക്കാരിൽ നിന്നുണ്ടായ വളരെയേറെ പ്രതിബന്ധങ്ങള്‍ അവര്‍ക്കു തരണം ചെയ്യേണ്ടിയിരുന്നു. പേര്‍ഷ്യൻ രാജാവായ അർത്ഥഹ്ശഷ്ടാവിന്‍റെ കൊട്ടാരത്തിൽ യഹൂദരുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനു നിയുക്തനായിരുന്ന നിയമജ്ഞനായ എസ്രാ, മോശേയുടെനിയമം പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള ആധികാരിക രേഖകളോടെ രണ്ടാമതൊരു ഗണം പ്രവാസികളോടൊത്തു യെരുശലേമിലെത്തുന്നു. അദ്ദേഹത്തിന്‍റെ പേരിലാണ് എസ്രാഗ്രന്ഥം അറിയപ്പെടുന്നത്. വിദേശികളുമായി വിവാഹബന്ധത്തിലേര്‍പ്പെട്ട യഹൂദര്‍ക്കെതിരേ അദ്ദേഹം കര്‍ശന നടപടികൾ സ്വീകരിച്ചു.
അർത്ഥഹ്ശഷ്ടാവിന്‍റെ പാനപാത്രവാഹകനായിരുന്ന നെഹെമിയായും രാജാവിന്‍റെ അംഗീകാരത്തോടെ ജെറുശലെമിലെത്തി. അതിന്‍റെ മതിലുകളുടെ പണി പൂര്‍ത്തിയാക്കി. നെഹെമിയാ രാജാവിന്‍റെ ഉന്നത സ്ഥാനപതിയായി നിയമിതനായി. എസ്രാ നിയമഗ്രന്ഥം ജനങ്ങളുടെ മുന്‍പാകെ വായിച്ചു. എസ്രായും നെഹെമിയായും മതനവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ബാബേൽപ്രവാസത്തിനു ശേഷമുള്ള യഹൂദരുടെ പുനരുദ്ധാരണത്തെപ്പറ്റിയുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖകളാണ് ഈ ഗ്രന്ഥങ്ങൾ.
ഘടന എസ്രാ= (സഹായം)
1, 1 - 2, 70 : ആദ്യഗണം പ്രവാസികളുടെ തിരിച്ചുവരവ് (വിദേശികളുമായി വിവാഹബന്ധത്തിലേര്‍പ്പെട്ട യഹൂദര്‍ക്കെതിരേ കര്‍ശന നടപടി) 3, 1 - 6, 22 : ദേവാ ലയ പുനര്‍നിര്‍മാണം.7, 1 - 10, 44 : എസ്രാ പ്രവാസിക ളുമായി തിരിച്ചുവരുന്നു.
നെഹെമിയാ= (യഹോവ ആശ്വസിപ്പിക്കുന്നു)
1, 1 - 2, 20 : നെഹെമിയാ ജെറുശലെമിൽ തിരിച്ചെത്തു ന്നു.3, 1 - 7, 73 : യെരുശലേംമതിൽ പണിയുന്നു. 8, 1 - 10, 39 : എസ്രാ നിയമഗ്രന്ഥം വായിക്കുന്നു. ഉടമ്പടി നവീകരിക്കുന്നു.11, 1 - 13, 31 : നെഹെമിയായുടെ മറ്റു പ്രവര്‍ത്തനങ്ങൾ. ഇരുപത്തിമൂന്ന് (10+13) അദ്ധ്യായങ്ങളുള്ള ഈ പുസ്തകങ്ങളുടെ രചന ബിസി 457 നും 425 നും ഇടയിൽ എസ്രായും, നെഹെമിയാവും നിര്‍വ്വഹിച്ചിട്ടുള്ളതാണ്. ഈ പുസ്തകങ്ങളിലെ പ്രധാന വാക്യങ്ങൾ(1) 6:21,22- 7:10 (2) 6:15,16- 8:8 എന്നിവ ആകുന്നു. @@@@

പഴയനിയമം

17. എസ്ഥേർ (നക്ഷത്രം)

ഉള്ളടക്കം

പേര്‍ഷ്യൻ സാമ്രാജ്യത്തിൽ വാസമുറപ്പിച്ച യഹൂദർ സമൂലം നശിപ്പിക്കപ്പെടുമെന്നു ഭീഷണിയുണ്ടായി. ഒരു യുവതി വഴി വിസ്മയനീയമാം വിധം യഹൂദര്‍ക്കു വിമോചനം കൈവന്നു. അഹശ്വേരോശായിരുന്നു പേര്‍ഷ്യൻരാജാവ് (ബിസി. 485-465). അദ്ദേഹത്തിന്‍റെ ഉന്നതസ്ഥാനപതിയായിരുന്നു ഹാമാൻ. യഹൂദനായ മൊര്‍ദ്ദെഖായി രാജാവിന്‍റെ അന്തഃപ്പുരവിചാരിപ്പു കാരനായിരുന്നു. രാജാവ് രാജ്ഞി വസ്ഥിയിൽ അസംതൃപ്തനായി. അവള്‍ക്കു പകരം യഹൂദിയായ എസ്ഥേറിനെ രാജ്ഞിയാക്കി. എസ്ഥേർ മൊര്‍ദ്ദെഖായിയുടെ പിതൃസഹോദരന്‍റെ മകളും ദത്തുപുത്രിയുമാ യിരുന്നു. മൊര്‍ദ്ദെഖായിയിൽ അസൂയാലുവായിത്തീര്‍ന്ന ഹാമാൻ അയാളെ മാത്രമല്ല യഹൂദരെ ഒന്നടങ്കം നശിപ്പിക്കാനും തീരുമാനിച്ചു. രാജാവില്‍നിന്നു കൽപ്പന വാങ്ങി, അതിനായി ഒരു ദിവസം നിശ്ചയിച്ചു. എന്നാല്‍ മൊര്‍ദ്ദെഖായിയുടെ നിർദ്ദേശപ്രകാരം എസ്ഥേർ രാജസന്നിധിയിൽ പ്രവര്‍ത്തിച്ചു. മൊര്‍ദ്ദെഖായിയെ തൂക്കാൻ ഹാമാൻ നിർമ്മിച്ച കഴുമരത്തിൽ ഹാമാൻ തന്നെ തൂക്കപ്പെട്ടു. അയാളുടെ സ്ഥാനത്ത് മൊര്‍ദ്ദെഖായി നിയമിതനായി. യഹൂദര്‍ അനവധി ശത്രുക്കളെ നിഗ്രഹിച്ചു. വിജയസ്മരണയ്ക്കായി അവര്‍ പൂരിം ഉത്‌സവം ആഘോഷിച്ചു. വര്‍ഷംതോറും പൂരിം ആഘോഷിച്ചുവരുന്നു. യഹൂദരുടെ പ്രത്യേക ജീവിതരീതികളും മതാനുഷ്ഠാനങ്ങളും മുന്‍കാലങ്ങളിൽ അവര്‍ക്കു വരുത്തിയിട്ടുള്ള പ്രതിസന്ധികള്‍ക്ക് ഈ ഗ്രന്ഥം സാക്ഷ്യം നല്‍കുന്നു. അവര്‍ പലപ്പോഴും ഭരണാധികാരികളുടെ അപ്രീതി സമ്പാദിക്കുന്നതിനും മതപീഡനങ്ങൾ ഏല്‍ക്കുന്നതിനും ഇടയായി. യഹൂദജനത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നതിനും പൂരിം ഉത്‌സവത്തിന്‍റെ ഉദ്ഭവവും അര്‍ഥവും വിശദീകരിക്കുന്നതിനും ഈ ഗ്രന്ഥം സഹായിക്കുന്നു. യിസ്രായേൽ ജനത്തെ സമാശ്വസിപ്പിക്കുന്നതിന് ഗ്രന്ഥകര്‍ത്താവ് ഉദ്ദേശിക്കുന്നു. ദൈവം നിരന്തരമായി അവരെ പരിപാലിക്കുന്നു. അനുതപിച്ചു ദൈവത്തിലേക്കു തിരിയുമ്പോഴും വിശ്വസ്തരായി വര്‍ത്തിക്കുമ്പോഴും ദൈവം അവരെ പരിരക്ഷിക്കുന്നു. ബിസി. നാലാം നൂറ്റാണ്ടിന്‍റെ അവസാനഘട്ടത്തിലാണ് ഈ ഗ്രന്ഥം രചിച്ചത് എന്നു കരുതപ്പെടുന്നു. ഒരു ചരിത്രരേഖയായി എസ്ഥേർ അംഗീകരിക്കപ്പെട്ടിട്ടില്ല. ഹീബ്രുഭാഷയില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്‍റെ രണ്ടു മൂലരേഖകൾ നിലവിലുണ്ട്, ഹീബ്രുഭാഷയിലുള്ള ഒരു പകുതിയും നൂറ്റിയെട്ടു വാക്യങ്ങള്‍ കൂടുതലുള്ള ഒരു ഗ്രീക്കു വിവര്‍ത്തനവും. ഈ വിവര്‍ത്തനത്തിൽ കൂടുതലായി കാണുന്ന വാക്യങ്ങളും കാനോനിക ഗ്രന്ഥത്തിൽ പെടുത്തിയിട്ടുണ്ട്. ഈ ഭാഗങ്ങള്‍ കഥയുമായി യഥാസ്ഥാനം ചേര്‍ത്തിട്ടുള്ളതുകൊണ്ട് അദ്ധ്യായങ്ങൾ തുടര്‍ച്ചയായിട്ടല്ല കാണുന്നത്. പത്ത് അദ്ധ്യായങ്ങളുള്ള ഈ പുസ്തകംരചന ബിസി 483 നും 424 നും ഇടയിൽ മൊര്‍ദ്ദെഖായി നിര്‍വ്വഹിച്ചിട്ടുള്ളതാണ്. ഈ പുസ്തകങ്ങളിലെ പ്രധാന വാക്യങ്ങൾ 4:14,8:17 എന്നിവ ആകുന്നു.

@@@@

പഴയനിയമം

18. ഇയ്യോബ് (പീഡിതൻ)

ഉള്ളടക്കം

നീതിമാന്‍ എന്തിനു ക്ലേശങ്ങൾ സഹിക്കണം എന്ന സങ്കീർണ്ണമായ പ്രശ്‌നം അപഗ്രഥിച്ചു പരിഹാരം കാണാനുള്ള ശ്രമമാണു ഇയ്യോബിന്‍റെ പുസ്തകത്തിൽ കാണുന്നത്. ദൈവത്തിന്‍റെ വിശ്വസ്തദാസനായ, ഇയ്യോബ് സമ്പത്തിലും സന്താനങ്ങളിലും അനുഗൃഹീതനായിരുന്നു. അദ്‌ദേഹത്തെ പരീക്ഷിക്കാൻ ദൈവം സാത്താനെ അനുവദിക്കുന്നു. സമ്പത്തും സന്താനങ്ങളും നഷ്ടപ്പെട്ടപ്പോഴും ഇയ്യോബ് ദൈവഹിതത്തിനു കീഴ്‌വഴങ്ങുന്നു. അദ്ദേഹത്തിന്‍റെ ശരീരത്തിൽ വ്രണങ്ങൾ നിറഞ്ഞു. ഭാര്യപോലും അദ്‌ദേഹത്തെ പഴിക്കുകയും ദൈവത്തെ ശപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു (1 - 2). മൂന്നു സ്‌നേഹിതന്‍മാർ - എലീഫസ്, ബില്‍ദാദ്, സോഫർ - ഇയ്യോബിനെ ആശ്വസിപ്പിക്കാൻ എത്തി. ഇവരും ഇയ്യോബും തമ്മിലുള്ള സംഭാഷണം പദ്യരൂപത്തിൽ നാടകീയമായി ആവിഷ്‌കരിച്ചിരിക്കുന്നതാണു ഗ്രന്ഥത്തിന്‍റെഏറിയഭാഗവും (3 - 32). ദൈവനീതിയെക്കുറിച്ചാണ് ഇയ്യോബും കൂട്ടുകാരും സംസാരിക്കുന്നത്. സ്വന്തം പാപം നിമിത്തമാണ് ഇയ്യോബ് ക്ലേശങ്ങൾ സഹിക്കേണ്ടിവന്നതെന്ന് അവർ സമര്‍ഥിക്കുന്നു, അതായിരുന്നു പരമ്പരാഗതമായ ചിന്താഗതി. തന്‍റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള ശ്രമത്തില്‍ ഇയ്യോബിനു ദൈവനീതി മനസ്‌സിലാക്കാൻ സാധിക്കുന്നില്ല. എലീഹൂ എന്ന പുതിയൊരു കഥാപാത്രം പ്രത്യക്ഷപ്പെടുന്നു. ദൈവത്തിന്‍റെ മാര്‍ഗങ്ങളെ അദ്ദേഹം നീതീകരിക്കുന്നു (33 - 37). തുടര്‍ന്ന് ദൈവം തന്നെ ഇയ്യോബിനു ഉത്തരം നല്‍കുന്നു. ഇയ്യോബ് തന്‍റെ ഭോഷത്വം മനസ്‌സിലാക്കുന്നു (38 - 42).
ഇയ്യോബിനു ലഭിക്കുന്ന ഉത്തരം അപൂ൪ണ്ണമാണ്. പ്രപഞ്ചനിയന്താവായ ദൈവത്തിന്‍റെ ലക്ഷ്യങ്ങൾ മനുഷ്യബുദ്ധിക്ക് അപ്രാപ്യമാണ് എന്ന ഉത്തരമാണ് ഇയ്യോബിനു ലഭിക്കുന്നത്. നീതിമാന്‍റെ സഹനം അവന്‍റെ വിശ്വാസം പരീക്ഷിക്കുന്നതിനാണ്. ഇയ്യോബ് ദൈവത്തിലുള്ള വിശ്വസ്തതയുടെയും സുകൃതജീവിതത്തിന്‍റെയും മാതൃകയായി പ്രശോഭിക്കുന്നു. കഠിനമായ പ്രലോഭനങ്ങള്‍ക്കിടയിലും ഇയ്യോബ് അചഞ്ചലനായി നിലകൊണ്ടു.
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് നമുക്ക് അറിവൊന്നും ലഭിച്ചിട്ടില്ല. മോശെയോ, ഇയ്യോബോ ബിസി. പതിനാലും പതിനഞ്ചും നൂറ്റാണ്ടുകള്‍ക്കിടയ്ക്കാണ് നാല്പ്പത്തിരണ്ടു അദ്ധ്യായങ്ങള്‍ ഉള്ള ഈ ഗ്രന്ഥം രചിച്ചത് എന്നാണു കരുതുന്നത്. അവതരണം നാടകീയമാണ്; ലക്ഷ്യം പ്രബോധനാത്മകവും.
ഘടന
1, 1 - 2, 13 : ഇയ്യോബിനു സന്താനങ്ങളും സമ്പത്തും നഷ്ടപ്പെടുന്നു 3, 1 - 31, 40 : ഇയ്യോബും കൂട്ടുകാരും തമ്മിലുള്ള സംഭാഷണം(ഇയ്യോബിന്‍റെ പരാതി 3, 1 - 26; ആദ്യസംഭാഷണം 4, 1 - 14, 22 :രണ്ടാം സംഭാഷണം 15, 1 - 21, 34 ; മൂന്നാംസംഭാഷണം 22, 1 - 27, ജ്ഞാനകീര്‍ത്തനം 28, 1 - 28 ; ഇയ്യോബ് തന്‍റെ നില വിശദമാക്കുന്നു 29: 1 - 31, 37— 32: 1 – 37: എലീഹൂവിന്‍റെ പ്രഭാഷണം 38, 1 - 42, യഹോവ സംസാരിക്കുന്നു 42, 7 - 17 : ഉപസംഹാരം.

@@@@

പഴയനിയമം
19. സങ്കീര്‍ത്തനങ്ങൾ


ഉള്ളടക്കം

യിസ്രായേൽ ജനത്തിന്‍റെ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ പ്രാര്‍ഥനാ ഗീതങ്ങളാണു സങ്കീര്‍ത്തനങ്ങൾ. സന്തോഷം, സന്താപം, കൃതജ്ഞത, വിജയം, ശത്രുഭയം, ആധ്യാത്മികവിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍ അതിൽ പ്രതിഫലിക്കുന്നു. തിരുനാളവസരങ്ങളിലും, തീര്‍ഥാടനാവസരങ്ങളിലും, ദേശീയമോ വ്യക്തിപരമോ ആയ വിജയങ്ങളും അത്യാഹിതങ്ങളും നേരിടുന്ന അവസരങ്ങളിലും മറ്റും ഉപയോഗിക്കത്തക്ക രീതിയിൽ യഹൂദരുടെയിടയിൽ അവയ്ക്കു സ്ഥിരപ്രതിഷ്ഠ ലഭിച്ചു. സംഗീതോപകരണങ്ങളോടുകൂടിയോ അല്ലാതെയോ ആരാധകര്‍ക്കു പാടാവുന്ന രീതിയിലാണു സങ്കീര്‍ത്തനങ്ങള്‍ക്ക് അവസാനരൂപം നല്‍കിയിരിക്കുന്നത്. ദാവീദ് രാജാവാണ് എല്ലാ സങ്കീര്‍ത്തനങ്ങളും രചിച്ചതെന്നു പരമ്പരാഗതമായി വിശ്വസിച്ചിരുന്നു. സങ്കീര്‍ത്തന രചനയിൽ ദാവീദിന്‍റെ സ്വാധീനം വലുതാണെങ്കിലും, യിസ്രായേൽ ചരിത്രത്തിലെ വിവിധ ഘട്ടങ്ങളിലെ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ത്തനങ്ങൾ എല്ലാം ഒരാള്‍തന്നെ രചിച്ചതല്ല. മറ്റു പലരുടേയും പേരുകളും അതില്‍ കാണാം. ഉള്ളടക്കത്തിന്‍റെയും അവതരണ രൂപത്തിന്‍റെയും അടിസ്ഥാനത്തിൽ സങ്കീര്‍ത്തനങ്ങളെ പല ഗണങ്ങളായി തിരിക്കാറുണ്ട്.
സ്തുതിഗീതങ്ങള്‍ ‍:
യാഗം, സഭചേരുക തുടങ്ങിയ അവസരങ്ങളിലാണു സ്തുതിഗീതങ്ങൾ പാടിയിരുന്നത്. ദൈവത്തെ സ്തുതിക്കുന്നതിനുള്ള ആഹ്വാനവുമായാണു സ്തുതിഗീതങ്ങള്‍ സാധാരണയായി ആരംഭിക്കുന്നത്; ദൈവത്തെ സ്തുതിക്കുവാനുള്ള കാരണങ്ങള്‍ എടുത്തുപറയുന്നു (8, 19, 29, 33, 46, 47, 48, 76, 84, 87, 93, 96-100, 103-106, 113, 114, 117, 122, 135, 136, 145-150). രാജകീയസങ്കീര്‍ത്തനങ്ങളും രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങൾ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ത്തനങ്ങളും തരം തിരിച്ചോ, സ്തുതികീര്‍ത്തനങ്ങളുടെ കൂടെയോ കൊടുക്കാറുണ്ട് (2, 18, 20, 21, 28, 45, 61, 63, 72, 89, 101, 132).
വിലാപകീര്‍ത്തനങ്ങൾ :
പ്രതിസന്ധികളിൽ വ്യക്തികളോ സമൂഹം ഒന്നുചേര്‍ന്നോ ദൈവത്തോടു സഹായം അഭ്യര്‍ഥിക്കുന്നു. യുദ്ധത്തിലുണ്ടാകുന്ന പരാജയം, മഹാമാരികള്‍ ‍, വരള്‍ച്ച തുടങ്ങി ദേശീയ അത്യാഹിതങ്ങൾ ഉണ്ടായ അവസരങ്ങളിലാണു ദേശീയവിലാപങ്ങള്‍ രൂപം കൊണ്ടത് (12, 44, 60, 74, 79, 80, 83, 85, 106, 123, 129, 137). രോഗം, ശത്രുഭയം, അന്യായമായ കുറ്റാരോപണം തുടങ്ങിയവയാണു വ്യക്തിവിലാപങ്ങളുടെ സാഹചര്യം (3, 5-7, 13, 17, 22, 25, 26, 28, 31, 35, 38, 42-43, 51, 54-57, 59, 63, 64, 69, 71, 77, 86, 102, 130, 140-143).
കൃതജ്ഞതാകീര്‍ത്തനങ്ങൾ
യുദ്ധം, ക്ഷാമം, രോഗം തുടങ്ങിയ വിപത്‌സന്ധികൾ നീങ്ങിക്കിട്ടുമ്പോൾ ദേവാലയത്തില്‍ച്ചെന്ന് ദൈവം ചെയ്ത അനുഗ്രഹങ്ങൾ ജനമധ്യത്തില്‍വച്ച് ഏറ്റുപറഞ്ഞുകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുന്നു (18, 21, 30, 33, 34, 40, 65-68, 92, 116, 118, 124, 129, 138, 144). പല സങ്കീര്‍ത്തനങ്ങളും വിവിധ ആശയങ്ങൾ ഉള്‍ക്കൊള്ളുന്നതുകൊണ്ട് ഏതു ഗണത്തില്‍പ്പെടുന്നു എന്നു നിശ്ചയിക്കുക പ്രയാസമാണ്. ഭൂരിഭാഗം സങ്കീര്‍ത്തനങ്ങള്‍ക്കും രചയിതാവ്, രചനാസാഹചര്യം, രാഗനിർദ്ദേശം എന്നിവയെ സൂചിപ്പിക്കുന്ന ശീര്‍ഷകങ്ങളുണ്ട്. എഴുപതിലേറെ സങ്കീര്‍ത്തനങ്ങൾ ദാവീദിന്‍റെ പേരിലാണറിയപ്പെടുന്നത്. കോരഹിന്‍റെ പുത്രന്‍മാരുടെ പേരിലും ഹേമാൻ, ദാഥാൻ, മോശെ, ശലോമോന്‍ എന്നിവരുടെ പേരിലും സങ്കീര്‍ത്തനങ്ങൾ അറിയപ്പെടുന്നുണ്ട്. ഹീബ്രുവ്യാഖ്യാതാക്കളാണ് അവയ്ക്കു ശീര്‍ഷകങ്ങൾ നല്‍കിയതും അവ ഓരോ വ്യക്തികളുടെ പേരിലാക്കിയതും. ഈ വ്യക്തികളും സങ്കീര്‍ത്തനവുമായി ഏതു വിധത്തിലുള്ള ബന്ധമാണ് അവ൪ കണ്ടിരുന്നതെന്നു വ്യക്തമല്ല. ദൈവവും യിസ്രായേല്‍ജനവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്‍റെ സ്വഭാവം സങ്കീര്‍ത്തനങ്ങളിൽ തെളിഞ്ഞുകാണാം. നൂറ്റിഅമ്പതു ഭാഗങ്ങളില്‍ ക്രമീകരിച്ച ഈ പുസ്തകം ബിസി 1450 നും 430 നും ഇടയില്‍ രചന നടത്തിയതായി കരുതുന്നു.

@@@@

20. സദൃശവാക്യങ്ങൾ


ഉള്ളടക്കം

അനുദിനജീവിതത്തിലെ പ്രശ്‌നങ്ങൾ വിവേകപൂര്‍വം കൈകാര്യംചെയ്യുന്നതിനും ജീവിതത്തിന്‍റെ വിവിധ തലങ്ങളിൽ ജ്ഞാനത്താൽ നയിക്കപ്പെടുന്നതിനും സഹായകമായ സൂക്തങ്ങളുടെ സമാഹാരമാണ് സദൃശവാക്യങ്ങൾ. ദാവീദിന്‍റെ മകനും യിസ്രായേല്‍രാജാവുമായ ശലോമോന്‍റെ സദൃശവാക്യങ്ങൾ എന്ന വാക്കുകൾകൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത്. ഇതിലെ ചില ശേഖരങ്ങള്‍ക്ക് (10-22, 25-29) ശലോമോന്‍റെ കാലത്തോളംതന്നെ പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. യുവാക്കളെയും അനുഭവജ്ഞാനം കുറഞ്ഞവരെയും പ്രത്യേകം മുന്‍പിൽകണ്ടുകൊണ്ടാണ് താൻ എഴുതുന്നതെന്ന് ഗ്രന്ഥകാരൻ ആരംഭത്തില്‍തന്നെ വ്യക്തമാക്കുന്നുണ്ട്. ജ്ഞാനിയായ ഒരു മനുഷ്യന്‍ ജീവിതത്തിന്‍റെ വിവിധ സാഹചര്യങ്ങളില്‍ എപ്രകാരം വര്‍ത്തിക്കണമെന്ന് യിസ്രായേലിലെ ഗുരുഭൂതന്‍മാര്‍ക്കുള്ള വീക്ഷണം വ്യക്തമായി കാണാം. മതതലത്തില്‍ മാത്രമല്ല, സമൂഹത്തിലും കുടുംബത്തിലും സമചിത്തതയോടെ വര്‍ത്തിക്കുന്നതിനു നിര്‍ദേശങ്ങൾ നല്‍കുന്നു. എളിമ, ക്ഷമ, ദരിദ്രരോടു ബഹുമാനം, സ്‌നേഹിതർ തമ്മിൽ വിശ്വസ്തത, ഭാര്യാഭർത്തൃബന്ധം തുടങ്ങി വിവിധ വിഷയങ്ങൾ ഗ്രന്ഥത്തിൽ പരാമര്‍ശിക്കപ്പെടുന്നു. ജ്ഞാനിയും ഭോഷനും തമ്മിലുള്ള അന്തരം പ്രത്യേകം എടുത്തുകാണിക്കുന്നു. ഹ്രസ്വവും ഹൃദയത്തിൽ തുളച്ചുകയറുന്നതുമായ ജ്ഞാനോക്തികള്‍ എളുപ്പത്തിൽ മനസ്സിൽ തങ്ങിനില്‍ക്കുന്നു. ബിസി. രണ്ടാംനൂറ്റാണ്ടിലായിരിക്കണം ഗ്രന്ഥത്തിന് അവസാനരൂപം നല്‍കിയത്. ആശയങ്ങള്‍ക്കനുസരിച്ച് പ്രത്യേക ക്രമീകരണമൊന്നും കൂടാതെ ജ്ഞാനസൂക്തികൾ ഒന്നിച്ചുചേര്‍ത്തിരിക്കുന്നു. എങ്കിലും താഴെ കാണുംവിധം ഗ്രന്ഥത്തെ വിഭജിക്കാറുണ്ട്. 1, 1-9, 18:ജ്ഞാനകീര്‍ത്തനം 10, 1-29, 27: ശലോമോന്‍റെ സദൃശവാക്യങ്ങൾ 30, 1-38 :ആഗൂരിന്‍റെ വാക്കുകൾ 31, 1-31 :വിവിധ സൂക്തങ്ങള്‍. മുപ്പത്തിയൊന്ന് അദ്ധ്യായങ്ങളിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 970 നും 930 നും ഇടയില്‍ രചന നടത്തിയതായി കരുതുന്നു.

@@@@

21. സഭാപ്രസംഗി


ഉള്ളടക്കം

കൊഹേലെത്ത് എന്ന ഹീബ്രുപദത്തിന്‍റെ ഏകദേശ തര്‍ജ്ജിമയാണ് സഭാപ്രസംഗി. ദാവീദിന്‍റെ പുത്രനും യെരുശലേമിൽ രാജാവും എന്നു ഗ്രന്ഥകാരൻ തന്നെക്കുറിച്ച് പറയുമ്പോൾ ശലോമോനിലാണ് കര്‍ത്തൃത്വം ആരോപിക്കപ്പെടുന്നത്. എന്നാല്‍, ബിസി. മൂന്നാംനൂറ്റാണ്ടില്‍ ഏതോ യഹൂദചിന്തകൻ ഈ ഗ്രന്ഥം രചിച്ചു എന്നാണ് പൊതുവായ അഭിപ്രായം. ഗ്രീക്കുതത്വചിന്തയുടെ സ്വാധീനം ഈ ഗ്രന്ഥത്തിലെ ഈ ചിന്താധാരകളില്‍ പ്രകടമാണ്. മനുഷ്യജീവിതത്തിന്‍റെ അർത്ഥത്തെയും ലക്ഷ്യത്തെയും കുറിച്ചുള്ള ചിതറിയ ചിന്തകള്‍ എന്നല്ലാതെ ഗ്രന്ഥത്തിന് വ്യക്തമായ ഒരു ഘടന നിര്‍ദേശിക്കുക എളുപ്പമല്ല. എന്നാല്‍, അടിസ്ഥാനപരമായ ചില ആശയങ്ങൾ അവിടവിടെ ആവര്‍ത്തിക്കപ്പെടുന്നതിന്‍റെ വെളിച്ചത്തിൽ ഗ്രന്ഥകാരന്‍റെ ജീവിതവീക്ഷണം അത്ര അവ്യക്തമല്ല. സൂര്യനു കീഴേ നടക്കുന്നതെല്ലാം - ഈ ലോകവും ഇതിലെ വ്യാപാരങ്ങളും നേട്ടങ്ങളും സുഖങ്ങളും എല്ലാം - മിഥ്യയാണ് എന്ന നിഗമനത്തിലാണ് ഗ്രന്ഥകാരന്‍റെ പര്യവേക്ഷണങ്ങൾ ചെന്നുനില്‍ക്കുക. ദൈവത്തിന്‍റെ അധീശത്വവും ദൈവികപദ്ധതികളും അംഗീകരിച്ചു കൊണ്ടുതന്നെ ഗ്രന്ഥകാരന്‍റെ ചിന്താഗതികൾ അനശ്വരമായതിനെയും ലക്‌ഷ്യം വെക്കുന്നുണ്ട്. പ്രവാസാനന്തര യഹൂദചിന്ത പ്രകടമായ വിശ്വാസ ദാര്‍ഢ്യത്തിന്‍റെയും പ്രത്യാശയുടെയും പാതയിലെത്തുന്നതിനു മുന്‍പുള്ള പരിവര്‍ത്തനദശയിലെ ഒരു കണ്ണിയായി സഭാപ്രസംഗകനെ ഗണിച്ചാല്‍ മതി. പന്ത്രണ്ട് അദ്ധ്യായങ്ങളിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 935 നും 931 നും ഇടയില്‍ രചന നടത്തിയതായി കരുതുന്നു.

@@@@

22. ഉത്തമഗീതം


ഉള്ളടക്കം

വിശുദ്ധഗ്രന്ഥത്തില്‍ ദൈവവും ദൈവജനവും തമ്മിലുള്ള ബന്ധം ഇത്ര മനോഹരമായി വര്‍ണിക്കുന്ന ഭാഗങ്ങൾ ചുരുക്കമാണ്. യിസ്രായേലും ദൈവവുമായുള്ള ഉടമ്പടിയെ വിവാഹബന്ധവുമായി മറ്റു സ്ഥലങ്ങളിലും താരതമ്യം ചെയ്യുന്നതായി കാണാം. പ്രേമബദ്ധരായ സ്ത്രീയും പുരുഷനും തമ്മിലുള്ള സംഭാഷണരൂപത്തില്‍ ആറു ഗീതങ്ങൾ ഉള്‍ക്കൊള്ളുന്നതാണ് ഉത്തമഗീതം (1, 1-2, 7; 2,8-3, 5;3, 6-5, 1; 5,2-6, 3; 6,4-8, 4;8, 5-14). ആദിമക്രൈസ്തവര്‍ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്‍റെ പ്രതീകമായിട്ടാണ് ഉത്തമഗീതത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്. എട്ട് അദ്ധ്യായങ്ങളിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 965- ൽശലോമോൻ രചന നടത്തിയതായി കരുതുന്നു.

@@@@

23. യെശയ്യാവ്


ഉള്ളടക്കം


ബി.സി. എട്ടാം നൂറ്റാണ്ടിന്‍റെ രണ്ടാംപകുതിയിൽ (700-681) പ്രവാചകദൗത്യം നിറവേറ്റിയ വ്യക്തിയാണ് യെശയ്യാവ്. ഇക്കാലയളവിൽ യഥാക്രമം ഉസ്സീയാവ്, യോഥാം, ആഹാസ്, യെഹെസ്കീയാവ് എന്നിവര്‍ യഹൂദയിൽ ഭരണം നടത്തി (യെശയ്യാ 1,1). ആദ്യത്തെ മുപ്പത്തൊന്‍പത് അദ്ധ്യായങ്ങളിലാണ് ഈ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങൾ വിവരിച്ചിരിക്കുന്നത്. ശക്തമായ ഒരു ദൈവാനുഭവത്തോടെയാണ് പ്രവാചകദൗത്യം ആരംഭിക്കുന്നത്. (6, 1-13). യഹൂദയിലെ രാഷ്ട്രീയ നീക്കങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവാചകന്‍റെ പ്രവര്‍ത്തനം. പ്രതിസന്ധികളില്‍ സഹായം തേടി അശ്ശൂരിലേക്കോ മിസ്രയീമിലേക്കോ തിരിയാതെ ചരിത്രനിയന്താവായ ദൈവത്തിൽ ഉറച്ചു വിശ്വസിക്കുകയും ധൈര്യമവലംബിക്കുകയും ചെയ്യാന്‍ പ്രവാചകൻ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നു. പ്രവാചകന്‍റെ ഉപദേശം മറന്നു പ്രവര്‍ത്തിച്ച രാജാക്കന്‍മാർ പരാജയം വിളിച്ചുവരുത്തി. യഹൂദയുടെയും ജെറുശലെമിന്‍റെയും ധാർമ്മികാധഃപതനത്തെ അപലപിക്കുന്ന പ്രവാചകൻ ഇമ്മാനൂവേൽ പ്രവചനങ്ങളിലൂടെ പ്രത്യാശ പകരുന്നു. ആശയറ്റു ദിനങ്ങള്‍ കഴിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന വാക്കുകളാണ് 40-55 അദ്ധ്യായങ്ങളിൽ. ജനത്തിന്‍റെ കഷ്ടത കണ്ടു മനസ്സലിഞ്ഞ യഹോവ അവരെ രക്ഷിച്ച് സ്വഭവനങ്ങളിലെത്തിക്കാൻ തയ്യാറായിക്കഴിഞ്ഞു. യിസ്രായേലും അവർ വഴി വിജാതീയരും അനുഗൃഹീതരാകും. കര്‍ത്താവിന്‍റെ ദാസനെപ്പറ്റിയുള്ള ഗീതങ്ങള്‍ ഈ ഭാഗത്തെ പ്രത്യേകം ശ്രദ്ധേയമാക്കുന്നു. യിസ്രായേലിൽ തിരിച്ചെത്തിയവര്‍ക്ക് പ്രത്യാശയും ആവേശവും പകരുകയാണ് 56-66 അദ്ധ്യായങ്ങളിൽ. സമഗ്രവിമോചനത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും സന്ദേശമാണവിടെ നല്‍കുന്നത്. സത്യവും നീതിയും യഥാർത്ഥ ആരാധനയും പുലരണം. അങ്ങനെ പുതിയ ആകാശവും പുതിയ ഭൂമിയും സംസ്ഥാപിതമാകും.

ഘടന

1, 1-12, 6 : യഹൂദയെയും ജെറുശലെമിനെയുംകുറിച്ചുള്ള പ്രവചനങ്ങൾ (6, 1-13 പ്രവാചകനെ ദൗത്യമേൽപ്പിക്കുന്നു). 13, 1-23, 18 :ജനതകളുടെമേല്‍ ശിക്ഷാവിധി. 24, 1-27, 13 :യുഗാന്ത്യവീക്ഷണം. 28, 1-35, 10 :യാഹോവ മാത്രമാണ് യഹൂദയെ രക്ഷിക്കുന്നവനും ശത്രുക്കളെ ശിക്ഷിക്കുന്നവനും. 36, 1-39, 8 :ചരിത്രക്കുറിപ്പുകള്‍ (പ്രധാനമായും 2 രാജാ 18-20 നെ ആസ്പദമാക്കിയുള്ളത്). 40, 1-48, 22 :ആശ്വാസവചനങ്ങള്‍, പ്രവാസത്തിൽനിന്നു തിരിച്ചുവരവ് ആസന്നം. കോരെശ് കര്‍ത്താവിന്‍റെ ഉപകരണം (42, 1-9 ദൈവദാസനെക്കുറിച്ചുള്ള ആദ്യഗീതം). 49, 1-55, 13 :സീയോനു രക്ഷയും ഐശ്വര്യവും കൈവരും. കര്‍ത്താവിന്‍റെ വാഗ്ദത്തത്തിൽ വിശ്വാസമര്‍പ്പിക്കുക (49, 1-9; 50, 4-9; 52, 13-53, 12; എന്നിങ്ങനെ ദൈവദാസനെക്കുറിച്ചുള്ള മൂന്നു ഗീതങ്ങള്‍ കൂടി). 56, 1-59, 21 :രക്ഷയും ശിക്ഷയും, അനീതി പ്രവര്‍ത്തിക്കുന്നവർ, പ്രത്യേകിച്ചു നേതാക്കന്‍മാർ ശിക്ഷയനുഭവിക്കും. 60, 1-62, 12 :സീയോനു വരാന്‍ പോകുന്ന മഹത്വം. 63, 1-66, 24 :ജനതകള്‍ക്കു ശിക്ഷയും ജനത്തിന് അന്തിമരക്ഷയും.. അറുപത്തിയാറ് അദ്ധ്യായങ്ങളിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 700-നും 681-നും ഇടയിൽ യെശയ്യാവ് രചന നടത്തിയതായി കരുതുന്നു.

@@@@
24. യിരെമ്യാവ്


ഉള്ളടക്കം

യോശിയായുടെ പതിമ്മൂന്നാം ഭരണവര്‍ഷമാണ് യിരെമ്യാവ് പ്രവാചകവൃത്തി ആരംഭിക്കുന്നത്. പിഴുതെറിയാനും തച്ചുടയ്ക്കാനും നശിപ്പിക്കാനും തകിടംമറിക്കാനും നിര്‍മിക്കാനും നട്ടുവളര്‍ത്താനുമായിട്ടാണ് യിരെമ്യാവ് നിയോഗിക്കപ്പെട്ടത് (1,10). പ്രവാചകദൗത്യം നിറവേറ്റിയതിന്‍റെ പേരിൽ ശാരീരികമായും മാനസികമായും വളരെയേറെ ക്ലേശങ്ങൾ സഹിച്ചവ്യക്തിയാണ് യിരെമ്യാവ്. സ്വന്തം ജനത്തിന്‍റെ മേൽ പ്രസ്താവിക്കേണ്ടിവന്ന വിധിവാചകം ജനസ്‌നേഹിയായ പ്രവാചകനു വേദനാജനകമായിരുന്നെങ്കിലും ഉള്ളില്‍ തീപോലെ ജ്വലിച്ചിരുന്ന ദൈവവചനത്തിന്‍റെ പ്രചോദനത്തിനു വഴങ്ങേണ്ടിവന്നു. വിഗ്രഹാരാധനയും സാമൂഹ്യാനീതികളുംവഴി യഹോവയെ തുടരെത്തുടരെ പ്രകോപിപ്പിക്കുന്ന ജനത്തിനു വരാന്‍പോകുന്ന ശിക്ഷ ഭയാനകമായിരിക്കും. രാജാവും പുരോഹിതനും പ്രവാചകനും ജനവും ഒന്നുപോലെ കുറ്റക്കാരായിത്തീര്‍ന്നിരിക്കുന്നു. യോശിയായുടെ മതനവീകരണങ്ങള്‍ക്കു സർവ്വപിന്തുണയും നല്‍കിയിരുന്ന യിരെമ്യാവ് അവയൊന്നും വരാനിരിക്കുന്ന ശിക്ഷയകറ്റാന്‍ പര്യാപ്തമല്ല എന്നു കണ്ടു. കര്‍ത്താവ് തന്‍റെ ആലയത്തെയും അവകാശമായ യിസ്രായേലിനെയും പരിത്യജിച്ചിരിക്കുന്നു (12,7). ഉടമ്പടി ലംഘിച്ച യിസ്രായേലിനു പ്രതീക്ഷയ്ക്ക് അവകാശമില്ല. ദേവാലയവും നഗരവും കത്തിച്ചാമ്പലാകും. ജെറുശലെം പരിത്യക്തമായിരിക്കുന്നു എന്നു പ്രവചിച്ചെങ്കിലും ദൈവം തന്‍റെ ജനത്തെയും നഗരത്തെയും പൂര്‍ണമായി കൈവിടുകയില്ല എന്നു യിരെമ്യാവിനു ഉറപ്പുണ്ടായിരുന്നു. ദൈവം പ്രവാസികളെ തിരിച്ചുകൊണ്ടുവരുമെന്നും അവര്‍ അവിടുത്തെ ജനവും അവിടുന്ന് അവരുടെ ദൈവവുമായി പൂർവ്വാധികം സുദൃഢവും അലംഘനീയവുമായപുതിയ ഉടമ്പടിയാല്‍ ബന്ധിക്കപ്പെടുമെന്നും പ്രവാചകൻ വാഗ്ദാനം ചെയ്തു. പുതിയൊരു പുറപ്പാടിന്‍റെ അനുഭവമായിരിക്കും അത്. താന്‍ പ്രവചിച്ച അനർത്ഥങ്ങൾ സംഭവിക്കുന്നതു കാണാനുള്ള ദൗര്‍ഭാഗ്യം യിരെമ്യാവിനുണ്ടായി. തടവുകാരോടൊപ്പം ബാബേലിലേക്കു നയിക്കപ്പെടാതെ യിരെമ്യാവ് ജെറുശലെമിൽ നഷ്ടശിഷ്ടങ്ങള്‍ക്കിടയിൽ തങ്ങിയെങ്കിലും പിന്നീട് മിസ്രയീമിലേക്ക് നാടുകടത്തപ്പെട്ടു; അവിടെവച്ചു മരിച്ചെന്നു വിശ്വസിക്കപ്പെടുന്നു. യിരെമ്യായുടെ പുസ്തകത്തിന്‍റെ കുറെ ഭാഗങ്ങളെങ്കിലും അദ്ദേഹംതന്നെ പറഞ്ഞുകൊടുത്ത് ശിഷ്യനായ ബാരൂക്കിനെക്കൊണ്ട് എഴുതിച്ചതാണ്; ബാക്കിഭാഗങ്ങള്‍ പല ശിഷ്യന്‍മാർ ശേഖരിച്ചതും. യിരെമ്യായുടെ ഗ്രീക്കുമൂലം ഹീബ്രുമൂലത്തെക്കാൾ ഹ്രസ്വമാണ്. ഘടന 1, 1-19: വിളിയും ദൗത്യവും 2, 1-25, യഹൂദയുടെയും ജെറുശലെമിന്‍റെയുംമേൽ വിധി 26, 1-29, വ്യാജപ്രവാചകന്‍മാരുമായി വിവാദം 30, 1-33, സാന്ത്വനം, രക്ഷാവാഗ്ദാനം 34, 1-45 ജെറുശലെം ആക്രമിക്കപ്പെടുന്നു, പ്രവാചകന്‍റെ സഹനം 46, 1-51, ജനതകള്‍ക്കെതിരേ പ്രവചനങ്ങൾ 52, 1-34 അനുബന്ധം, ജെറുശലെമിന്‍റെ പതനം. അമ്പത്തിരണ്ട് അദ്ധ്യായങ്ങളിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 600-നും585-നും ഇടയിൽ യിരെമ്യാവ് രചന നടത്തിയതായി കരുതുന്നു.

@@@@

25. വിലാപങ്ങൾ

വളരെയേറെക്കാലം യിരെമ്യാവിന്‍റെ പുസ്തകത്തിന്‍റെ ഭാഗമായി കരുതിപ്പോന്ന വിലാപങ്ങള്‍ ഇന്ന് ഒരു വ്യത്യസ്തപുസ്തകമായി അംഗീകരിക്കപ്പെടുന്നുണ്ട്. ദേവാലയം നശിപ്പിക്കപ്പെടുകയും യാഗാര്‍പ്പണം നിലയ്ക്കുകയും നേതാക്കന്‍മാർ നാടുകടത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ (ബിസി. 587) ഒരു ദൃക്‌സാക്ഷി രചിച്ച അഞ്ചു വിലാപഗാനങ്ങളാണ് പുസ്തകത്തിലെ അഞ്ച് അദ്ധ്യായങ്ങൾ. ആദ്യത്തെ നാലു ഗാനങ്ങളില്‍ ഹെബ്രായ അക്ഷരമാലക്രമത്തിലാണ് ഖണ്ഡങ്ങൾ ഒരുക്കിയിരിക്കുന്നത്. ജെറുശലെമിന്‍റെയും ദേവാലയത്തിന്‍റെയും നാശത്തിലും ജനത്തിന്‍റെ ദുരിതത്തിലും അതിയായ ദുഃഖം പ്രകടിപ്പിക്കുന്നതോടൊപ്പം യഹോവയുടെ സ്‌നേഹത്തിലും അവിടുത്തെ വാഗ്ദാനങ്ങളിലുമുള്ള വിശ്വാസത്തിന്‍റെ പ്രഘോഷണം കൂടിയാണ് വിലാപങ്ങൾ. സംഭവിച്ചതെല്ലാം തങ്ങളുടെ അകൃത്യങ്ങള്‍മൂലമാണെന്ന് ജനം ഏറ്റുപറയുകയും കര്‍ത്താവിന്‍റെ കാരുണ്യത്തിൽ ആശ്രയിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ മണവാട്ടിയായ ഇസ്രായേൽവീണ്ടും അവിടുത്തേക്കു സ്വീകാര്യയാകും. ശിക്ഷയെക്കുറിച്ചു മുന്നറിയിപ്പുനല്‍കിയിരുന്ന പ്രവാചകന്‍മാരുടെ വാക്കുകൾ ദൈവപ്രേരിതമായിരുന്നു എന്നു വിലാപങ്ങള്‍ സമ്മതിക്കുന്നു. തങ്ങളുടെ ജീവിത മൂല്യച്ച്യുതിയുടെ കാരണം ഹൃദയത്തെ ബാധിച്ച പാപമാണെന്നു പ്രവാചകന്‍ ചൂണ്ടിക്കാണിക്കുന്നു. യിരെമ്യാവു 5:17. അഞ്ച് അദ്ധ്യായങ്ങളിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 587-നും 585-നും ഇടയിൽ യിരെമ്യാവ് രചന നടത്തിയതായി കരുതുന്നു.
@@@@

26. യെഹെസ്ക്കേൽ

ഉള്ളടക്കം


ബാബേലിൽ കേബാർ നദീതീരത്തുവെച്ചു


പ്രവാസികളോടുകൂടെയായിരിക്കുമ്പോഴാണ് യെഹെസ്ക്കേലിനു പ്രവാചകദൗത്യം ലഭിക്കുന്നത് (1,1). ബിസി. 587-ല്‍ നെബൂക്കദ്‌നേസർ തടവുകാരായി കൊണ്ടുപോയവരുടെകൂടെ യെഹെസ്ക്കിയേലും ഉണ്ടായിരുന്നു. യെശയ്യായ്ക്കുണ്ടായതുപോലുള്ള ഒരു ദൈവികദര്‍ശനത്തിലാണ് യെഹെസ്ക്കിയേലിനെ തിരഞ്ഞെടുത്ത് അയയ്ക്കുന്നത് (1-3). പുരോഹിതനും കൂടിയായിരുന്ന യെഹെസ്ക്കേൽ പ്രവാചകപാരമ്പര്യത്തെ മറികടക്കുന്നവിധം ദേവാലയത്തോടും ആരാധനാവിധികളോടും പ്രതിപത്തി കാട്ടിയിരുന്നു. പ്രവാസാനന്തരം ദേവാലയം യഹൂദസമൂഹത്തിന്‍റെ കേന്ദ്രമായി പരിണമിച്ചതിൽ യെഹെസ്ക്കേലിന്‍റെ സ്വാധീനം കുറച്ചൊന്നുമല്ല. യെഹെസ്ക്കേലിന്‍റെ ഗ്രന്ഥത്തിന്‍റെ ആദ്യഭാഗം (1-33) പൊതുവേ ശിക്ഷയെപ്പറ്റിയാണ്. യഹൂദായുടെയും ജെറുശലെമിന്‍റെയും അകൃത്യങ്ങളെയും അവിശ്വസ്തതയെയും തുറന്നു കാട്ടുകയും അവയ്ക്കു കഠിനമായ ശിക്ഷ കിട്ടുമെന്നും അതില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞു മാറാനാവില്ലെന്നും തറപ്പിച്ചു പറയുകയും ചെയ്യുന്നുണ്ടു പ്രവാചകൻ. ആദിനം, ശിക്ഷയുടെ ദിനം, ഇതാ, വരുന്നു എന്ന് ആവര്‍ത്തിച്ചു കേള്‍ക്കാം; ജെറുശലെം പൂർണ്ണമായും നശിപ്പിക്കപ്പെടും; യഹോവയുടെ മഹത്വം നഗരം വിട്ടു പോകും. യിസ്രായേലിനെ ഞെരുക്കിയ ജനതകള്‍ക്കും ഭയാനകമായ ശിക്ഷയുണ്ടാകും. രക്ഷയുടെ വാഗ്ദാനമാണ് രണ്ടാം ഭാഗത്ത് (34-48) പ്രധാനമായും മുഴങ്ങിക്കേള്‍ക്കുക. തന്‍റെ അജഗണമായ ജനത്തെ യഹോവ നേരിട്ടു മേയിക്കും; ചിതറിപ്പോയതിനെ ഒരുമിച്ചു കൂട്ടുകയും മുറിവേറ്റതിനെ വച്ചുകെട്ടുകയും ചെയ്യും. ശത്രുക്കളെയെല്ലാം തകര്‍ത്ത് യിസ്രായേലിനു സുരക്ഷിതത്വവും ഐശ്വര്യവും നല്‍കും. വിജനമായ നഗരങ്ങള്‍ അധിവസിക്കപ്പെടും. ദൈവം തന്‍റെ ജനത്തിന് ഒരു പുതിയ ഹൃദയവും ആത്മാവും പ്രദാനം ചെയ്യും. പുതിയ ദേവാലയം ജീവജലത്തിന്‍റെ ഉറവിടമായിരിക്കും. ശിക്ഷയുടെയും രക്ഷയുടെയും സന്ദേശം വളരെയേറെ പ്രതീകാത്മക പ്രവര്‍ത്തനങ്ങളിലൂടെ പ്രവാചകന്‍ വ്യക്തമാക്കുന്നതു ശ്രദ്‌ധേയമാണ്. വ്യക്തിപരമായ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള യെഹെസ്ക്കേലിന്‍റെ ദര്‍ശനം സുപ്രധാനമാണ്. ദുഷ്ടന്‍റെ മരണത്തിൽ ദൈവത്തിനു സന്തോഷമില്ല. അവന്‍ പാപമാര്‍ഗം ഉപേക്ഷിച്ച് ജീവന്‍ പ്രാപിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. പുത്രന്‍റെ തെറ്റിനു പിതാവോ, പിതാവിന്‍റെ തെറ്റിനു പുത്രനോ ശിക്ഷിക്കപ്പെടുകയില്ല. ഓരോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തികള്‍ക്കുള്ള പ്രതിഫലം ലഭിക്കും.

ഘടന

1: 1 - 3, പ്രവാചകന്‍റെ വിളി

4: 1 - 24, യഹൂദായ്ക്കും ജെറുശലെമിനുമെതിരേ വിധിപ്രസ്താവന

25:1 - 17, ചുറ്റുമുള്ള ജനതകള്‍ക്കു ശിക്ഷ

34:1-19, പ്രവാചകന്‍ ജനത്തിന്‍റെ കാവല്‍ക്കാരൻ

40, 1 - 48, പുതിയ ദേവാലയവും സമൂഹവും.

നാല്‍പ്പത്തിയെട്ടു അദ്ധ്യായങ്ങളിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 593-നും 571-നും ഇടയിൽ യെഹെസ്ക്കേൽ രചന നടത്തിയതായി കരുതുന്നു.


@@@@

27. ദാനിയേല്‍ (ദൈവം എന്‍റെ ന്യായാധിപൻ)

ഉള്ളടക്കം

ഗ്രന്ഥകര്‍ത്താവെന്ന നിലയിലും ഗ്രന്ഥത്തിലെ പ്രധാന നായകനെന്ന നിലയിലുമാണ് ദാനിയേലിന്‍റെ നാമം ഗ്രന്ഥത്തോടു ചേര്‍ക്കുന്നത്. ബാബേൽ പ്രവാസികളില്‍പ്പെടുന്നവരായി ദാനിയേലും കൂട്ടരും ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും ഗ്രന്ഥരചന നടന്നത് നൂറ്റാണ്ടുകള്‍ക്കുശേഷം അന്ത്യോക്കസ് എപ്പിഫാനസിന്‍റെ മതമർദ്ദനകാലത്ത് (ബിസി 167-164) ആണ് എന്നു അഭിപ്രായപ്പെടുന്നവരും ഉണ്ട്. ഹെബ്രായമൂലഗ്രന്ഥങ്ങളില്‍ പന്ത്രണ്ട് അദ്ധ്യായങ്ങളും ഗ്രീക്കിൽ പതിനാല് അദ്ധ്യായങ്ങളും കാണുന്നു. ഹെബ്രായമൂലങ്ങളില്‍ത്തന്നെ, 2,4(6)-7, 28 വരെയുള്ള ഭാഗം അരമായ ഭാഷയിലാണ്. ഗ്രീക്കുമൂലപ്രകാരമുള്ള പതിനാല് അദ്ധ്യായങ്ങളും കാനോനികമായി കത്തോലിക്കര്‍ സ്വീകരിക്കുന്നു. ദാനിയേലിന്‍റെയും മൂന്നു കൂട്ടുകാരുടെയും ഉറച്ച ദൈവവിശ്വാസവും ഭക്തിയും യഹൂദാചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമുള്ള നിഷ്ഠയും സ്പഷ്ടമാക്കുന്ന സംഭവങ്ങളുടെ വിവരണമാണ് ആദ്യഭാഗത്തുള്ളത് (1-6). ദാനിയേലിനുണ്ടായ ദര്‍ശനങ്ങളാണ് 7-12 അധ്യായങ്ങളുടെ ഉള്ളടക്കം. ദൈവത്തിന്‍റെ പദ്ധതികള്‍ക്കും അവിടുത്തെ ജനത്തിനുമെതിരേ ഉയരുന്ന സാമ്രാജ്യശക്തികള്‍ തകര്‍ക്കപ്പെടുമെന്നു ദര്‍ശനങ്ങൾ വ്യക്തമാക്കുന്നു. പ്രബോധനാത്മകമായ കഥകളാണ് 13-14 അധ്യായങ്ങളിൽ പ്രതിപാദിക്കുന്നത്. ഏഴാം അദ്ധ്യായത്തിലെ, മനുഷ്യപുത്രനെ സംബന്ധിക്കുന്ന പരാമര്‍ശനങ്ങളും ദാനിയേലിന്‍റെ പുസ്തകത്തെ ഏറ്റവുമധികം ശ്രദ്‌ധേയമാക്കി. അന്തിമോത്ഥാനത്തെക്കുറിച്ചുള്ള സൂചനയും (12, 2-3) ഗ്രന്ഥത്തിന്‍റെ ഒരു സവിശേഷതയാണ്. ക്രൈസ്തവർ പ്രവചനഗണത്തിലും യഹൂദ൪ ലിഖിതങ്ങളുടെ പട്ടികയിലും പെടുത്തുന്നെങ്കിലും വെളിപ്പാടുസാഹിത്യരൂപത്തിന്‍റെ ഉത്തമനിദര്‍ശനമാണ് ദാനിയേലിന്‍റെ പുസ്തകം. ദൈവത്തിന്‍റെ പക്ഷം വിജയിക്കുമെന്ന് ദര്‍ശനങ്ങളിലൂടെ സമർത്ഥിച്ചുകൊണ്ട് ക്രൂരമായ മതമർദ്ദനത്തിനു വിധേയരായവര്‍ക്ക് ആശ്വാസവും ധൈര്യവും പകരുകയാണ് ഇതിന്‍റെ പ്രധാന ഉദ്ദേശം. രക്ഷാകര ചരിത്രത്തിന്‍റെ വെളിച്ചത്തിൽ ലോകചരിത്രത്തെ അപഗ്രഥിക്കുന്ന ഗ്രന്ഥകര്‍ത്താവ് പ്രപഞ്ചത്തിലെ ഓരോ ചലനത്തിലും ദൈവത്തിന്‍റെ കരവും പദ്ധതിയും ദര്‍ശിക്കുന്നു; ദൈവജനം പ്രതിസന്ധികള്‍ തരണംചെയ്ത് ശാശ്വതമായ നീതിയും സമാധാനവും കൈവരിക്കും എന്നു വ്യക്തമാക്കുകയും ചെയ്യുന്നു.

· ഘടന

· 1, 1-6, ദാനിയേലും മൂന്നു കൂട്ടുകാരും - നബൂക്കദ്‌നേസറിന്‍റെ സ്വപ്നങ്ങൾ 2:1, ദാനിയേലിന്‍റെ ദര്‍ശനങ്ങൾ 7:1-28, മനുഷ്യപുത്രനും നാല് അദ്ഭുത ജീവികളും 8:1-27, മുട്ടാടും ആണ്‍കോലാടും. 9:1-27, വര്‍ഷങ്ങളുടെ എഴുപത് ആഴ്ചകൾ. 10:1-12, 13:യുഗാന്തദര്‍ശനം) പന്ത്രണ്ടു അദ്ധ്യായങ്ങളിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 539-നും 535-നും ഇടയിൽ ദാനിയേൽ രചന നടത്തിയതായി കരുതുന്നു.


@@@@

പഴയനിയമം
28. ഹോശയാ.(രക്ഷ,വിടുതല്‍)


ഉള്ളടക്കം

· ബിസി. എട്ടാംശതകത്തിന്‍റെ ഉത്തരാർത്ഥത്തിൽ വടക്കേരാജ്യമായ യിസ്രായേലിൽ യൊരൊബെയാമിന്‍റെ അന്തിമനാളുകളിലാണ് ഹോശയാ പ്രവാചകദൗത്യം ആരംഭിച്ചത് (ബി.സി. 746). പ്രധാനമായും യിസ്രായേലിനെ (എഫ്രയീം) ഉദ്‌ദേശിച്ചാണ് പ്രവചനങ്ങളെങ്കിലും ചിലപ്പോഴൊക്കെ യഹൂദയും പരാമര്‍ശനവിഷയമാകുന്നുണ്ട്. ഹോശയായുടെ പുസ്തകത്തിന്‍റെ ആദ്യത്തെ മൂന്ന് അദ്ധ്യായങ്ങളിൽ സ്വന്തം വിവാഹജീവിതത്തിന്‍റെ പശ്ചാത്തലത്തിൽ യിസ്രായേലും ദൈവവും തമ്മിലുള്ള ബന്ധത്തെ ചിത്രീകരിക്കാന്‍ ശ്രമിച്ചിരിക്കുകയാണ് പ്രവാചകൻ (1, 1-3, 5). യിസ്രായേലിന്‍റെ അവിശ്വസ്തതയും പാതകങ്ങളും എടുത്തുകാട്ടി അവര്‍ക്കെതിരേ വിധി പ്രസ്താവിക്കുകയാണ് അടുത്ത പത്ത് അദ്ധ്യായങ്ങളിൽ (4, 1-13, 16). പശ്ചാത്താപത്തിനുള്ള ആഹ്വാനവും രക്ഷയുടെ വാഗ്ദാനവുമാണ് അവസാന അദ്ധ്യായത്തിൽ (14, 1-9). ജനത്തിന്‍റെ അവിശ്വസ്തതയും അകൃത്യങ്ങളും മറന്ന് അവരെ തന്‍റെ സ്‌നേഹത്തിലേക്കു തിരിച്ചു കൊണ്ടുവരുന്ന ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തിന്‍റെ പ്രഘോഷണമാണ് ഹോശയായുടെ പുസ്തകം. പതിനാല് അദ്ധ്യായങ്ങളിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 755-നും 715-നും ഇടയിൽ ഹോശയാ രചന നടത്തിയതായി കരുതുന്നു.


@@@@
29. യോവേൽ (യഹോവ തന്നെ ദൈവം)


ഉള്ളടക്കം

പ്രവാചകനെപ്പറ്റി ചരിത്രപരമായ വിവരങ്ങളൊന്നും ലഭ്യമല്ല. കഠിനമായ വെട്ടുക്കിളിബാധയുടെയും രൂക്ഷമായ വരള്‍ച്ചയുടെയും പശ്ചാത്തലത്തിലാണ് പ്രവാചകന്‍ സംസാരിക്കുന്നത്. പ്രവാചകന്‍റെ വീക്ഷണത്തിൽ ഇവ ആസന്നമായ ശിക്ഷയുടെ, യഹോവയുടെ ദിവസത്തിന്‍റെ, പ്രതീകങ്ങളാണ്. മേല്‍പറഞ്ഞവെട്ടുക്കിളിബാധയുടെയും വരള്‍ച്ചയുടെയും വിവരണവും തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ച് അനുതപിക്കാ൯ ജനത്തിനു നല്‍കുന്ന ആഹ്വാനവുമാണ് ഗ്രന്ഥത്തിന്‍റെ ആദ്യഭാഗത്തു കാണുന്നത്. പ്രവാചകന്‍റെ ശബ്ദം ശ്രവിച്ച ജനത്തോടു ദൈവം കരുണ കാണിക്കുന്നതും അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതും (1:1-2,27) യഹോവയുടെ ദിവസത്തിൽ ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ലഭിക്കാൻ പോകുന്ന സൗഭാഗ്യവും ജനതകള്‍ക്കുള്ള ശിക്ഷയുമാണ് രണ്ടാംഭാഗത്തു വിവരിക്കുന്നത് (2:28-3:21). അവസാന നാളുകളില്‍ എല്ലാ മനുഷ്യരുടെയുംമേൽ ആത്മാവിനെ വര്‍ഷിക്കുമെന്ന യോവേൽ പ്രവചനം സവിശേഷശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. മൂന്ന് അദ്ധ്യായങ്ങളിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 835-നും 796-നും ഇടയിൽ യോവേൽ രചന നടത്തിയതായി കരുതുന്നു.


@@@@

30. ആമോസ് (ഭാരം വഹിക്കുന്നവൻ


ചെറിയ പ്രവാചകന്‍മാരുടെ പട്ടികയിൽ മൂന്നാമത്തേതെങ്കിലും ചരിത്രപരമായി ലിഖിതപ്രവചനങ്ങളുടെ എഴുത്തുകാരിൽ ഒന്നാം സ്ഥാനം ആമോസിനാണ്. ഗ്രന്ഥം മുഴുവന്‍ പ്രവാചകൻ സ്വന്തമായി എഴുതിയെന്നു ധരിക്കേണ്ടതില്ല. പ്രവചനങ്ങളില്‍ ഏറിയപങ്കും ശിഷ്യന്മാർ സംഭരിച്ചതായിരിക്കണം. തെക്കോവയിലെ ഒരു ആട്ടിടയനായ ആമോസ് വടക്കേരാജ്യമായ യിസ്രായേലിൽ യൊരോബെയാമിന്‍റെ കാലത്ത് ചുരുങ്ങിയ കാലയളവില്‍ മാത്രമാണ് പ്രവാചകദൗത്യം നിര്‍വഹിച്ചത് (ബിസി. 760-750). യിസ്രായേലിനോടു ക്രൂരത കാട്ടിയ ചുറ്റുമുള്ള ജനതകളെ ദൈവം കഠിനമായി ശിക്ഷിക്കാൻപോകുന്നു എന്നു പറഞ്ഞുകൊണ്ട് പ്രഘോഷണം ആരംഭിച്ച (1:1-2,16) പ്രവാചകന്‍ സാവധാനം യിസ്രായേലിന്‍റെ നേരേ തിരിയുകയാണ്. യിസ്രായേലിൽ നടമാടിയിരുന്ന സാമൂഹ്യഅനീതികളുടെ പട്ടിക നിരത്തിവച്ചുകൊണ്ട് ദൈവത്തോടുള്ള വിശ്വസ്തത വെടിഞ്ഞ ജനത്തിനെതിരേ വിധി പ്രസ്താവിക്കുകയാണ് പ്രവാചകന്‍യഹോവയുടെ ദിവസം ആസന്നമാണ് (3:1-6, 14). യിസ്രായേലിന്‍റെ അന്ത്യത്തെ സൂചിപ്പിക്കുന്ന നാലു ദര്‍ശനങ്ങളും രക്ഷയുടെ വാഗ്ദാനവും അടങ്ങുന്നതാണ് ഗ്രന്ഥത്തിന്‍റെ അവസാനഭാഗം (7:1-9, 15). സാമൂഹ്യനീതിയുടെയും ദൈവികനീതിയുടെയും പ്രവാചകനാണ് ആമോസ്. ഒന്‍പതു അദ്ധ്യായങ്ങളിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 760-നും 750-നും ഇടയിൽ രചന നടത്തിയതായി കരുതുന്നു.


@@@@
31. ഓബദ്യാവ് (യഹോവയുടെ ആരാധകൻ)


ഉള്ളടക്കം

ഇരുപത്തൊന്നു വാക്യങ്ങള്‍ മാത്രമുള്ള ഈ ചെറിയ പുസ്തകത്തിന്‍റെ അകത്തുനിന്നോ പുറത്തു നിന്നോ ഗ്രന്ഥകര്‍ത്താവിനെപ്പറ്റി പേരല്ലാതെ മറ്റൊരു വിവരവും ലഭ്യമല്ല. യെരുശലേമിന്‍റെ നാശം കണ്ടുരസിച്ചവൻ എന്ന് ഏദോമിനെപ്പറ്റി പറയുന്ന പശ്ചാത്തലത്തില്‍ (10-11) ബിസി. 587 നു ശേഷം ഗ്രന്ഥരചന നടന്നു എന്ന് ഊഹിക്കാം. യിസ്രായേലിന്‍റെ പരമ്പരാഗതശത്രുവായ ഏദോമിന്‍റെ ദ്രോഹങ്ങള്‍ക്കുള്ള പ്രതികാരം ആസന്നമാണ് എന്നു പ്രഖ്യാപിക്കുകയാണ് പ്രവാചകന്‍. യാക്കോബിന്‍റെ പതനത്തിൽ സന്തോഷിച്ച ഏദോം അന്യാധീനമാകും. ഏദോമിന്‍റെ മല തകര്‍ക്കപ്പെടും (1-14). യഹോവയുടെദിവസം ആഗതമാകുമ്പോൾ അവിടുന്ന് ജനതകളെ ശിക്ഷിക്കുകയും യിസ്രായേലിനു രക്ഷ നല്‍കുകയും ചെയ്യും. തങ്ങളെ ദ്രോഹിച്ചവരുടെ ദേശങ്ങള്‍ ഓരോന്നായി യിസ്രായേൽ കൈവശമാക്കും. രാജത്വം യഹോവയ്ക്ക് ആകും.(വാക്യം.21) ഒരു അദ്ധ്യായത്തിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 853-നും 840-നും ഇടയിൽ ഓബദ്യാവ് രചന നടത്തിയതായി കരുതുന്നു.


@@@@
32. യോന (പ്രാവ്)


ഉള്ളടക്കം

യോനായുടെ പ്രവചനത്തെക്കാള്‍ യോനായെപ്പറ്റിയുള്ള ഒരു സംഭവ വിവരണമാണ് ഈ ഗ്രന്ഥം. 2 രാജാ 14, 25-ല്‍ പ്രത്യക്ഷപ്പെടുന്ന യോനാ നിനെവേയില്‍ പോയി പ്രവചിച്ചതായി ചരിത്രപരമായ തെളിവൊന്നും ഇല്ല. പ്രബോധനാത്മകമായ ഈ വിവരണം ബിസി. അഞ്ചാം നൂറ്റാണ്ടിനുമുമ്പ്‌ വിരചിതമായി എന്നു കരുതപ്പെടുന്നു. ദൈവത്തിന്‍റെ സന്‌ദേശം ലഭിച്ച പ്രവാചകൻ അതിനു വഴങ്ങാതെ ഒളിച്ചോടാൻ നടത്തുന്ന വിഫല ശ്രമമാണ് ആദ്യഭാഗം. (1: 1-2, 10). യഹോവ വീണ്ടും ആവശ്യപ്പെട്ടതനുസരിച്ച് യോനാ നിനെവേയില്‍ എത്തി പ്രസംഗി ക്കുന്നു. അവരുടെ പശ്ചാത്താപം കണ്ടു മനസ്സലിഞ്ഞ് യഹോവ ശിക്ഷ വേണ്ടെന്നു നിശ്ചയിക്കുന്നു (3:1-10). ഇതില്‍ നീരസം തോന്നിയ പ്രവാചകനെ യഹോവ ഒരു പാഠം പഠിപ്പിക്കുന്നതായി അവസാനഭാഗത്തു കാണുന്നു (4:1-11). രക്ഷ തങ്ങളുടെ മാത്രം അവകാശമാണെന്നു ധരിച്ചുവച്ചിരുന്ന യിസ്രായേലിന്‍റെ ഇടുങ്ങിയ ചിന്താ ഗതിക്കുള്ള മറുപടിയാണ് ഈ ഗ്രന്ഥത്തില്‍ കാണുന്നത്. ദൈവത്തിന്‍റെ കാരുണ്യത്തിന് അതിരുകളില്ല. യിസ്രായേലിനെപ്പോലെ തന്നെ എല്ലാജനതകളും അവിടുത്തെ സൃഷ്ടികളാണ്. എല്ലാവരും രക്ഷപ്പെടണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. നാല് അദ്ധ്യായങ്ങളിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 793-നും 753-നും ഇടയിൽ യോന രചന നടത്തിയതായി കരുതുന്നു.


@@@@

33. മീഖാ (യഹോവയെപ്പോലെ ആരുള്ളൂ?


യെരുശലേമിനു തെക്കുപടിഞ്ഞാറ് മോരസ്ത്യനായ മീഖാ യെശയ്യായുടെ സമകാലികനായിരുന്നു. ബിസി. 750-നും 687-നും ഇടയ്ക്ക് എന്നല്ലാതെ കൃത്യമായ കാലനിർണ്ണയം സാധ്യമല്ല. ശമരിയായുടെ പതനത്തെപ്പറ്റി പ്രവചിക്കുന്നതുകൊണ്ട് (721) അതിനു മുന്‍പായിരിക്കണം എന്നു വാദിക്കുന്നവരുണ്ട്. യഹൂദയുടെ പാപങ്ങളും ജനനേതാക്കന്‍മാരുടെ ഉത്തരവാദിത്വരഹിതമായ പ്രവൃത്തികളും എടുത്തുകാട്ടി അവയ്ക്കുള്ള ശിക്ഷ ആസന്നമെന്നു മിഖാ മുന്നറിയിപ്പു നല്‍കുന്നു (1:1-3, 1). യഹൂദയുടെ ശത്രുക്കള്‍ നശിപ്പിക്കപ്പെടുകയും സീയോൻ മഹത്ത്വപൂർണ്ണമാവുകയും ചെയ്യും എന്ന വാഗ്ദാനമാണ് തുടര്‍ന്നു കാണുന്നത്. ദാവീദ്‌വംശജനായ ഒരു രാജാവ് ബേത്‌ലെഹേമിൽ ഉദയംചെയ്യും. അവന്‍ സമസ്ത യിസ്രായേലിനെയും ഭരിക്കും (4:1-5,15). യഹൂദയ്‌ക്കെതിരേയുള്ള ആരോപണങ്ങളും വിധിപ്രസ്താവനയുമാണ് അവസാനഭാഗത്തുള്ളത് (6:1-7, 20). പാവങ്ങളെ ചൂഷണംചെയ്യുന്ന ധനികരും കൊള്ളലാഭമെടുക്കുന്ന കച്ചവടക്കാരും, അനീതിക്കു കൂട്ടുനില്‍ക്കുന്ന ന്യായാധിപന്‍മാരും പങ്കിലരായ പുരോഹിതന്‍മാരും പ്രവാചകന്‍മാരും എല്ലാം മീഖായുടെ വിമര്‍ശനശരങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഏഴ് അദ്ധ്യായങ്ങളിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 742-നും 687-നും ഇടയിൽ മീഖാ രചന നടത്തിയതായി കരുതുന്നു.


@@@@

34. നഹൂം.(ആശ്വസിപ്പിക്കുന്നവൻ)


ഉള്ളടക്കം

അശ്ശൂർ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന നിനെവേയുടെ പതനത്തിന് (ബിസി. 612) തൊട്ടുമുന്‍പാ യിരിക്കണം നഹൂമിന്‍റെ പ്രവചനങ്ങൾ നടന്നത്. നിനെവേയുടെ നാശമാണ് ഗ്രന്ഥത്തിലെ പ്രമേയം. അശ്ശൂര്യരില്‍നിന്ന് അനുഭവിക്കേണ്ടിവന്ന ക്രൂരതയുടെയും അടിമത്തത്തിന്‍റെയും പശ്ചാത്തലത്തിലേ പ്രവാചകന്‍റെ സന്തോഷം മനസ്സിലാക്കാനാവൂ. എല്‍ക്കോശ് എന്ന സ്ഥലസൂചനയല്ലാതെ പ്രവാചകനെപ്പറ്റി മറ്റു വിവരങ്ങൾ ലഭ്യമല്ല. ശത്രുക്കളോടു പ്രതികാരം ചെയ്യുകയും തന്നില്‍ ആശ്രയിക്കുന്നവരെ രക്ഷിക്കുകയും ചെയ്യുന്ന യഹോവയുടെ ശക്തിവൈഭവത്തെ പ്രകീര്‍ത്തിക്കുന്ന ഒരു ഗീതമാണ് ആദ്യം. അവിടുന്ന് ഇനി വൈകുകയില്ല. യഹൂദയുടെ കഴുത്തിലെ നുകം ഒടിക്കും. വിലങ്ങുകള്‍ പൊട്ടിക്കും (1:1-15). നിനെവേയുടെ പതനം പടിപടിയായി വർണ്ണിച്ചുകൊണ്ടുള്ള പ്രവചനങ്ങളാണ് ബാക്കി ഭാഗം (2:1-3,). ദൃക്‌സാക്ഷിവിവരണംപോലെ സജീവമാണ് ഈ ഭാഗം. പ്രതീകങ്ങള്‍ മാറിമാറി ഉപയോഗിച്ചു നാശത്തിന്‍റെ ഭീകരത വരച്ചുകാട്ടുന്നു. സ്വന്തം ജനത്തി നെതിരേ പ്രവാചകന്‍ ഒന്നും ശബ്ദിക്കുന്നില്ല എന്നത് ഒരു പ്രത്യേകതയാണ്. മൂന്നു അദ്ധ്യായങ്ങളിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 663-നും 654-നും ഇടയിൽ നഹൂം രചന നടത്തിയതായി കരുതുന്നു.

@@@@

35. ഹബക്കൂക്ക് (ആലിംഗനം)


ഉള്ളടക്കം

യിസ്രായേലിനെ ഞെരുക്കിയിരുന്ന ശക്തനായ ഒരു ഭരണാധികാരിയുടെ നാശമാണ് ഗ്രന്ഥത്തിലെ പ്രമേയം. ആ ഭരണാധിപന്‍ ആര് എന്നു വ്യക്തമല്ല. അതുകൊണ്ടുതന്നെ കാലനിര്‍ണയവും എളുപ്പമല്ല. അശ്ശൂരിനെയാണ് ഉദ്‌ദേശിക്കുന്നതെങ്കിൽ നഹൂമിന്‍റെ സമകാലികനായിരിക്കണം ഹബക്കൂക്ക്. പ്രവാചകനെപ്പറ്റി മറ്റു വിവരണങ്ങളൊന്നും ലഭ്യമല്ല. പ്രവാചകന്‍റെ രണ്ടു ചോദ്യങ്ങളും കര്‍ത്താവ് അവയ്ക്കു നല്‍കുന്ന മറുപടിയും ഉള്‍ക്കൊള്ളുന്ന ഒരു വിലാപഗാനമാണ് ആദ്യഭാഗം (1:1-2, ). നാടാകെ അനീതിയും അക്രമവും നിറഞ്ഞിട്ടും കര്‍ത്താവ് രക്ഷ നല്‍കുന്നില്ല; ദുഷ്ടന്‍ നീതിമാനെ വിഴുങ്ങുമ്പോഴും അവിടുന്ന് നിശ്ശബ്ദനായിരിക്കുന്നു- ഇതാണ് പ്രവാചകന്‍റെ പ്രശ്‌നം. യഹോവ പ്രവര്‍ത്തിക്കാൻ പോകുന്നു, ദുഷ്ടനു ശിക്ഷയും നീതിമാനു സമ്മാനവും ഉണ്ടാകും എന്നു മറുപടി ലഭിക്കുന്നു. മറ്റുള്ളവരെ വെട്ടിവിഴുങ്ങി ശക്തനായിത്തീര്‍ന്ന ദുഷ്ടശത്രുവിനെതിരേയുള്ള അഞ്ചു ശാപങ്ങളാണ് തുടര്‍ന്നു കാണുന്നത് (2:5-20). തന്‍റെ ജനത്തെയും അഭിഷിക്തനെയും രക്ഷിക്കാൻ ആഗതനാകുന്ന യഹോവയെ ദര്‍ശിച്ച പ്രവാചകൻ ഉതിര്‍ക്കുന്ന പ്രാര്‍ഥനാഗാനത്തോടെയാണ് ഗ്രന്ഥം അവസാനിക്കുന്നത് (3:1-19). ജീവിതത്തിൽ എന്തുതന്നെ നഷ്ടപ്പെട്ടാലും യഹോവയില്‍ മാത്രം ആശ്രയിച്ചു സന്തോഷം കണ്ടെത്തുന്ന പ്രവാചന്‍ ദ്രവ്യാഗ്രഹമല്ല ശാശ്വത ജീവിതത്തിന്‍റെ അടിസ്ഥാനം എന്ന് കാണിച്ചുതരുന്നു. (3:17-19) ഏഴ് അദ്ധ്യായങ്ങളിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 742-നും 687-നും ഇടയിൽ ഹബക്കൂക്ക് രചന നടത്തിയതായി കരുതുന്നു.


@@@@

36. സെഫന്യാവ് (ദൈവം സംരക്ഷിച്ചു.)


ഉള്ളടക്കം

യോശിയാവിന്‍റെ മതനവീകരണപ്രവര്‍ത്തനങ്ങൾ ആരംഭിക്കുന്നതിന് അല്‍പംമുന്‍പ്, ഹിത്യരുടെ ആക്രമണകാലത്തായിരിക്കണം സെഫന്യാവ് പ്രവര്‍ത്തനമാരംഭിച്ചത് (ബി.സി. 630-625). അശ്ശൂരിന്‍റെ സ്വാധീനത്തില്‍പെട്ട് ഏകദൈവവിശ്വാസത്തിനു നിരക്കാത്തതും മ്ലേച്ഛവുമായ പലതും, ആരാധനാമണ്ഡലത്തില്‍പ്പോലും, കടന്നുകൂടിക്കഴിഞ്ഞിരുന്നു. യഹൂദയുടെ ഘോരപാപങ്ങള്‍ക്കുള്ള ശിക്ഷയുടെ നാന്ദിയായി ഹിത്യരുടെ ആക്രമണത്തെ പ്രവാചകൻ കണ്ടു. ഞാന്‍ ഭൂമുഖത്തുനിന്ന് എല്ലാറ്റിനെയും തുടച്ചുമാറ്റും (1:2) എന്നു പ്രഖ്യാപിച്ചുകൊണ്ട് പ്രവാചകൻ യഹൂദയുടെയും യെരുശലേമിന്‍റെയും അവിശ്വസ്തതയ്ക്കും അകൃത്യങ്ങള്‍ക്കുമുള്ള ശിക്ഷയുടെ സമയം – യഹോവയുടെ ദിവസം - അടുത്തിരിക്കുന്നു എന്ന് ആദ്യം മുന്നറിയിപ്പു നല്‍കുന്നു (1:1-2, ). യഹോവയുടെ ദിവസത്തിൽ യെരുശലേമിനോടൊപ്പം ചുറ്റുമുള്ള ജനതകളും ശിക്ഷയേല്‍ക്കും (2, 4-3,8). ജെറുശലെമിലെ പ്രഭുക്കന്‍മാർ,ന്യായാധിപന്‍മാർ, പ്രവാചകന്‍മാർ, പുരോഹിതന്‍മാർ എന്നിവരെ പ്രവാചകൻ നിശിതമായി വിമര്‍ശിക്കുന്നു. ശിക്ഷയുടെ മുന്നറിയിപ്പോടൊപ്പം രക്ഷയുടെ വാഗ്ദാനവും ഉണ്ട്. യഹോവ ശിക്ഷിക്കുന്നത് രക്ഷിക്കാനാണ് (3:9-20). സെഫന്യായുടെ ആശയങ്ങളും ശൈലിയും തൊട്ടുപിന്നാലെ വന്ന യിരെമ്യാവിനെ സ്വാധീച്ചിട്ടുണ്ടാകണം. മൂന്ന് അദ്ധ്യായങ്ങളിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 640-നും 621-നും ഇടയിൽ സെഫന്യാവ് രചന നടത്തിയതായി കരുതുന്നു.


@@@@
37. ഹഗ്ഗായി (ഉല്‍സവം)


ഉള്ളടക്കം

ജെറുശലെമിൽ യഹോവയ്ക്ക് ഒരു ആലയം നിർമ്മിക്കാനുള്ള ആഹ്വാനവുമായി കോരെശ് പുറപ്പെടുവിച്ച കൽപ്പന (2 ദിന 31, 23) ഏറെനാള്‍ നിറവേറ്റപ്പെടാതെ കിടന്നു. ദാരിയൂസ് ഭരണമേറ്റതോടെ ഉണ്ടായ സംഭവവികാസങ്ങള്‍ ജനത്തിന്‍റെ പ്രതീക്ഷ യുണര്‍ത്തി. ഈ സന്ദര്‍ഭത്തിലാണ് തകര്‍ന്നുകിടക്കുന്ന ദേവാലയം പുനരുദ്ധരിക്കുക എന്ന സന്ദേശവുമായി ഹഗ്ഗായി പ്രവാചകൻ കടന്നുവരുന്നത് (ബിസി. 522). ബാബേലില്‍നിന്നു തിരിച്ചെത്തിയ പ്രവാസികളിലൊരുവനായിരുന്നിരിക്കണം പ്രവാചകൻ എന്നല്ലാതെ മറ്റു വിവരങ്ങളൊന്നും നമുക്കില്ല. തങ്ങള്‍ക്കായി മന്ദിരങ്ങൾ പടുത്തുയര്‍ത്താനുള്ള വ്യഗ്രതയിൽ തകര്‍ന്നുകിടക്കുന്ന ദേവാലായത്തെക്കുറിച്ചു ചിന്തിക്കാത്തതാണ് യിസ്രായേലിന്‍റെ ദുഃസ്ഥിതിക്കു കാരണമെന്നു ഹഗ്ഗായി വാദിക്കുന്നു. അവിടുത്തേക്കു ആലയം പണിയുക, അപ്പോള്‍ അവിടുന്ന് ഐശ്വര്യം പ്രദാനം ചെയ്യും (1:1-15). ഇപ്പോൾ പണിയുന്ന ആലയം നിസാരമെന്നു തോന്നിയേക്കാമെങ്കിലും അതു മഹത്വപൂർണ്ണവും ജനത്തിന്‍റെ ഐശ്വര്യത്തിനു നിദാനവുമാകും. സെരുബ്ബാബേലോ യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ടവനായി വിരാജിക്കും (2:1-23). രണ്ടു അദ്ധ്യായങ്ങളിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 520- ൽ ഹഗ്ഗായി രചന നടത്തിയതായി കരുതുന്നു.

@@@@

38. സെഖര്യാവ് (യഹോവ ഓര്‍ക്കുന്നു)


ഉള്ളടക്കം

ഹഗ്ഗായി പ്രസംഗമാരംഭിച്ച് രണ്ടു മാസങ്ങള്‍ക്കകം സെഖര്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി (ബിസി. 522). ഒരു പുരോഹിതന്‍കൂടിയായിരുന്ന സെഖര്യാവ് ഹഗ്ഗായിയെപ്പോലെ ദേവാലയനിർമ്മാണത്തിനു ജനത്തെ പ്രേരിപ്പിക്കുകയും അവര്‍ക്ക് ആവേശം പകരുകയും ചെയ്തു. 9-14 അദ്ധ്യായങ്ങൾ മറ്റൊരു കാലഘട്ടത്തിന്‍റെയും ഗ്രന്ഥകാരന്‍റെയും സൃഷ്ടിയായി കരുതി രണ്ടാം ഹഗ്ഗായി എന്നു വിളിക്കുന്നവരുമുണ്ട്. അനുതാപത്തിനുള്ള ആഹ്വാനത്തോടെയാണ് ഗ്രന്ഥം ആരംഭിക്കുക (1:1-6). യിസ്രായേലിന്‍റെ ശിക്ഷയുടെ നാളുകൾ അവസാനിച്ചു എന്നും രക്ഷയുടെ കിരണങ്ങൾ വീശിത്തുടങ്ങിയെന്നും സൂചിപ്പിക്കുന്ന ഏഴു ദര്‍ശനങ്ങളുടെ വിവരണമാണു തുടര്‍ന്നുള്ളത്. ഉപവാസത്തെക്കുറിച്ചുള്ള ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ് അടുത്തുവരുന്ന അദ്ധ്യായങ്ങൾ. ഉപവാസം ഉത്‌സവമായി മാറുമെന്നു പ്രവാചകൻ പ്രഖ്യാപിക്കുന്നു. പ്രതീക്ഷിച്ചിരുന്ന രക്ഷകന്‍റെ സ്വഭാവത്തിലേക്കു വെളിച്ചംവീശുന്ന പ്രവചനങ്ങളാണ് പിന്നീടുള്ളവ. സമാധാനരാജാവായ അവന്‍ വിനീതനായി കഴുതപ്പുറത്ത് ആഗതനാകുന്ന ചിത്രം പുതിയനിയമത്തിൽ പരിചിതമാണല്ലോ (9:9). യഹോവയുടെ ദിനത്തെക്കുറിച്ചുള്ള യുഗാന്ത്യദര്‍ശനത്തോടെയാണ് ഗ്രന്ഥം അവസാനിക്കുന്നത്. ശത്രുക്കളും വിഗ്രഹാരാധകരും വ്യാജപ്രവാചകന്‍മാരും ഉന്‍മൂലനം ചെയ്യപ്പെടും. യെരുശലേമിനു സുരക്ഷിതത്വം കൈവരും. യഹോവ തന്‍റെ വിശുദ്ധരോടൊത്ത് രാജാവായിവാഴും

(14:1, 21). പതിനാല് അദ്ധ്യായങ്ങളിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 520-നും480-നും ഇടയിൽ സെഖര്യാവ് രചന നടത്തിയതായി കരുതുന്നു.

@@@@


39. മലാഖി (യഹോവയുടെ ദൂതന്‍)


ഉള്ളടക്കം

പ്രവാചകനും പുരോഹിതനുമായ മലാഖി ദേവാലയ പുനര്‍നിര്‍മാണം പൂര്‍ത്തിയായതിനുശേഷമാണ് പ്രവചനമാരംഭിക്കുന്നത് (ബിസി. 516). നെഹമ്യാവ് ദേശാധിപതിയാകുന്നതിനു മുമ്പായിരിക്കണം അത് (ബിസി. 444). കൃത്യമായ കാലനിർണ്ണയം എളുപ്പമല്ല. ദേവാലയപുനര്‍നിർമ്മാണത്തിനുശേഷവും വരള്‍ച്ചയ്ക്കും വിളനാശത്തിനും തുടരെത്തുടരെ ഇരയായിക്കൊണ്ടിരുന്ന ജനം ദൈവവിശ്വാസത്തിന്‍റെയും ദൈവശുശ്രൂഷയുടെയും പ്രസക്തിയെത്തന്നെ ചോദ്യംചെയ്യാൻ തുടങ്ങി. അത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി ആയിട്ടാണ് ഗ്രന്ഥം രചിച്ചിരിക്കുന്നത്. ദൈവത്തിന്‍റെ സ്‌നേഹത്തെപ്പറ്റി സംശയിക്കരുത്. അവിടുത്തെ നാമം അശുദ്ധമാക്കാതെ നിർമ്മലമായ യാഗമര്‍പ്പിക്കുക (1:1-9). ദൈവത്തോട് അവിശ്വസ്തത കാട്ടുകയോ അവിടുത്തെ അസഹ്യപ്പെടുത്തുകയോ അരുത് (2:10,3:9). ദൈവത്തിങ്കലേക്കു തിരിച്ചുവരുക, അവിടുത്തെ സേവിക്കുന്നവര്‍ക്കു പ്രതിഫലം ലഭിക്കും (3:6, 4:4). യഹോവയുടെ ദിവസം ആഗതമാകുന്നതിനു മുന്‍പ് അവിടുന്ന് ഏലിയാവിനെ വീണ്ടും അയയ്ക്കും (4:5,6). ഇത്രയുമാണ് ആറു ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയുംവഴി ഗ്രന്ഥകാരന്‍ നല്‍കുന്ന സന്ദേശം. ജനത്തിനിടയിലെ അനീതിയും ചൂഷണവും, ജനത്തിനു നേതൃത്വം നല്‍കുന്നതിനു പകരം അവരെ വഴിതെറ്റിക്കുന്ന ഇടയന്‍മാരുടെ ഉത്തരവാദിത്വമില്ലായ്മയും പ്രവാചകന്‍റെ രൂക്ഷമായ വിമര്‍ശനത്തിനു പാത്രമാകുന്നുണ്ട്. നാല് അദ്ധ്യായങ്ങളിൽ ക്രമീകരിച്ച ഈ പുസ്തകം ബിസി 450-നും 400-നും ഇടയിൽ മലാഖി രചന നടത്തിയതായി കരുതുന്നു.

@@@@

പുതിയനിയമത്തിലേക്കു സ്വാഗതം


ശുദ്ധനായി സൃഷ്ടിക്കപ്പെട്ടിട്ടു പിശാചുമായി കൂട്ടുചേര്‍ന്ന് അവന്‍റെ ആത്മാവിനെ (മനസ്സിനെ) സ്വീകരിച്ചു ജീവിച്ച മനുഷ്യന്‍റെ ഹൃദയങ്ങളിലെ താല്‍പ്പര്യത്തെയാണ് പഴയനിയമത്തിൽ ദൈവം നിവർത്തിച്ചുകൊടുക്കുന്നത്. എന്നാല്‍ മനുഷ്യനെ സംബന്ധിച്ചു ദൈവാലോചന മറ്റൊന്ന് ആയതുകൊണ്ട് അതിന്‍റെ നിവര്‍ത്തിയിലേക്കാണ് യേശു മനുഷ്യനെ എത്തിക്കുന്നത്. മനുഷ്യന്‍റെ പരിപൂര്‍ണ്ണത ക്രിസ്തുവിലൂടെ നിര്‍വ്വഹിക്കുന്ന ആ മര്‍മ്മം പുതിയ നിയമം വെളിപ്പെടുത്തുന്നു. പഴയനിയമം എന്നുള്ളത് വരാനുള്ള നന്മകളുടെ നിഴല്‍ ആകുന്നു. എന്നാല്‍ പുതിയനിയമം പൂര്‍ണ്ണതയുടെ വെളിപ്പെടലും ആകുന്നു.അതിലേക്കു, ആ പുതിയനിയമത്തിലേക്കു നമുക്ക് കടക്കാം.


പുതിയനിയമം ചുരുക്കത്തിൽ

യേശുവിന്‍റെ ഉപദേശം ലോകചരിത്രത്തിൽ പ്രത്യേകിച്ച്,യൂറോപ്പിന്‍റെ ചരിത്രത്തിൽ, നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തി.യേശുവിനെ ദൈവപുത്രനും രക്ഷകനുമായി അംഗീകരിക്കാത്തവരെപ്പോലും യേശുവിന്‍റെ അസാമാന്യമായ വ്യക്തിത്വവും ഉപദേശവും സ്വാധീനിച്ചു.

സ്വാമി വിവേകാനന്ദന്‍ പോലും യേശുവിന്‍റെ മഹത്വത്തെ ഉയര്‍ത്തുന്നുണ്ട്.

ക്രിസ്തീയവിശ്വാസം അനുസരിച്ച് യേശു ശരീരമായി അവതരിച്ച വചനമാണ്. ദൈവപുത്രനാണ്‌. (യോഹന്നാന്‍ 1:14) ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടാണ്. (യോഹന്നാന്‍1:29) നിത്യജീവൻ നല്‍കുന്ന രക്ഷകൻ ആകുന്നു.(റോമര്‍ 5:17) മനുഷ്യരെ ദൈവത്തിനു സ്വീകാര്യരാക്കിക്കൊണ്ട് ആ ശുശ്രൂഷ പൂ൪ത്തീകരിക്കപ്പെട്ടു .

യഹൂദര്‍ക്ക് യഹോവ പ്രപഞ്ചത്തിന്‍റെ സൃഷ്ടാവും യിസ്രായേലിന്‍റെ മാത്രം രക്ഷകനും രാജാവുമായിരുന്നു. മനുഷ്യരില്‍നിന്നു തികച്ചും അന്യമായ ഒരു വ്യക്തി ദൈവം. ദൈവം യിസ്രായേലുമായി പല കാലങ്ങളിൽ പല ഉടമ്പടികൾ ഉണ്ടാക്കി. യഹൂദരുടെ ദർശനത്തിൽ ദൈവവുമായുള്ള ബന്ധം ഈ ഉടമ്പടികളിലാണ് ഉറപ്പിച്ചിരുന്നത്. എന്നാല്‍ ഈ ഉടമ്പടികളോട് യിസ്രായേല്‍മക്കൾ അവിശ്വസ്തരായിരുന്നു. ദൈവം മോശെയിലൂടെ നല്‍കിയ നിയമങ്ങൾ മനുഷ്യരിൽ നീതി പുറപ്പെടുവിക്കും വിധത്തിൽ യേശു ഒരു പുതിയനിയമം സ്ഥാപിച്ചു. വിശ്വാസം അനുസരിക്കുക എന്നുള്ള പുതിയനിയമത്തിലൂടെ യേശു മനുഷ്യരെ പഴയനിയമത്തില്‍നിന്നും പാപത്തിനു കാരണമായ ജഡത്തില്‍നിന്നും സ്വതന്ത്ര൪ ആക്കി. അങ്ങനെ പാപം നീക്കപ്പെട്ട മനുഷ്യന്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചു യേശുവിന്‍റെ മനസ്സുള്ളവരായി മാറുന്നതിലൂടെ ദൈവരാജ്യം ഭൂമിയിൽ സ്ഥാപിക്കപ്പെടുന്നു. ആ ദൈവരാജ്യത്തിലേക്കുള്ള പ്രവേശനം വിശ്വാസം എന്ന നിയമം അനുസരിക്കുന്നതിലൂടെ ലഭിക്കുന്നു. യേശുവില്‍ വിശ്വസിക്കുന്നവ൪ ആത്മാവിന്‍റെ ഫലങ്ങൾ പുറപ്പെടുവിക്കുകവഴി ഈ ലോകത്തില്‍ത്തന്നെ ദൈവരാജ്യം സൃഷ്ടിക്കുന്നു. അവര്‍ മരണാനന്തരം സ്വര്‍ഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നവരും ആണ്. യേശുവിന്‍റെ ഉപദേശം മനുഷ്യന്‍റെ പ്രാണന്‍റെ (ആത്മാവിന്‍റെ,ദേഹിയുടെ) രക്ഷക്കുള്ളതാണ്.ആ രക്ഷ വിശ്വാസത്തിലൂടെ ഈ ലോകത്തില്‍ ആരംഭിച്ചു ശശ്വതമായി നിത്യജീവനായി നിലനില്‍ക്കുന്ന ഒന്നാണ്. തുടര്‍ന്നുള്ള വചനവ്യാഖ്യാനം ലഭിക്കുന്നതിനു ഈ പുസ്തകത്തോടൊപ്പം ലഭിക്കുന്ന

“പൂര്‍ണ്ണതയിലെത്തുന്ന മനുഷ്യന്‍” എന്ന പുസ്തകം വായിക്കുക.

ദൈവം നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.

പുതിയനിയമം

40.മത്തായി എഴുതിയ സുവിശേഷം

ഉള്ളടക്കം

യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലന്‍മാരിലൊരാളായ മത്തായി ഈ സുവിശേഷം രചിച്ചു എന്നാണ് ആദ്യനൂറ്റാണ്ടുമുതലുള്ള വിശ്വാസം. യഹൂദമതത്തില്‍നിന്നു യേശുവിന്‍റെ ശിഷ്യത്വം സ്വീകരിച്ച പാലസ്തീനിലെ ക്രൈസ്തവസമൂഹത്തെ പ്രധാനമായി ഉദ്‌ദേശിച്ചാണു മത്തായി ഈ സുവിശേഷം രചിച്ചത്. അക്കാരണത്താൽ, നൂറ്റാണ്ടുകളിലൂടെ യഹൂദജനം പ്രതീക്ഷിച്ചുകൊണ്ടിരുന്ന രക്ഷകനായി യേശുവിനെ ഈ സുവിശേഷത്തിൽ അവതരിപ്പിക്കുന്നു.അബ്രാഹാമിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ വംശാവലി എന്ന ശീര്‍ഷകത്തോടെയാണു ഗ്രന്ഥം ആരംഭിക്കുന്നതുതന്നെ. ക്രിസ്തുമാര്‍ഗ്ഗം യഹൂദമതത്തിന്‍റെ തുടര്‍ച്ചയും പരിപൂര്‍ത്തിയുമാണെന്നു സ്ഥാപിക്കാനും സുവിശേഷകൻ ശ്രമിക്കുന്നു. അദ്ദേഹത്തിന്‍റെ വീക്ഷണത്തിൽ, യഹൂദജനത പ്രതീക്ഷിച്ചിരുന്ന സ്വര്‍ഗ്ഗരാജ്യമാണ് യേശുവിന്‍റെ പ്രബോധനങ്ങളിലെ മുഖ്യപ്രമേയം. ഈ സ്വര്‍ഗ്ഗരാജ്യമാകട്ടെ യഹൂദരുടെ ഇടുങ്ങിയ ദേശീയചിന്താഗതിക്ക് അതീതമായി മനുഷ്യവര്‍ഗ്ഗത്തെ മുഴുവനും ആശ്‌ളേഷിക്കുന്ന രക്ഷാകരപദ്ധതി ഉള്‍ക്കൊള്ളുന്നതുമാണ്. മത്തായിയുടെ സുവിശേഷം എന്നപേരിൽ ഇന്നു നമുക്കു ലഭിച്ചിരിക്കുന്ന സുവിശേഷത്തിന്‍റെ മൂലരൂപം ഒന്നാംനൂറ്റാണ്ടിന്‍റെ അവസാനഘട്ടത്തിൽ എഡി.75നും 90വനും ഇടയ്ക്ക് രചിക്കപ്പെട്ടതാണെന്നു കരുതുന്നു. എന്നാല്‍, ഇതിനു മുമ്പുതന്നെ അരാമ്യഭാഷയിൽ ക്രിസ്തുവിന്‍റെ വചനങ്ങളുടെ ഒരു ശേഖരമോ സുവിശേഷംതന്നെയോ മത്തായിയുടേതായി ഉണ്ടായിരുന്നുവെന്നും പാരമ്പര്യമുണ്ട്. പ്രസ്തുത സുവിശേഷത്തിന്‍റെ കൈയെഴുത്തു പ്രതിയൊന്നും കണ്ടുകിട്ടിയിട്ടില്ല.മത്തായിയുടെ സുവിശേഷത്തെ താഴെക്കാണും വിധം വിഭജിക്കാം.

യേശുവിന്‍റെ ജനനവും പരസ്യജീവിതത്തിനുള്ള തയ്യാറെടുപ്പും (1:14-16 ) കന്യകയില്‍നിന്നുള്ള ജനനം, ജ്ഞാനികളുടെ ആരാധന, സ്‌നാപകയോഹന്നാന്‍റെ ദൗത്യം, യേശുവിന്‍റെ സ്‌നാനം,മരുഭൂമിയിലെ പരീക്ഷ എന്നിവയാണ് ഈ ഭാഗത്തു പ്രതിപാദിക്കുന്നത്.

യേശുവിന്‍റെ പ്രബോധനങ്ങളും അദ്ഭുതങ്ങളും

(4:17,അദ്-16,20): പലപ്പോഴായി യേശു നല്കിയ പ്രബോധനങ്ങളുടെയും ദിവ്യവചനങ്ങളുടെയും സമാഹാരമായ ഗിരിപ്രഭാഷണം, സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള ഉപമകൾ, വിവിധതരത്തിലുള്ള അദ്ഭുതങ്ങൾ തുടങ്ങിയവ ഇതില്‍ വിവരിക്കപ്പെടുന്നു.

യേശുവിന്‍റെ പീഡാനുഭവവും മരണവും

(26:47,27:61):പീഡാനുഭവത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ, യെരുശലേമിലെക്കുള്ള യാത്ര, യെരുശലേമില്‍വച്ചു ജനപ്രമാണികളുമായുണ്ടായ സംവാദം, ശിഷ്യന്‍മാര്‍ക്കു നല്കുന്ന അവസാന പ്രബോധനങ്ങള്‍, പീഡാനുഭവം, മരണം, ഉയിര്‍ത്തെഴുന്നേല്പ് എന്നിവയാണ് അവസാനഭാഗത്തു വിവരിക്കുന്നത്.യേശു വിഭാവന ചെയ്യുന്നത് ഒരു പുത്തന്‍ സാമൂഹ്യവ്യവസ്ഥിതി ആണെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ മത്തായിയുടെ സുവിശേഷം നമുക്ക് നല്‍കുന്നുണ്ട്. ഇരുപത്തിയെട്ടു അദ്ധ്യായങ്ങളിൽ ക്രമീകരിച്ചിട്ടുള്ള ഈ പുസ്തകത്തിലെ പ്രധാനപ്പെട്ട വാക്യം 6:33 ആകുന്നു.ദൈവത്തിന്‍റെ സിംഹാസനം നാല് ജീവികൾ താങ്ങിനില്‍ക്കുന്നതായ ഒരു കാഴ്ച യെഹെസ്ക്കേൽ പ്രവാചകന് ഉണ്ടായി.( യെഹെസ്ക്കേൽ 1:10) അവ നാല് സുവിശേഷത്തിന്‍റെ അടയാളങ്ങളായി കരുതുന്നു.ആ നാല് ജീവികളില്‍ ഒന്നാണ് മനുഷ്യന്‍. ക്രിസ്തുവിന്‍റെ മനുഷ്യപ്രകൃതിക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള മത്തായിയുടെ ചിഹ്നം മനുഷ്യന്‍ തന്നെയാണ്.

@@@
41. മര്‍ക്കൊസ് എഴുതിയ സുവിശേഷം


ഉള്ളടക്കം

എഡി. 65 നും 70നും ഇടയ്ക്കു റോമില്‍വച്ച് ഈ സുവിശേഷം എഴുതിയെന്നാണു പരമ്പരാഗതമായ വിശ്വാസം. വിശുദ്ധഗ്രന്ഥത്തില്‍ത്തന്നെയുള്ള സൂചനകളില്‍നിന്ന് അദ്ദേഹം ബർണ്ണബാസിന്‍റെ പിതൃസഹോദരപുത്രനും (കൊലൊ 4:10) പൗലൊസിന്‍റെ ആദ്യത്തെ സുവിശേഷപ്രഘോഷണയാത്രയില്‍ സഹായിയും (അപ്പ 13:2, 15:37-39) പൗലൊസിനോടു കൂടെ കാരാഗൃഹവാസം അനുഭവിച്ചവനും

(കൊലൊ 4:10 ഫിലേ 24) പൗലൊസിന്‍റെയും (2 തിമോ 4:11) പത്രൊസിന്‍റെയും

(1 പത്രൊ 5, 13) സഹായികളിലൊരുവനും ആയിരുന്നു എന്നു കാണാം.

യഹൂദരല്ലാത്ത വിജാതീയ ക്രിസ്ത്യാനികള്‍ക്കുവേണ്ടിയാണ് ഈ സുവിശേഷം എഴുതപ്പെട്ടത്. വിജാതീയരെ പ്രത്യേകം ഉദ്ദേശിച്ചുള്ള വിശദീകരണങ്ങള്‍ ഈ വസ്തുത സൂചിപ്പിക്കുന്നു. മര്‍ക്കൊസിന്‍റെതായ ഒരു പ്രത്യേക പ്രതിപാദനരീതിയിലാണ് ഈ സുവിശേഷത്തിന്‍റെ രചന. ക്രിസ്തുവും മനുഷ്യപുത്രനും ദൈവപുത്രനുമായ യേശുവിന്‍റെ ആത്മാവിഷ്‌ക്കരണവും അതിന് അവിടുത്തെ ആദ്യശിഷ്യ൪ നല്കിയതും ഭാവിശിഷ്യർ നല്‌കേണ്ടതുമായ പ്രതികരണവും ഇത് ഉള്‍ക്കൊള്ളുന്നു. ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ സുവിശേഷം എന്ന ആദ്യവാക്യംതന്നെ ഈ സുവിശേഷത്തിന്‍റെ രത്നച്ചുരുക്കമാണെന്നു പറയാം. സുവിശേഷത്തിന്‍റെ പ്രാരംഭത്തിൽ (1:1-15), സ്‌നാപകയോഹന്നാന്‍റെ ശുശ്രൂഷ, യേശുവിന്‍റെ സ്‌നാനം, പ്രലോഭനങ്ങള്‍, ഗലീലയിലേക്കുള്ള തിരിച്ചുവരവ് എന്നീ കാര്യങ്ങൾ സംക്ഷിപ്തമായി വിവരിക്കുന്നു. മനുഷ്യപുത്രനും ദൈവപുത്രനുമാണ് യേശു എന്ന ആദിമസഭയുടെ വിശ്വാസത്തിന്‍റെ ആവിഷ്‌കരണമാണ് ആദ്യഭാഗത്തെ മുഖ്യപ്രമേയം. യേശു ആരാണ് എന്ന ചോദ്യമാണ് ഈ ഭാഗത്ത് ആവര്‍ത്തിച്ച് ഉന്നയിക്കപ്പെടുന്നത്. പ്രബോധനങ്ങള്‍, രോഗശാന്തികൾ,ഭൂതങ്ങളെ പുറത്താക്കല്‍ തുടങ്ങിയവയിലൂടെ താൻ ദൈവപുത്രനാണെന്നും തന്നിലൂടെ ദൈവരാജ്യം ആഗതമായിരിക്കുന്നുവെന്നും യേശു വ്യക്തമാക്കുന്നു. (1:15). പക്ഷേ, യഹൂദര്‍ക്കോ ശിഷ്യന്മാര്‍ക്കുപോലുമോ ക്രിസ്തുരഹസ്യം പൂര്‍ണമായും വെളിവാകുന്നില്ല, എങ്കിലും തന്‍റെ ശുശ്രൂഷയിലൂടെ താ൯ ആരാണെന്നു ഗ്രഹിക്കാനും അതു പരസ്യമായി പ്രഖ്യാപിക്കാനും യേശു ശിഷ്യരെ ഒരുക്കുന്നുണ്ട്. ഈ ശ്രമം ഫലമണിയുന്നതാണ്, ഒന്നാംഭാഗം ഉപസംഹരിച്ചുകൊണ്ട് ശിഷ്യപ്രധാനിയായ പത്രോസ് നടത്തുന്ന വിശ്വാസപ്രഖ്യാപനം(8:29). ശിഷ്യത്വത്തിന്‍റെ സ്വഭാവം വ്യക്തമാക്കുന്ന രണ്ടാംഭാഗത്ത് (8:31,16:8) ആദ്യം ഒരു പീഡാനുഭവപ്രവചനം, ശിഷ്യര്‍ക്ക് അത് മനസ്സിലാകാതെ വരുന്നത്, തുടര്‍ന്നു ശിഷ്യത്വത്തെപ്പറ്റിയുള്ള ഒരു പ്രബോധനം എന്ന ക്രമത്തിൽ രചിക്കപ്പെട്ട മൂന്നു പീഡാനുഭവപ്രവചനങ്ങളാണു നാം കാണുന്നത്. യേശുവിന്‍റെ യെരുശലേം പ്രവേശനം, അവിടെ നിര്‍വ്വഹിച്ച കാര്യങ്ങൾ, യഹൂദരുമായുള്ള സംവാദങ്ങൾ എന്നിവയാണു മറ്റു പ്രതിപാദ്യങ്ങൾ. യുഗാന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ഉപദേശങ്ങളുമാണു അദ്ധ്യായം 13- ല്‍. മറ്റു സുവിശേഷങ്ങളില്‍ ഉള്ളതുപോലെ, യേശുവിന്‍റെ പീഡാനുഭവം, കുരിശുമരണം, ഉത്ഥാനം എന്നിവയുടെ ചരിത്രമാണ് അവസാന അദ്ധ്യായങ്ങളില്‍ (14-16) വിവരിക്കപ്പെട്ടിരിക്കുന്നത്.

വിജാതീയര്‍ക്കുവേണ്ടിയാണ് മര്‍ക്കൊസ് പതിനാറു അദ്ധ്യായങ്ങളുള്ള തന്‍റെ സുവിശേഷം എഴുതിയത് എങ്കിലും പഴയനിയമഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാണ് യേശു എന്നുള്ളതായ തന്‍റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതായും ഈ സുവിശേഷത്തില്‍ കാണാം. യെഹെസ്ക്കേൽ ദർശനം അനുസരിച്ച് ചിഹ്നം സിംഹം ആണ്.


@@@

42. ലൂക്കോസ് എഴുതിയ സുവിശേഷം

ഉള്ളടക്കം

സുവിശേഷകന്‍ അന്ത്യോക്യയിൽ വിജാതീയ മാതാപിതാക്കളില്‍നിന്നു ജനിച്ചു. വിശുദ്ധ പൗലൊസിന്‍റെ സ്‌നേഹിതനായിരുന്നു അദ്ദേഹം (കൊലൊ 4:14). പൗലോസിന്‍റെ രണ്ടാമത്തെയും (അപ്പ 16:10) മൂന്നാമത്തെയും പ്രേഷിതയാത്രകളിലും റോമിലെ കാരാഗൃഹവാസകാലത്തും ലൂക്കോസും കൂടെയുണ്ടായിരുന്നു. ഇക്കാരണങ്ങളാല്‍, വിജാതീയരുടെ ഇടയിലേക്കു വളര്‍ന്നു വികസിച്ചു കൊണ്ടിരുന്ന സഭയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാൻ മറ്റാരെയുംകാൾ ലൂക്കോസിനു കഴിയുമായിരുന്നു. സ്‌നാപകയോഹന്നാന്‍റെ ജനനത്തെ സംബന്ധിച്ചു ദേവാലയത്തില്‍വച്ചുണ്ടായ അറിയിപ്പോടെ(1:11) ആരംഭിക്കുന്ന സുവിശേഷം, ദേവാലയത്തെക്കുറിച്ചുള്ള പരാമര്‍ശത്തോടെയാണ് അവസാനിക്കുന്നത്(24:53) ദേവാലയത്തിന് പ്രാധാന്യം കൽപ്പിച്ചുകൊണ്ടുള്ള യഹൂദവീക്ഷണത്തിന്‍റെ സ്വാധീനം ഇവിടെ പ്രതിഫലിച്ചുകാണുന്നു. എന്നാല്‍, രക്ഷാകരപദ്ധതി വിജാതീയരെക്കൂടെ ഉള്‍കൊള്ളുന്നതാകയാൽ അവര്‍ക്കു പ്രത്യകിച്ചും സ്വീകാര്യമായൊരു വീക്ഷണം അവലംബിക്കുന്നതിലാണു സുവിശേഷകന്‍റെ സവിശേഷശ്രദ്ധ പതിയുന്നത്. ഇതു വ്യക്തമാക്കാനെന്നോണം, യേശു വിജാതീയരുടെ ഗലീലിയില്‍ പഠിപ്പിച്ചുകൊണ്ടു തന്‍റെ രക്ഷാകരദൗത്യം ആരംഭിക്കുന്നതായും സകല ജാതികളോടും രക്ഷയുടെ സദ്വാര്‍ത്ത അറിയിക്കാൻ ശിഷ്യന്‍മാരെ ചുമതലപ്പെടുത്തിക്കൊണ്ട് അവസാനിപ്പിക്കുന്നതായും സുവിശേഷകന്‍ വിവരിക്കുന്നു. ലൂക്കോസിന്‍റെ സുവിശേഷത്തെ താഴെകാണും വിധം വിഭജിക്കാം. 2,52: ബാല്യകാല സുവിശേഷം, ശുശ്രൂഷയ്ക്കുള്ള ഒരുക്കം, ഗലീലയിലെ ശുശ്രൂഷ, യെരുശലേമിലേക്കുള്ള യാത്ര, യെരുശലേമിലെ ശുശ്രൂഷ, പീഡാനുഭവവും മഹത്വീകരണവും. എഡി. 60-നു മുമ്പ്‌ ഗ്രീസില്‍വച്ച് ഈ സുവിശേഷം രചിക്കപ്പെട്ടു എന്നു കരുതുന്നു. മത്തായിയും മര്‍ക്കൊസും ഉപയോഗിച്ച മൂലരേഖകള്‍ക്കു പുറമെ മറ്റു പാരമ്പര്യങ്ങളും ഈ സുവിശേഷരചനയില്‍ സ്വാധീനംചെലുത്തിയിട്ടുണ്ടെന്ന് വേണം അനുമാനിക്കാന്‍. കാരണം, മത്തായിയുടെ സുവിശേഷത്തില്‍നിന്നും വ്യത്യസ്തമായ ബാല്യകാലസുവിശേഷം, സ്‌നാപകയോഹന്നാനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ, നല്ല ശമരിയാക്കാരന്‍റെ ഉപമ, മാര്‍ത്തയെയും മറിയയെയും കുറിച്ചുള്ള വിവരണം, മുടിയന്‍പുത്രന്‍റെ ഉപമ, പരീശന്മാരുടെയും ചുങ്കക്കാരന്‍റെയും ഉപമ, സക്കായിയുടെ ചരിത്രം, ഹെരോദാവിന്‍റെ മുമ്പാകെയുള്ള വിചാരണ, എമ്മാവൂസിലേക്കുപോയ ശിഷ്യന്‍മാരുടെ അനുഭവം തുടങ്ങി മറ്റു സുവിശേഷങ്ങളിൽ കാണാത്ത പലതും ലൂക്കോസിന്‍റെ സുവിശേഷത്തിൽ ഉണ്ട്. ലഭ്യമായ എല്ലാ രേഖകളും സസൂക്ഷ്മം പരിശോധിച്ച്, ക്രമീകൃതമായ ഒരു സുവിശേഷം (ലൂക്കോസ് 1:1) എഴുതാനാണ് ലൂക്കോസ് പരിശ്രമിക്കുന്നത്. പാരമ്പര്യങ്ങളെ വിശ്വസ്തയോടെ പുനരവതരിപ്പിക്കുക മാത്രമല്ല അദ്ദേഹം ചെയ്യുക, അവയെ സ്വന്തം വീക്ഷണത്തിനു യോജിച്ചവിധം ക്രമപ്പെടുത്തുകയും വിജാതീയ ക്രിസ്ത്യാനികളായ വായനക്കാര്‍ക്കു താൽപ്പര്യം തോന്നാ൯ ഇടയില്ലാത്ത കാര്യങ്ങൾ ഉപേക്ഷിച്ചു കളയുകയും തന്‍റെ അനുഭവത്തിൽനിന്ന് ഉരുത്തിരിഞ്ഞ ഒരു ക്രിസ്തുദര്‍ശനത്തെ അവതരിപ്പിക്കുകയുംകൂടി ചെയ്യുന്നു ഈ സുവിശേഷത്തിൽ. ലൂക്കോസിന്‍റെ സുവിശേഷത്തിലും പഴയനിയമത്തില്‍നിന്നുള്ള ധാരാളം ഉദ്ധരണികൾ കാണാം. അപ്പൊസ്തലന്മാരുടെ പ്രവര്‍ത്തനങ്ങൾ എഴുതുന്നതിനു മുമ്പാണ് ഇരുപത്തിയൊന്ന് അദ്ധ്യായങ്ങളുള്ള ഈ സുവിശേഷം എഴുതപ്പെട്ടതു എന്ന് വേണം കരുതാന്‍. ലൂക്കോസ് 14:28 ഇതിലെ പ്രധാനപ്പെട്ട വാക്യമായി കാണാം. മറ്റു സുവിശേഷകന്മാര്‍ പറയുന്നതുപോലെ അധര്‍മ്മികളോടോപ്പമുള്ള അവിടുത്തെ ക്രൂശീകരണം ലൂക്കോസ് എടുത്തുപറയുന്നുണ്ട്. (ലൂക്കോസ് 22:37) യെഹെസ്ക്കേൽ ദർശനം അനുസരിച്ച് ചിഹ്നം കാള ആണ്.

കൂടുതല്‍ വചനവ്യാഖ്യാനം ലഭിക്കുന്നതിനു ഈ പുസ്തകത്തോടൊപ്പം ലഭിക്കുന്ന “പൂര്‍ണ്ണതയിലെത്തുന്ന മനുഷ്യന്‍” എന്ന പുസ്തകം

വായിക്കുക.

ദൈവം നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.

@@@@


43. യോഹന്നാന്‍ എഴുതിയ സുവിശേഷം

ഉള്ളടക്കം




യേശുവിന്‍റെ ശിഷ്യനായ യോഹന്നാനാണ് നാലാമത്തെ സുവിശേഷത്തിന്‍റെ കര്‍ത്താവ് എന്ന് പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു. ഗ്രന്ഥകര്‍ത്താവിനെ യേശുവിന്‍റെ അടുത്തശിഷ്യനായും അവിടുത്തെ ജീവിതത്തിലെ സംഭവങ്ങള്‍ക്കു ദൃക്‌സാക്ഷിയായും ചിത്രീകരിക്കുന്ന രണ്ടു സന്ദര്‍ഭങ്ങൾ സുവിശേഷത്തില്‍ത്തന്നെ കാണുന്നുണ്ട് (യോഹ 19:35, 21:24). എഡി. 95ല്‍ എഫേസോസിൽ വച്ച് ഇതിന്‍റെ രചന പൂര്‍ത്തിയായിരിക്കണം എന്നാണു പൊതുവെയുളള പണ്ഡിതമതം. ഈ സുവിശേഷം രചിച്ചതിന്‍റെ ഉദ്ദേശ്യം ഗ്രന്ഥകര്‍ത്താവു തന്നെ വ്യക്തമാക്കുന്നുണ്ട്. ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തു ആണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്‍റെ നാമത്തിൽ ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ് (20: 30,31). യേശുവിന്‍റെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന അവിടുത്തെ വാക്കുകളും പ്രവൃത്തികളുമാണ് ഈ സുവിശേഷത്തിന്‍റെ ഉളളടക്കം. ഇവയുടെ ബാഹ്യമായ വിശദാംശങ്ങളില്‍ തങ്ങിനില്ക്കാതെ, ആന്തരാര്‍ത്ഥത്തിലേക്കു ചുഴിഞ്ഞിറങ്ങി, യേശുവില്‍ പൂര്‍ത്തിയായ രക്ഷാകരരഹസ്യം വെളിപ്പെടുത്താനാണ് ഗ്രന്ഥകര്‍ത്താവിന്‍റെ ശ്രമം. അങ്ങനെ എല്ലാവരും യേശുവിന്‍റെ വ്യക്തിത്വത്തെ അതിന്‍റെ എല്ലാ സവിശേഷതകളോടുംകൂടെ മനസ്സിലാക്കി, വിശ്വാസത്തില്‍ എത്തിച്ചേരണമെന്നും അതുവഴി നിത്യജീവനില്‍ പങ്കുചേരാൻ ഇടയാകണമെന്നും അദ്ദേഹം അഭിലഷിക്കുന്നു. ഇക്കാരണത്താല്‍, ‘വിശ്വാസത്തിന്‍റെ സുവിശേഷം’ എന്നും ജീവന്‍റെ സുവിശേഷം എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. (ശിഷ്യന്മാരുടെ മുമ്പാകെ പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ഒരു പരമ്പരയായിട്ടാണ് യേശുവിന്‍റെ പ്രവര്‍ത്തനങ്ങളെ സുവിശേഷകൻ കാണുന്നത്. ഈ കാഴ്ചപ്പാടിനിണങ്ങിയ ശൈലിയില്‍ സാംസ്‌കാരികവും മതപരവുമായ സിദ്ധാന്തങ്ങളുടെയും ഭാഷാസങ്കേതങ്ങളുടെയും സഹായത്തോടെ, തന്‍റെ ക്രിസ്തുവിലുള്ള അനുഭവത്തിലെ അടിസ്ഥാനഘടകങ്ങൾ വിശദീകരിക്കുകയാണ് അദ്ദേഹം. ഈ പരിശ്രമത്തില്‍ ജ്ഞാനവാദം, യഹൂദചിന്ത,യവനചിന്ത തുടങ്ങിയ സമകാലീന ചിന്താധാരകളും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുള്ളതായി കാണുന്നു. നാലാം സുവിശേഷത്തെ പ്രധാനമായും അടയാളങ്ങളുടെ പുസ്തകം, മഹത്വത്തിന്‍റെ പുസ്തകം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിക്കാം. യേശു, പരസ്യജീവിതകാലത്തു പ്രവര്‍ത്തിച്ച നിരവധി അത്ഭുതങ്ങളിലൂടെ പിതാവായ ദൈവത്തിന്‍റെ ആവിഷ്‌കരണമായി തന്നെത്തന്നെ അവതരിപ്പിക്കുന്നതാണ് അടയാളങ്ങളുടെ പുസ്തകത്തിലെ പ്രതിപാദ്യം. കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും പിതാവായ ദൈവത്തിന്‍റെ മഹത്വത്തിലേയ്ക്കുള്ള യേശുവിന്‍റെ കടന്നുപോകലാണു മഹത്വത്തിന്‍റെ പസ്തകത്തിൽ വിവരിക്കുന്നത്. കൂടാതെ, ഒരു ആമുഖവും (1:1-18) ഒരു അനുബന്ധവും (21:1-25) ഈ സുവിശേഷത്തിനുണ്ട്.ഇരുപത്തിയൊന്ന് അദ്ധ്യായങ്ങളുള്ള ഈ സുവിശേഷത്തിന്‍റെ മറ്റൊരു പ്രത്യേകത യേശു ഉപമകള്‍ക്ക് പകരം മര്‍മ്മാവതരണത്തിന് അപ്പം, വാതില്‍, ഇടയന്‍, വെളിച്ചം മുതലായ പ്രതീകങ്ങള്‍ ഉപയോഗിക്കുന്നു എന്നുള്ളതാണ്. യെഹെസ്ക്കേൽ ദർശനം അനുസരിച്ച് ചിഹ്നം കഴുകന്‍ ആണ്.


@@@@

44. അപ്പൊസ്തലന്‍മാരുടെ പ്രവര്‍ത്തനങ്ങൾ

ഉള്ളടക്കം

മൂന്നാമത്തെ സുവിശേഷത്തിന്‍റെ കര്‍ത്താവായ ലൂക്കോസ് തന്നെയാണ് അപ്പൊസ്‌തലന്‍മാരുടെ പ്രവര്‍ത്തനങ്ങളും രചിച്ചതെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. ഈ ഗ്രന്ഥത്തിലെ ചില ഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഞങ്ങൾ എന്ന സർവ്വനാമം സൂചിപ്പിക്കുന്നതു ഗ്രന്ഥകര്‍ത്താവും അപ്പൊസ്‌തലന്‍മാരുടെ സുവിശേഷപ്രവര്‍ത്തനങ്ങളിൽ പങ്കുചേര്‍ന്നെന്നും അങ്ങനെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണു ഗ്രന്ഥരചന നടത്തിയതെന്നും ആണല്ലോ. സുവിശേഷരചനയെത്തുടര്‍ന്ന് ലൂക്കോസ് ഗ്രീസിലോ റോമായിലോ വച്ച് അപ്പൊസ്‌തലന്‍മാരുടെ പ്രവര്‍ത്തനങ്ങളും രചിച്ചു എന്നതില്‍ക്കവിഞ്ഞ്, എന്ന്, എവിടെവച്ച് ഈ ഗ്രന്ഥം രചിക്കപ്പെട്ടു എന്നു ഖണ്ഡിതമായി പറയാനാവില്ല. പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും;

യെരുശലേമിലും യഹൂദാമുഴുവനിലും ശമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും (അപ്പൊ 1:8) എന്ന യേശുവിന്‍റെ വാക്കുകൾ, ശിഷ്യന്‍മാർ നടത്തേണ്ടിയിരുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖയായിരുന്നു. പരിശുദ്ധാത്മാവിന്‍റെ ആഗമനത്തോടെ യെരുശലേമിൽ രൂപംകൊണ്ട സഭ വളരെപ്പേരെ അംഗങ്ങളായി സ്വീകരിച്ചതിനുശേഷം അവിടെനിന്നു ശമരിയയിലേക്കു വ്യാപിച്ചു . തുടര്‍ന്ന്, വിജാതീയരുടെ പെന്തക്കൊസ്ത് എന്നു വിശേഷിപ്പിക്കാവുന്ന കൊര്‍ണേലിയൂസിന്‍റെ മാനസാന്തരത്തിന് യെരുശലെം സൂനഹദോസുവഴി ലഭിച്ച ദൈവശാസ്ത്രപരമായ ന്യായീകരണം എന്ന സുപ്രധാനമായ വഴിത്തിരിവിലൂടെ, റോമാസാമ്രാജ്യത്തിന്‍റെ അറിയപ്പെട്ടിരുന്ന മിക്കവാറും എല്ലാകേന്ദ്രങ്ങളിലേക്കും വ്യാപിച്ച്, ഭൂമിയുടെ അതിര്‍ത്തികള്‍വരെയും സഭ ചെന്നെത്തുന്നതിന്‍റെ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽ കാണുക. ഈ വികാസപരിണാമങ്ങളെ രണ്ടായി തിരിക്കാം. മാതൃസഭയായും അപ്പൊസ്‌തലത്വത്തിന്‍റെ ഉറവിടമായും പരിഗണിക്കപ്പെട്ടിരുന്ന യെരുശലേമിനെ കേന്ദ്രമാക്കിയിരുന്ന ആദ്യകാലപ്രവര്‍ത്തനങ്ങളാണ് ആദ്യത്തേത്. ഈ യഹൂദഘട്ടത്തിന്‍റെ നായകൻ പത്രോസ്തന്നെ. യഹൂദന്‍മാരുടെ എതിര്‍പ്പിനു വിഷയമായ ക്രിസ്തുസംഭവം പരിശുദ്ധാത്മാവിന്‍റെ നിരന്തരപ്രചോദനത്താൽ സകലമനുഷ്യരെയും സ്വാധീനിക്കുന്ന വിജാതീയഘട്ടമാണു രണ്ടാമത്തേത്. പൗലൊസാണ് ഈ ഘട്ടത്തിന്‍റെ നായകന്‍. അപ്പൊസ്‌തലന്‍മാരുടെ പ്രവര്‍ത്തനങ്ങളിൽ നമ്മുടെ സവിശേഷശ്രദ്ധയാകര്‍ഷിക്കുന്നതാണ്, ഗ്രന്ഥത്തിന്‍റെ മൂന്നിലൊരു ഭാഗത്തോളം വരുന്ന, പ്രസംഗങ്ങളുടെ സമാഹാരം. അപ്പൊസ്‌തലപ്രമുഖനായ പത്രൊസിന്‍റെ അഞ്ചു പ്രസംഗങ്ങളും സുവിശേഷവര്യനായ പൗലൊസിന്‍റെ ഏഴു പ്രസംഗങ്ങളും ഇതിലുള്‍പ്പെടും; കൂടാതെ സ്‌തെഫാനൊസിന്‍റെ സുദീര്‍ഘമായൊരു പ്രഭാഷണവും.

യഹൂദമതധാരയിൽനിന്ന് ക്രിസ്തുമാര്‍ഗ്ഗം വേറൊരു കൈവഴിയായി പിരിയുന്ന കാലഘട്ടം അപ്പൊസ്‌തലന്‍മാരുടെ പ്രവര്‍ത്തനങ്ങളിൽ വ്യക്തമായി കാണാം.യഹൂദരുടെ അലംഘനീയനിയമമായിരുന്ന പരിച്ഛേദന ഒരുക്രിസ്തുവിശ്വാസിക്കാവശ്യമില്ലെന്നു പ്രഖ്യാപിക്കുന്നതോടുകൂടി ഈ വഴിപിരിയല്‍ ആരംഭിക്കുന്നു.ജഡത്തിന്‍റെ പരിച്ഛേദനയെക്കാൾ ഹൃദയപരിച്ഛേദനക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു പുത്തൻ മാര്‍ഗ്ഗദർശനം ആരംഭിച്ചതിന്‍റെ ഈറ്റുനോവ് അപ്പൊസ്‌തലന്‍മാരുടെ പ്രവര്‍ത്തനങ്ങളിൽ കാണാം. യെരുശലെം ദേവാലയവും യാഗാര്‍പ്പണവും ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. ഏകമനസ്സോടെ പരസ്പരം പങ്കുവെക്കുന്ന, പാപം വിട്ടൊഴിഞ്ഞു ജീവിക്കുന്ന ഒരു സമൂഹമായി വിശ്വാസികൾ മാറി. ഇരുപത്തിയെട്ട് അദ്ധ്യായങ്ങളുള്ള ഈ പുസ്തകം പരിശുദ്ധാവിന്‍റെ പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ ഒരു രേഖയാണ്.

@@@@

45. റോമര്‍ക്കു എഴുതിയ ലേഖനം

ഉള്ളടക്കം
യെരുശലേം മുതൽ ഇല്ലുര്യദേശത്തോളം അതായതു റോമാസാമ്രാജ്യത്തിന്‍റെ പൗരസ്ത്യഭാഗം മുഴുവനിലും, സുവിശേഷസന്ദേശമെത്തിച്ച പൗലൊസ്, സാമ്രാജ്യത്തിന്‍റെ ബാക്കിഭാഗത്തേക്കും തന്‍റെ സുവിശേഷപ്രവര്‍ത്തനം വ്യാപിപ്പിക്കാൻ ആഗ്രഹിച്ചു (റോമർ 15:19). സ്‌പാന്യ വരെ പോകണമെന്നും, പോകുംവഴി റോമാ സന്ദര്‍ശിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം (റോമർ 15:24വ28). ഈ സന്ദര്‍ശനത്തിനു കളമൊരുക്കാനായിരിക്കാം ഈ ലേഖനമെഴുതിയത്. പൗലൊസ് ലേഖനമെഴുതുന്നതിനുമുമ്പുതന്നെ റോമയിൽ ഒരു ക്രിസ്തീയസമൂഹം ഉണ്ടായിരുന്നു എതിനു സൂചനകളുണ്ട്. (അപ്പൊ 18:1). യഹൂദരിലും വിജാതീയരിലും നിന്നു ക്രിസ്തീയവിശ്വാസം സ്വീകരിച്ചവ൪ ഉള്‍പ്പെട്ടതായിരുന്നു ഈ സമൂഹം. ദൈവശാസ്ത്രപരമായി അവരുടെ ഇടയിലുണ്ടായിരുന്ന പ്രവണതകൾ എന്തൊക്കെയായിരുന്നുവെന്നു കൃത്യമായി പറയാനാവില്ല. കൊരിന്ത്യയിലും ഗലാത്തിയയിലും എന്നപോലെ റോമയിലും പ്രബലപ്പെട്ടുവന്ന ഏതെങ്കിലും പ്രത്യേക ചിന്താധാരയ്‌ക്കെതിരായോ പ്രശ്‌നത്തിനു പരിഹാരമായോ പൗലൊസ് ഈ ലേഖനമെഴുതി എു പറയാനും വയ്യ. എങ്കിലും, യഹൂദക്രൈസ്തവരും വിജാതീയക്രൈസ്തവരും തമ്മിൽ ശ്രേഷ്ഠതയെച്ചൊല്ലി റോമയിലെ സഭയിലും മത്സരം നടന്നിരുന്നു എന്ന് ഊഹിക്കാൻ കാരണമുണ്ട്. ഗലാത്യയിൽ സഭയെ യഹൂദീകരിക്കാനുണ്ടായ പ്രവണതയ്‌ക്കെതിരായി ഗലാത്യര്‍ക്കുള്ള ലേഖനം എഴുതിയതിനുശേഷമാണു പൗലൊസ് റോമര്‍ക്കുള്ള ലേഖനം രചിച്ചതെു വ്യക്തം. അക്കാരണത്താല്‍ത്തന്നെ , ഗലാത്യര്‍ക്കുള്ള ലേഖനത്തിലെ പ്രമേയത്തിന്‍റെ വികസിതവും ക്രമീകൃതവുമായ അവതരണമാണു റോമര്‍ക്കുള്ള ലേഖനത്തിൽ കാണുക. തന്‍റെ ജനത്തെ തിരഞ്ഞെടുക്കുതിലുള്ള ദൈവത്തിന്‍റെ സ്വതന്ത്രതീരുമാനം, വിശ്വാസവും വിശുദ്ധീകരണവും തമ്മിലുള്ള ബന്ധം, യേശുവിന്‍റെ മരണവും ഉത്ഥാനവും വഴി സാധിതമായ രക്ഷ, പഴയതും പുതിയതുമായ ഉടമ്പടികളുടെ പരസ്പരപൂരകത്വം, രക്ഷ പ്രാപിക്കുതിനു വിജാതീയരും യഹൂദരും സുവിശേഷം സ്വീകരിച്ചതിന്‍റെ യോജ്യത തുടങ്ങിയ ആശയങ്ങള്‍ ഈ ലേഖനത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
ഘടന
1: 1-15 അഭിവാദനം, കൃതജ്ഞത, റോമായിലെത്താനുള്ള തീവ്രമായ ആഗ്രഹം. യേശുക്രിസ്തു സുവിശേഷത്തിന്‍റെ കേന്ദ്രബിന്ദു; ദൈവത്തിന്‍റെ നീതി വിശ്വസിക്കുവനെ സുവിശേഷംവഴി നീതികരിക്കുന്നു; ദൈവത്തിന്‍റെ സ്‌നേഹം നീതികരിക്കപ്പെട്ടവനു സുവിശേഷംവഴി രക്ഷ പ്രദാനം ചെയ്യുന്നു. യേശുക്രിസ്തുവില്‍ പുതിയ ജീവൻ പ്രാപിച്ചവരുടെ യഥാര്‍ത്ഥ ആരാധനയെയും (12: 1-13, 14) സ്‌നേഹത്തെയും (14:1-15) സംബന്ധിച്ച ഉപദേശങ്ങള്‍. 15:14-16, ഉപസംഹാരം, അഭിവാദനങ്ങള്‍. എഡി അന്‍പതിനും അറുപതിനും ഇടയിൽ കൊരിന്തില്‍ വെച്ച് എഴുതിയ ഈ ലേഖനത്തിൽ പതിനാറ് അദ്ധ്യായങ്ങളുണ്ട്.ഇതിലെ പ്രധാനപ്പെട്ട വാക്യം അദ്ധ്യായം 6-ന്‍റെ 6-ഉം 7-ഉം വാക്യങ്ങള്‍ ആണ്.
@@@@


46,47. കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നും രണ്ടും ലേഖനങ്ങൾ

· ഉള്ളടക്കം


ഗ്രീസിലെ ഒരു പ്രമുഖ പട്ടണമായിരുന്നു കൊരിന്ത്. കൊരിന്തിലെ ക്രിസ്ത്യാനികളില്‍ നല്ലൊരുഭാഗം താഴ്ന്ന വര്‍ഗ്ഗക്കാരിൽ നിന്നും (1 കൊരി 1:26-29), മറ്റുള്ളവര്‍ യഹൂദരില്‍നിന്നും മനസ്സു തിരിഞ്ഞവരായിരുന്നു

(അപ്പ18:4-5. 1 കൊരി 1:10-16). പ്രവചനവരം, വിവിധഭാഷകള്‍ സംസാരിക്കുന്നതിനുള്ള കഴിവ് മുതലായ നിരവധി ദാനങ്ങളാല്‍ അനുഗ്രഹീതരായിരുന്നു അവരില്‍ പലരും.(1 കൊരി 12:1-11, 14:26-40). എന്നാല്‍, സന്‍മാര്‍ഗ്ഗികനിയമങ്ങൾ സംബന്ധിച്ചവിജ്ഞാനം അവര്‍ക്കു കുറവായിരുന്നു.പൗലോസ് തന്‍റെ രണ്ടാം സുവിശേഷയാത്രയിലാണ് കൊരിന്ത് സന്ദര്‍ശിച്ചത്

(അപ്പ 18:1). തദവസരത്തില്‍ പ്രിസ്കില്ല, തീത്തൊസ്, ക്രിസ്‌പോസ് മുതലായ പ്രഗല്ഭരെ ശിഷ്യപ്പെടുത്തുകയും അനേകരെ മാനസാന്തരപ്പെടുത്തുകയും ചെയ്തു.

(അപ്പ18:7-11; 1 കൊരി 1:14). കൊരിന്ത്യര്‍ക്കുള്ള രണ്ടു ലേഖനങ്ങളും പൗലോസ് തന്‍റെ മൂന്നാമത്തെ സുവിശേഷയാത്രയിൽ എഴുതിയതാണ്. എഡി. 57ന്‍റെ ആരംഭത്തിൽ ഒന്നാം ലേഖനവും അവസാനത്തിൽ രണ്ടാം ലേഖനവും എഴുതിയതായി കണക്കാക്കപ്പെടുന്നു. ഒന്നാം ലേഖനം എഫെസോസില്‍വച്ചും, രണ്ടാമത്തേത് മക്കദോനിയയിലെ ഫിലിപ്പിയില്‍വച്ചുമാണ് എഴുതിയത്. കൊരിന്ത്യയിലുള്ളവ൪ പൗലൊസിനോട് എഴുതിച്ചോദിച്ച കാര്യങ്ങൾ, അവരെപ്പറ്റി ലഭിച്ചവിവരങ്ങള്‍ എന്നിവയാണ് ഈ ലേഖനം എഴുതാൻ അപ്പൊസ്‌തലനെ പ്രേരിപ്പിച്ചത്. 1കൊരിന്ത്യ1:11-17 വരെയുള്ള ഭാഗം ക്ലോവയുടെ വീട്ടുകാരില്‍നിന്നു ലഭിച്ചവിവരങ്ങളെ ആസ്പദമാക്കി എഴുതിയതാണ്. ക്രൈസ്തവവിശ്വാസത്തിന്‍റെ അടിസ്ഥാനം ലൗകികവിജ്ഞാനമല്ലെന്നും, സന്‍മാര്‍ഗ്ഗികജീവിതത്തിലും പരസ്‌നേഹപ്രവൃത്തികളിലും കൊരിന്ത്യർ അഭിവൃദ്ധി പ്രാപിച്ചിട്ടില്ലെന്നും അപ്പൊസ്‌തലൻ സ്ഥാപിക്കുന്നു. കൊരിന്ത്യരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് 7:1 മുതൽ 11:33 വരെ. ബ്രഹ്മചര്യം, വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച ബലിവസ്തു എന്നിവ ഇവിടെ പരാമര്‍ശിക്കപ്പെടുന്നു. കൊരിന്തില്‍നിന്ന് എഴുത്തുകൊണ്ടുവന്നവ൪ നേരിട്ടു നല്കിയ വിവരങ്ങളെ ആസ്പദമാക്കി എഴുതിയതാണ് ബാക്കിഭാഗം. തിരുവത്താഴ ശുശ്രൂഷയുള്‍പ്പെടെ, ആരാധനാസംബന്ധമായ ക്രമങ്ങളും ദാനങ്ങളുടെ സ്വഭാവവും പരസ്‌നേഹത്തിന്‍റെ മേന്മയും ഉയിര്‍പ്പിന്‍റെ മാഹാത്മ്യവുമെല്ലാം ഈ അദ്ധ്യായങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ആദ്യ ലേഖനം കൊരിന്ത്യരുടെയിടയിൽ കൂടുതൽ അസ്വസ്ഥത ജനിപ്പിച്ചു. ഇതറിഞ്ഞഅപ്പൊസ്‌തലൻ വളരെയധികം ദുഃഖിക്കുകയും അവരെ നേരിട്ടു സന്ദര്‍ശിക്കുകയും ചെയ്തു. അതുകൊണ്ടും ഫലമുണ്ടാകാതെ പൗലൊസ് എഫെസോസിലേക്കു മടങ്ങുകയും കണ്ണുനീരോടുകൂടെ ഒരെഴുത്ത് അവര്‍ക്ക് അയയ്ക്കുകയും ചെയ്തു.

(2 കോറി 2:4). കൊരിന്ത്യരെ സമാധാനിപ്പിക്കാ൯ തീത്തൊസിനെ പൗലൊസ് അങ്ങോട്ടയച്ചു. അതിനുശേഷം അപ്പൊസ്‌തലൻ എഫെസോസില്‍നിന്നു മക്കദോനിയയിലേക്ക് പുറപ്പെട്ടു. പൗലൊസ് ഫിലിപ്പിയയിലായിരിക്കുമ്പോൾ തീത്തൊസ് കൊരിന്തില്‍നിന്ന് ആശ്വാസജനകമായ സന്ദേശവുമായി അദ്ദേഹത്തിന്‍റെ അടുത്തെത്തി. അപ്പോഴാണ് കൊരിന്ത്യര്‍ക്കുള്ള രണ്ടാമത്തെ ലേഖനം എഴുതുത്. സുവിശേഷപ്രവര്‍ത്തനത്തെയും അപ്പൊസ്‌തലന്‍റെ വ്യക്തിപരമായ ജീവിതത്തെയും ന്യായീകരിച്ചു കാണിക്കുകയാണ് ഈ ലേഖനത്തിന്‍റെ പ്രത്യേക ഉദ്ദേശ്യം. പൗലൊസ് തന്‍റെ അപ്പൊസ്‌തലാധികാരവും അവകാശങ്ങളും ആദ്യഭാഗത്ത് വ്യക്തമാക്കുന്നു. തുടര്‍ന്നു ക്രൈസ്തവർ ഔദാര്യശീലമുള്ളവരായിരിക്കണമെന്നും, ജെറുശലെമിലെ ക്ഷാമം പരിഗണിച്ച് അവിടത്തെ വിശ്വാസികള്‍ക്കുവേണ്ടി ഒരു ധനശേഖരണം നടത്തണമെന്നും ഉദ്‌ബോധിപ്പിക്കുന്നു. അപ്പൊസ്‌തലനെ വ്യക്തിപരമായി വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് അവസാന ഭാഗം (2 കൊരിന്ത്യർ 10:1-13) ആകെ ഇരുപത്തൊമ്പതു(16+13) അദ്ധ്യായങ്ങളുള്ള ഈ പുസ്തകങ്ങൾ ദൈവജ്ഞാനത്തിൽ ദൈവത്തെ അന്വേഷിക്കാത്തവര്‍ക്കുള്ള താക്കീത് നല്‍കുമ്പോൾ സുവിശേഷപ്രസംഗം അങ്ങനെയുള്ളവര്‍ക്ക് ഭോഷത്വമാണെന്നും ആ ഭോഷത്വത്തിലൂടെ മനുഷ്യ൯ പാപത്തില്‍നിന്നും രക്ഷ പ്രാപിക്കമെന്നും വ്യക്തമാക്കുന്നു.


@@@@

48. ഗലാത്യര്‍ക്ക് എഴുതിയ ലേഖനം

ഉള്ളടക്കം


ആധുനിക തുര്‍ക്കിയുടെ ഒരു ഭാഗമാണ് ഏഷ്യാമൈനറിൽ ഗലാത്തിയാ എന്നറിയപ്പെടുന്ന റോമന്‍ പ്രവിശ്യ. ഇതിലുള്‍പ്പെട്ടിരുന്ന പ്രദേശങ്ങൾ രാഷ്ട്രീയ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തങ്ങളായിരുന്നതുകൊണ്ട്, പൗലൊസിന്‍റെ ലേഖനത്തിൽ പരാമര്‍ശിക്കപ്പെടുന്ന ഗലാത്തിയാ ഏതെന്നു സൂക്ഷ്മമായിപ്പറയുക പ്രയാസമാണ്. പൗലൊസ് തന്‍റെ രണ്ടാം പ്രേഷിതയാത്രയ്ക്കിടയിൽ ഇവിടെ സ്ഥാപിച്ച സഭകളെ മൂന്നാമത്തെ യാത്രയിലും സന്ദര്‍ശിക്കുകയുണ്ടായി. അതിനുശേഷം, എ.ഡി. 53-നും 58-നും ഇടയ്ക്ക എഫെസോസിലോ മക്കദോനിയയിലോ വച്ചായിരിക്കണം, പൗലൊസ് ഗലാത്തിയയിലെ സഭകള്‍ക്ക് ഈ ലേഖനം എഴുതിയതെന്നാണ് പ്രബലമായ അഭിപ്രായം. ഗലാത്തിയയിലെ സഭ മിക്കവാറും യഹൂദേതര ക്രിസ്ത്യാനികള്‍ മാത്രം അടങ്ങിയതായിരുന്നു. പൗലൊസ് ഗലാത്തിയാ വിട്ടതിനുശേഷം, യഹൂദക്രിസ്ത്യാനികള്‍ അവിടം സന്ദര്‍ശിച്ച്, അബദ്ധ പ്രബോധനങ്ങള്‍ വഴി സഭയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനിടയാക്കി (1:7). വിജാതീയനായ ഒരാള്‍ ക്രിസ്ത്യാനിയാകണമെങ്കിൽ, മോശെയുടെ നിയമങ്ങൾ അനുസരിക്കണമെന്നും യഹൂദാചാരങ്ങളൊക്കെയും പാലിക്കണമെന്നും പരിച്ഛേദനത്തിനു വിധേയനാകണമെന്നും ചുരുക്കത്തില്‍ ബാഹ്യമായ ആചാരങ്ങളിലൂടെ ഒരു യഹൂദനാകണമെന്നും അവ൪ നിര്‍ബന്ധിച്ചു. ഇവരുടെ സ്വാധീനത്താലും സമ്മർദ്ദത്താലും പരിച്ഛേദനം സ്വീകരിച്ച ഗലാത്തിയക്കാർ മറ്റുള്ളവരെയും അതിനു പ്രേരിപ്പിച്ചുകൊണ്ടിരുന്നു. യഹൂദാചാരവാദികളാകട്ടെ പൗലൊസിന്‍റെ അധികാരത്തെത്തന്നെയും ചോദ്യംചെയ്യാന്‍ തുടങ്ങി. മോശൈകനിയമത്തിന്‍റെ അനുഷ്ഠാനത്തിനു പ്രാധാന്യം നല്‍കാതെ, വിജാതീയ ക്രിസ്ത്യാനികള്‍ക്കുവേണ്ടി സുവിശേഷത്തെ ലാഘവപ്പെടുത്തിയെന്നും തന്‍മൂലം പൗലൊസിന് അപ്പൊസ്‌തലാധികാരമില്ലെന്നും അവർ വാദിച്ചു. മുഖ്യമായും ഇത്തരക്കാര്‍ക്കെതിരായാണ് പൗലൊസ് ഗലാത്തിയക്കാര്‍ക്കുള്ള ലേഖനം രചിച്ചത്. ലേഖനത്തിന്‍റെ ആദ്യഭാഗത്തു പൗലൊസ് തന്‍റെ അപ്പൊസ്‌തലാധികാരത്തിനു തെളിവുകൾ നിരത്തുന്നു. തുടര്‍ന്ന്, യഹൂദാചാരങ്ങളില്‍ നിന്നും മോശയുടെ നിയമത്തിൽ നിന്നും വിജാതീയർ സ്വതന്ത്രരായിരിക്കുകയെന്നതിന്‍റെ ആവശ്യകതയാണ് അദ്ദേഹം ഊന്നിപ്പറയുന്നത് ( 3:1-4). നിയമാനുഷ്ഠാനംവഴിയല്ല, വിശ്വാസംമൂലമാണ് മനുഷ്യന്‍ ദൈവത്തിന്‍റെ മുമ്പിൽ നീതിമാനായി പരിഗണിക്കപ്പെടുക; ജീവിതാനുഭവങ്ങളും അബ്രാഹാമിന്‍റെ മാതൃകയും അതാണു വ്യക്തമാക്കുന്നത്. നിയമത്തിന്‍റെ ആധിപത്യകാലം അവസാനിച്ചു; ദൈവത്തില്‍നിന്നുള്ള പുത്രത്വസ്വീകാരത്തിന്‍റെ, പരിശുദ്ധാത്മാവിന്‍റെ അനന്തരഫലമായ പാപത്തില്‍നിന്നുള്ള സ്വാതന്ത്ര്യത്തിന്‍റെ കാലം ആരംഭിക്കുകയും ചെയ്തിരിക്കുന്നു (3:25, 4:7). പരിശുദ്ധാത്മാവിനോടു വിധേയരായി വിശ്വാസത്തിൽ ജീവിക്കാനും ദൈവത്തിന്‍റെ കൃപാവരങ്ങൾ കാത്തുസൂക്ഷിക്കാനും ഗലാത്തിയക്കാരെ പ്രത്യേകം അനുസ്മരിപ്പിച്ചുകൊണ്ടാണു ആറ് അദ്ധ്യായങ്ങൾ ഉള്ള തന്‍റെ ലേഖനം പൗലൊസ് ഉപസംഹരിക്കുന്നത് (5:1- 6,10).

@@@@

പുതിയനിയമം
49. എഫെസ്യർക്കു എഴുതിയ ലേഖനം

ഉള്ളടക്കം


പൗലൊസ് തന്‍റെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രേഷിതയാത്രകളിൽ, മൂന്നുവര്‍ഷത്തോളം എഫെസ്യ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിട്ടുണ്ട്.

(അപ്പൊ 18:19-21, 19:1-10) എന്നാൽ, എഫെസ്യർക്കുള്ള ലേഖനം രചിച്ചതു പൗലൊസ് തന്നെയാണോ, അതോ അദ്ദേഹത്തിന്‍റെ ശിഷ്യരിൽ ആരെങ്കിലുമാണോ എന്നത് ഇന്നും വിവാദവിഷയമാണ്. ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന പദങ്ങളും ശൈലികളും പരിഗണിച്ചാല്‍, പൗലൊസല്ല, അദ്ദേഹത്തിന്‍റെ ആശയങ്ങളും വാദമുഖങ്ങളും നന്നായറിയാമായിരുന്ന ഒരു ശിഷ്യനായിരിക്കണം ലേഖനകര്‍ത്താവ് എന്ന അഭിപ്രായം കൂടുതൽ സ്വീകാര്യമായിത്തോന്നും. ലേഖനകര്‍ത്താവ് ആരുതന്നെയായാലും പൗലൊസിന്‍റെ ലേഖനംപോലെ തന്നെ കരുതി ഇതിനെ വ്യാഖ്യാനിക്കുന്നതാണ് ഉചിതം. എഫെസ്യരെ നേരിൽ പരിചയപ്പെട്ടിരുന്ന പൗലൊസ് അവരെ പ്രത്യേകമായി ഉദ്ദേശിച്ചാണ് ഈ ലേഖനം എഴുതിയതെങ്കിൽ അദ്ദേഹവുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചുള്ള പരാമര്‍ശങ്ങൾ ഈ ലേഖനത്തിലും കാണേണ്ടതായിരുന്നു. ഇക്കാരണത്താല്‍ എഫെസ്യരെ മാത്രം ഉദ്ദേശിച്ചല്ല, ഏഷ്യയിലെ സഭകളിലെല്ലാം വായിക്കാന്‍വേണ്ടി രചിക്കപ്പെട്ടതായാണ് പണ്ഡിതന്മാരിലധികവും ഈ ലേഖനത്തെ പരിഗണിക്കുന്നത്. ലേഖനകര്‍ത്താവു തടവിലായിരിക്കുമ്പോഴാണ് എഴുതുന്നതെന്നു ലേഖനത്തില്‍ത്തന്നെ ആവര്‍ത്തിച്ചു പറയുന്നുണ്ട്.

(3:1; 4:1; 6:19). എഡി. 58-നും 60-നും ഇടയ്ക്കു റോമയിൽ വച്ചായിരിക്കണം ഈ ലേഖനം എഴുതിയതെന്നു പൊതുവേ കരുതപ്പെടുന്നു., ക്രിസ്തുവിശ്വാസം സ്വീകരിക്കാ൯ വിജാതീയര്‍ക്കു ലഭിച്ച വിളിയുടെ രഹസ്യമാണ് ലേഖനത്തിന്‍റെ ആദ്യഭാഗത്തെ പ്രതിപാദ്യം (1:3- 3:20). രക്ഷപ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന യഹൂദരെയും അതില്‍നിന്ന് അകന്നുജീവിച്ചിരുന്ന വിജാതീയരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാർവ്വത്രിക രക്ഷാപദ്ധതിയെ ലേഖനകര്‍ത്താവു പുകഴ്ത്തുന്നു. യഹൂദരെയും വിജാതീയരെയും തമ്മിൽ വേര്‍തിരിച്ചിരുന്ന ശത്രുതയുടെ മതിൽ (ന്യായപ്രമാണം, പാപത്തിന്‍റെപ്രമാണം എന്നിവ) ക്രിസ്തു തന്‍റെ മരണം മൂലം തകര്‍ത്ത് ഇരുകൂട്ടരെയും ഒരു ജനമാക്കിതീര്‍ത്തു (2:11-22). വിജാതീയരെ പ്രത്യേകിച്ചും ക്രിസ്തുവിന്‍റെ സഭയിലേക്ക് വിളിക്കാനാണ് പൗലൊസ് നിയോഗിക്കപ്പെട്ടിരുന്നത്.

(3:1-19). 4:1-16ല്‍, സഭാംഗങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വൈവിധ്യമാര്‍ന്ന ദാനങ്ങളത്രയും ക്രിസ്തുവിന്‍റെ ശരിരത്തെ പണിതുയര്‍ത്താനാണു പ്രയോജനപ്പെടുത്തേണ്ടതെന്നു വ്യക്തമാക്കികൊണ്ട്, സഭയില്‍ എന്നും നിലനില്‌ക്കേണ്ട ഐക്യത്തെ ഊന്നിപ്പറയുന്നു. വിജാതിയരീതികളുപേക്ഷിച്ച്, ക്രിസ്തുവുമായി ഐക്യപ്പെട്ട്, എല്ലാ തുറകളിലും ഒരുപുതിയജീവിതം ആരംഭിക്കണമെന്നു ലേഖനകര്‍ത്താവു തുടര്‍ന്നു നിർദ്ദേശിക്കുന്നു.

(4:17- 6:9). ദൈവത്തിന്‍റെ ആയുധങ്ങൾ ധരിച്ച്, പിശാചിനും അന്ധകാരശക്തികള്‍ക്കുമെതിരേ യുദ്ധംചെയ്യാനുള്ള പ്രബോധനമാണ് അവസാനഭാഗത്തുകാണുന്നത്(6:10-20).വിവാഹ ജീവിതത്തില്‍ ഭാര്യക്കും ഭര്‍ത്താവിനുമുള്ള കടമകള്‍, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം,അതില്‍ പാലിക്കേണ്ട മര്യാദകള്‍,യജമാനനും അടിമയും തമ്മിലുള്ള ബന്ധം,അവര്‍ അനുഷ്ടിക്കേണ്ട കടമകൾ എന്നിവ സവിസ്തരം പ്രതിപാദിക്കുന്നു. ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയെ പണിതുയര്‍ത്തുന്നതിനു നിയോഗിക്കപ്പെട്ടിരിക്കുന്ന വിവിധ ശുശ്രൂഷരെക്കുറിച്ചുള്ള വ്യക്തമായ അറിവ് ഈ ലേഖനത്തില്‍നിന്നു നമുക്ക് ലഭിക്കുന്നു. ഒരു വിശ്വാസിയുടെ ജീവിതം തിന്മകളോടുള്ള സമരമായാണ് പൗലൊസ്‌ നോക്കിക്കാണുന്നത്. വിശ്വാസജീവിതത്തിൽ പ്രാര്‍ത്ഥനക്കുള്ള സ്ഥാനം ഈ ലേഖനത്തിൽ പൗലൊസ്‌ ഊന്നിപ്പറയുന്നു. ആറ് അദ്ധ്യായങ്ങളുള്ള ഈ ലേഖനം ക്രിസ്തീയ ജീവിതത്തിനു ഒരു ഉത്തമ വഴികാട്ടിയാണ്.

@@@@



50. ഫിലിപ്പിയർക്കു എഴുതിയ ലേഖനം
ഉള്ളടക്കം


പൗലൊസ് തന്‍റെ രണ്ടാമത്തെ പ്രേഷിതയാത്രാ വേളയില്‍ ഫിലിപ്പിയിലെ സഭയ്ക്ക് അടിസ്ഥാനമിട്ടു (അപ്പൊ 16:12-40). ഫിലിപ്പിയിലെ ക്രൈസ്തവര്‍ പൗലൊസിനു പലപ്പോഴും സഹായമെത്തിച്ചുകൊടുക്കുമായിരുന്നു

(ഫിലി 4:16, 2 കൊരി 11:9). അതിനെല്ലാം നന്ദി രേഖപ്പെടുത്തുകയും, ഫിലിപ്പിയിലെ വിശ്വാസികളുടെ ജീവതരീതകളിൽ പൗലൊസിനുള്ള സംതൃപ്തിയും താത്പര്യവും അവരെ അറിയിക്കുകയുമാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം.എഫെസ്യര്‍ക്കും കൊലൊസ്സ്യര്‍ക്കും ഫിലേമോനും ഉള്ള ലേഖനങ്ങളെപ്പോലെ ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തെയും ബന്ധനകാല ലേഖനമായാണ് കരുതിപ്പോരുന്നത്. കാരാഗൃഹത്തില്‍വച്ചാണെഴുതുന്നതെന്നു പൗലൊസ് ഈ ലേഖനത്തിലും ആവര്‍ത്തിച്ചു പറയുന്നുണ്ട്.

(1:7, 12,17). എ.ഡി. 58-നും 60-നും ഇടയ്ക്കായിരിക്കണം ഈ ലേഖനം രചിക്കപ്പെട്ടത്., കൃതജ്ഞത, പ്രാര്‍ത്ഥന, സുവിശേഷപ്രചാരണത്തെ സംബന്ധിച്ചവാര്‍ത്തകൾ (1:1-27) എന്നിവയ്ക്കുശേഷം, ക്രിസ്തുവിശ്വാസം സ്വീകരിച്ചവര്‍ക്കുണ്ടായിരിക്കേണ്ട സ്ഥിരത, ഐക്യം എന്നീ കാര്യങ്ങളെക്കുറിച്ചുള്ള ഉപദേശങ്ങളാണു കാണുക (1:28,2:2). തുടര്‍ന്ന്, സമകാലീന ക്രിസ്തുവിജ്ഞാനീയത്തിന്‍റെ രത്‌നച്ചുരുക്കം അപ്പൊസ്‌തലൻ അവതരിപ്പിക്കുന്നു (2:3). യേശു തന്നെത്തന്നെ ശൂന്യനാക്കി, പിതാവിനോടുള്ള പരിപൂര്‍ണ്ണവിധേയത്വത്തിൽ, കേവലം ഒരു അടിമയെപ്പോലെ കുരിശുമരണത്തിനുപോലും സന്നദ്ധനായതുകൊണ്ട് പിതാവായ ദൈവം അവിടുത്തെ മഹത്വപ്പെടുത്തി. ഈ മാതൃകയാവണം ഓരോ ക്രൈസ്തവനും സമൂഹത്തിനുവേണ്ടി തന്‍റെ അവകാശങ്ങളെ ബലികഴിക്കാനും തന്നെതന്നെ സമര്‍പ്പിക്കാനും പ്രചോദനം നല്കുന്നത് (2:3-11). നിസ്സ്വാര്‍ത്ഥസേവനത്തിലൂടെ ലോകത്തിന്‍റെ പ്രകാശമായിരിക്കാനുള്ള ആഹ്വാനവും (2:12-18) തന്‍റെ സഹപ്രവര്‍ത്തകരെ സംബന്ധിച്ച വാര്‍ത്തകളും

(2:19,3:1) നല്കിയതിനുശേഷം പരിച്ഛേദനവാദികളെ അകറ്റി നിര്‍ത്തേണ്ടതിന്‍റെയും (3:2-7) ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിലെ പുതുജീവനിലേക്കു പ്രവേശിക്കാൻവേണ്ടി അവിടുത്തെ സഹനത്തിലും മരണത്തിലും പങ്കുചേരേണ്ടതിന്‍റെയും ആവശ്യകതയാണ് അപ്പൊസ്‌തലൻ ഊന്നിപ്പറയുന്നത്. യേശുവിന്‍റെ ആത്മാവു മുഖേന ദൈവത്തോടും മനുഷ്യരോടും കൂടുതല്‍ അടുക്കുന്നതിന്‍റെ ഫലമായുണ്ടാകുന്ന ക്രിസ്തീയസന്തോഷവും സമാധാനവും എന്നും നിലനിര്‍ത്താൻ നാം ശ്രമിക്കേണ്ടതാണ് (3:12, 4:9). ഫിലിപ്പിയിലെ വിശ്വാസികള്‍ അപ്പൊസ്‌തലനു നല്കിയ സഹായത്തിനു കൃതജ്ഞതയും അവര്‍ക്കെല്ലാവര്‍ക്കും അഭിവാദനങ്ങളും അര്‍പ്പിച്ചുകൊണ്ടു (4:10-23) നാല് അദ്ധ്യായങ്ങള്‍ ഉള്ള ലേഖനം ഉപസംഹരിക്കുന്നു.

@@@@

51. കൊലൊസ്സ്യര്‍ക്ക് എഴുതിയ ലേഖനം
ഉള്ളടക്കം

എഫെസോസിന് ഏകദേശം 200 കിലോമീറ്റർ തെക്ക്, ആയിരുന്നു കൊലൊസ്സ്യ. തദ്ദേശീയനും പൗലൊസിന്‍റെ സഹപ്രവര്‍ത്തകനുമായിരുന്ന എപ്പഫ്രാസ്

(കൊലൊ 1:6,7) ആയിരിക്കണം അവിടത്തെ സഭ സ്ഥാപിച്ചത്. ആ സഭയ്ക്കുണ്ടായ വളര്‍ച്ചയിൽ പൗലൊസ് സംതൃപ്തനായിരുന്നെങ്കെിലും, താമസംവിനാ അവിടെ പ്രചരിക്കാനിടയായ ചില അബദ്ധസിദ്ധാന്തങ്ങൾ വിശ്വാസികളെ വഴിതെറ്റിച്ചേക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ദൈവത്തിനും പ്രപഞ്ചത്തിനും ഇടയ്ക്കു മധ്യവര്‍ത്തികളായി പരിഗണിക്കപ്പെടുന്ന ചില ശക്തികള്‍ ദൈവത്തിന്‍റെ പൂര്‍ണ്ണതയിലും സൃഷ്ടികര്‍മ്മത്തിലും പങ്കുചേരുന്നവയാണ്. ഭൂമിയുടെ ചില ഭാഗങ്ങളെയും മനുഷ്യരുടെ ഭാവിയെത്തന്നെയും നിയന്ത്രിക്കാ൯ കഴിവുറ്റവയുമാണ്, എന്നൊക്കെയായിരുന്നു ഈ സിദ്ധാന്തങ്ങൾ. സ്വഭാവികമായും ഇവയുടെ പേരുകള്‍, പ്രവര്‍ത്തനരീതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അറിവു സമ്പാദിക്കല്‍, ഇവയെ പ്രസാദിപ്പിക്കാനുള്ള പരിശ്രമത്തിന്‍റെ ആദ്യപടിയായി ചിലരെങ്കിലും കരുതി. കൂടാതെ കൊലൊസ്സ്യയിൽത്തന്നെയുണ്ടായിരുന്ന യഹൂദക്രിസ്ത്യാനികള്‍ ചില പ്രത്യേക ദിവസങ്ങളും ഋതുക്കളും ആചിക്കേണ്ടതിന്‍റെ ആവശ്യകതയും ഊന്നിപ്പറയാൻ തുടങ്ങി (2:16,17). ഈ സാഹചര്യത്തിൽ, ആരാലും വഴിതെറ്റിക്കപ്പെടാതെ, യേശുക്രിസ്തുവഴി ലഭിച്ച സ്വാതന്ത്ര്യത്തെ പൊള്ളയായ ലൗകിക തത്വചിന്തയുടെ പേരില്‍ ഒരിക്കലും നഷ്ടപ്പെടുത്താതെ (2, 8), ക്രിസ്തുവാണ് എല്ലാറ്റിന്‍റെയും കര്‍ത്താവ് എന്ന വിശ്വാസത്തില്‍ ഉറച്ചു നില്ക്കാനുള്ള ആഹ്വാനമാണ് പൗലൊസ് ഈ ലേഖനത്തിലൂടെ നല്കുന്നത്.

ഘടന

1:1-8: അഭിവാദനം, കൃതജ്ഞത, കൊലൊസ്സ്യയിലെ വിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന. 1:9-23

പ്രപഞ്ചം മുഴുവനിലും ആത്മീയമണ്ഡലത്തിലും ക്രിസ്തുവിനുള്ള സര്‍വ്വോല്‍കൃഷ്ട സ്ഥാനം. 1:24,2:5 ദൈവം ക്രിസ്തുവഴി നടത്തുന്ന അനുരഞ്ജന പ്രവര്‍ത്തനങ്ങളിൽ അപ്പസ്‌തോലന്‍റെ പങ്ക്. 2:6,3:4 ദൈവദൂതന്‍മാരെയും പ്രപഞ്ചശക്തികളെയും സംബന്ധിച്ച തെറ്റായ ധാരണകൾ തിരുത്തലും യേശുക്രിസ്തു എല്ലാ അധികാരങ്ങളുടേയും കര്‍ത്തൃത്വങ്ങളുടെയും പൂര്‍ണ്ണതയാണെ പ്രബോധനവും. 3:5-17: ക്രിസ്തുവിലുള്ള പുതിയ ജീവിതത്തിന്‍റെ സവിശേഷതകൾ. 3:18,4:1: ക്രിസ്തീയ കുടുംബബന്ധങ്ങളുടെ സ്വഭാവം. 4:2-18. വ്യക്തിപരമായ വാര്‍ത്തകളും അന്തിമാഭിവാദനങ്ങളും. ബന്ധനകാലത്താണു താന്‍ ഈ ലേഖനവും എഴുതുതെു പൗലോസ് പറയുന്നു. (4:13-18). അതിനാല്‍ എഡി. 58-നും 60-നും ഇടയ്ക്കു റോമയിൽ വച്ചായിരിക്കണം നാല് അദ്ധ്യായങ്ങൾ ഉള്ള ഇതും രചിക്കപ്പെട്ടത്.

@@@@

52,53. തെസ്സലൊനീക്യർക്ക്‌ എഴുതിയ ഒന്നും
രണ്ടും ലേഖനങ്ങൾ


ഉള്ളടക്കം

പൗലൊസ് തന്‍റെ രണ്ടാം പ്രേഷിതയാത്രയിൽ, എഡി. 49-നോടടുത്ത്, തെസ്സലൊനീക്യ സന്ദര്‍ശിക്കുകയും അവിടെ സഭ സ്ഥാപിക്കുകയും ചെയ്തു. സില്വാനൊസും തിമൊഥെയൊസും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരായിരുന്നു ( 1 തെസ്സ.1:1-5)വിശ്വാസം സ്വീകരിച്ച തെസ്സലൊനീക്യക്കാരിൽ ഭൂരിഭാഗവും യഹൂദരായിരുന്നില്ല. വിജാതീയരുടെയിടയില്‍ പൗലൊസിനുണ്ടായ നേട്ടത്തിൽ യഹൂദർ അസൂയാലുക്കളായി. അവരുടെ എതിര്‍പ്പുമൂലം പൗലൊസിനും കൂട്ടുകാര്‍ക്കും തെസ്സലൊനീക്യ വിടേണ്ടിവന്നു. ഏഥെന്‍സിലെത്തിയതിനുശേഷം പൗലൊസ് തെസ്സലൊനീക്യയിലെ സഭയെ സംബന്ധിച്ച വിവരങ്ങളറിയാൻ, തിമൊഥെയൊസിനെ അങ്ങോട്ടയച്ചു. പൗലൊസ്‌ യാത്ര തുടര്‍ന്നു കൊരിന്തിലെത്തിയപ്പോഴേക്കും തിമൊഥെയൊസും അവിടെ എത്തിച്ചേര്‍ന്നു. തെസ്സലൊനീക്യയിലെ സഭയ്ക്കുണ്ടായ വളര്‍ച്ചയെക്കുറിച്ചും യഹൂദരിൽ നിന്ന് അവ൪ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചും അദ്ദേഹം പൗലൊസിനെ ധരിപ്പിച്ചു. ഈ സന്ദര്‍ഭത്തിൽ (എഡി. 51-ല്‍) കൊരിന്തില്‍വച്ചായിരിക്കണം പൗലൊസ് തെസ്സലൊനീക്യര്‍ക്കുള്ള ഒന്നാം ലേഖനം എഴുതിയത്. തന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ഫലമായി തെസ്സലൊനീക്യക്കാരിൽ വളര്‍ന്നുവന്ന വിശ്വാസവും സ്‌നേഹവും പൗലൊസ് കൃതജ്ഞതാപൂര്‍വം അനുസ്മരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു(1:2-3,13). ക്രിസ്തുവിന്‍റെ പുനഃരാഗമനത്തിനു മുന്‍പ് മരിക്കുന്നവരുടെ സ്ഥിതി എന്തായിരിക്കുമെന്നതിനെ സംബന്ധിച്ച് അവരുന്നയിച്ചിരുന്ന സംശയത്തിനും പൗലൊസ് ഉത്തരം നല്‍കുന്നുണ്ട് ( 4:13, 5:11). ഒന്നാം ലേഖനത്തില്‍ പരാമര്‍ശിക്കുന്ന സാഹചര്യങ്ങൾ ഏറെക്കുറെ നിലവിലിരിക്കെത്തന്നെ എഴുതിയതാവണം രണ്ടാംലേഖനവും. ക്രിസ്തുവിന്‍റെ പുനഃരാഗമനം ആസന്നഭാവിയിലായിരിക്കുമെന്നു വ്യാജപ്രബോധകര്‍ പ്രചരിപ്പിച്ച തെറ്റായ ധാരണ തിരുത്താനാണു പ്രധാനമായും പൗലോസ് ഈ ലേഖനമെഴുതിയത്.

(3:6-12). എന്നാല്‍ ക്രിസ്തുവിന്‍റെ ആഗമന സമയമായിട്ടില്ല; അവസാനനാളുകളില്‍ തിന്‍മ ശക്തിപ്രാപിക്കും; ക്രിസ്തുവൈരി പ്രത്യക്ഷപ്പെടും; ക്രിസ്തുവിന്‍റെ പുനഃരാഗമനത്തിൽ അവന്‍ നശിപ്പിക്കപ്പെടും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ (3:13-18) പൗലൊസ് അവരെ അനുസ്മരിപ്പിക്കുന്നു. സുവിശേഷപ്രചാരകർ സുവിശേഷം ശ്രവിക്കുന്നവര്‍ക്ക് ഒരു സാമ്പത്തിക ഭാരമാകരുതെന്നും അക്കാര്യത്തിൽ തങ്ങളുടെ മാതൃക സ്വീകരിക്കണമെന്നും പൗലൊസ് അവരെ ഉപദേശിക്കുന്നു.(2തെസ്സലൊ 3:6-8)സ്വന്തമായി വേല ചെയ്യാത്തവന്‍ ആഹാരം കഴിക്കേണ്ട എന്ന സാമൂഹ്യ തത്വം ഈ ലേഖനത്തില്‍ പൗലൊസ് ആവിഷ്കരിക്കുന്നു. (2തെസ്സലൊ 3:10)കര്‍ത്താവിന്‍റെ ശൂശ്രൂഷയിൽ ഏര്‍പ്പെട്ടിരിക്കുന്നവരും ഈ തത്വം അംഗീകരിച്ചു കഠിനാദ്ധ്വാനത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ അദ്ദേഹം ഉപദേശിക്കുന്നു.എട്ട് അദ്ധ്യായങ്ങള്‍ (5+3) ഉള്ള ഈ ലേഖനങ്ങൾ സര്‍വ്വരും വായിച്ചിരിക്കേണ്ടതാണ്.

@@@@

54,55. തിമൊഥെയൊസിനു എഴുതിയ ഒന്നും
രണ്ടും ലേഖനങ്ങൾ

ഉള്ളടക്കം


തിമൊഥെയൊസിനുള്ള രണ്ടു ലേഖനങ്ങൾ, തീത്തൊസിനുള്ള ലേഖനം എന്നിവ ഇടയന്മാർക്കുള്ള ലേഖനങ്ങൾ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. പൗലൊസ് തന്‍റെ പ്രേഷിതയാത്രകളിൽ സഹായികളായിരുന്ന തിമൊഥെയൊസിനെയും തീത്തൊസിനെയും സംബോധന ചെയ്തുകൊണ്ടാണ് ലേഖനങ്ങള്‍ എഴുതിയിരിക്കുന്നതെങ്കിലും സഭയിലെ ഉന്നത സ്ഥാനീയരെ പൊതുവെ ഉദ്ദേശിച്ചുള്ള നിർദ്ദേശങ്ങളാണ് ഈ ലേഖനങ്ങളുടെ ഉള്ളടക്കം. പൗലൊസ് അറിയിച്ച സുവിശേഷത്തിൽനിന്ന് വ്യത്യസ്തമായ പ്രബോധനങ്ങൾ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരേ നടപടികൾ സ്വീകരിക്കാൻ തിമൊഥെയൊസിനോടു ആവശ്യപ്പെടുകയാണ്, അദ്ദേഹത്തിന് എഴുതിയ ഒന്നാംലേഖനത്തിന്‍റെ പ്രധാന ഉദ്ദേശ്യം ( 1:3-30, 4:1-5). കൂടാതെ സമൂഹപ്രാര്‍ത്ഥന, സഭാസമ്മേളനങ്ങളില്‍ സ്ത്രീകൾ പാലിക്കേണ്ട അച്ചടക്കം എന്നിവയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ (2:1-15), സഭാധികൃതരുടെയും കടമകൾ (3:1-13), വിധവകള്‍, അടിമകൾ തുടങ്ങിയവര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങൾ

( 5:3-6, 20) എന്നിങ്ങനെയുള്ള കാര്യങ്ങളും ഈ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. തിമൊഥെയൊസിനെഴുതിയ രണ്ടാമത്തെ ലേഖനം പൗലൊസ് റോമയിലെ കാരാഗൃഹത്തില്‍നിന്ന്, തന്‍റെ മരണത്തിന് തൊട്ടുമുമ്പായി എഴുതിയതാവണം


· ( 1:8-16; 2:9). സുവിശേഷ പ്രഘോഷണമാണ് കാരാഗൃഹവാസത്തിന് കാരണമായതെന്നും തനിക്ക് എന്താണു സംഭവിക്കാനിരിക്കുന്നതെന്നും പൗലൊസിന് ബോദ്ധ്യമുണ്ടായിരുന്നു ( 4:3-8; 16 - 18). അപ്പൊസ്‌തലൻ തന്‍റെ ജീവിതാനുഭവങ്ങൾതന്നെ ഉദാഹരണമായി എടുത്തുകാണിച്ചുകൊണ്ട് ( 2:1-13) വ്യാജ പ്രബോധനങ്ങള്‍ക്കെതിരേ പോരാടാനും എതിര്‍പ്പുകളെ ഭയപ്പെടാതെ വിശ്വാസത്തിൽ ഉറച്ചുനില്‍ക്കാനും തിമൊഥെയൊസിനെ പ്രോത്സാഹിപ്പിക്കുണ്ട്, ഈ ലേഖനത്തില്‍ (3:1-17). ക്രേത്തയിലെ ക്രിസ്തീയസമൂഹത്തിന്‍റെ നേതാവായാണ് പൗലൊസ് തീത്തൊസിനെ അദ്ദേഹത്തിന് എഴുതിയ ലേഖനത്തില്‍ ചിത്രീകരിക്കുന്നത് (1:5). സാഹചര്യങ്ങള്‍ക്ക് യോജിച്ചവരും സല്‍ഗുണസമ്പന്നരുമായ വ്യക്തികളെ മാത്രമേ സഭയിലെ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കാവൂ എന്ന് അപ്പൊസ്‌തലൻ പ്രത്യേകം നിഷ്‌കർഷിക്കുന്നു

· (1:6-9). വ്യാജപ്രബോധകര്‍ക്കെതിരേ കര്‍ശനമായ നിലപാടു സ്വീകരിക്കാനും

· ( 1:10-16) ജീവിതത്തിന്‍റെ വിവിധ തുറകള്‍ക്കാവശ്യമായ പ്രായോഗിക നിർദ്ദേശങ്ങൾ നല്കാനും തീത്തൊസിനെ ഉപദേശിക്കുന്നുമുണ്ട് (2:1-10). വിദ്വേഷം, വിഭാഗീയ ചിന്താഗതി തുടങ്ങിയ ഒഴിവാക്കി, സ്‌നേഹത്തോടും സമാധാനത്തോടുംകൂടെ വിശ്വാസികൾ ക്രിസ്തീയ കൂട്ടായ്മയിൽ കഴിയേണ്ടെതെങ്ങനെയെന്ന് അവരെ പഠിപ്പിക്കാനുള്ള ആഹ്വാനവും (3:1- 11) ഈ ലേഖനങ്ങളിൽ കാണാം. ആകെ പത്ത് (6+4) അദ്ധ്യായങ്ങള്‍ ഉള്ള ഈ രണ്ടു ലേഖനങ്ങളും ദൈവവചനത്തിന്‍റെ മഹത്വത്തെ വര്‍ണ്ണിക്കുകകൂടി ചെയ്യുന്നുണ്ട്. (2തിമൊഥെ 3:16)


@@@@

56. തീത്തൊസിന്നു എഴുതിയ ലേഖനം

ഉള്ളടക്കം


തിമൊഥെയൊസിനുള്ള രണ്ടു ലേഖനങ്ങൾ, തീത്തൊസിനുള്ള ലേഖനം എന്നിവ ഇടയന്മാർക്കുള്ള ലേഖനങ്ങൾ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. പൗലൊസ് തന്‍റെ പ്രേഷിതയാത്രകളിൽ സഹായികളായിരുന്ന തിമൊഥെയൊസിനെയും തീത്തൊസിനെയും സംബോധന ചെയ്തുകൊണ്ടാണ് ലേഖനങ്ങള്‍ എഴുതിയിരിക്കുന്നതെങ്കിലും സഭയിലെ ഉന്നത സ്ഥാനീയരെ പൊതുവെ ഉദ്ദേശിച്ചുള്ള നിർദ്ദേശങ്ങളാണ് ഈ ലേഖനങ്ങളുടെ ഉള്ളടക്കം. പൗലൊസ് അറിയിച്ച സുവിശേഷത്തില്‍നിന്ന് വ്യത്യസ്തമായ പ്രബോധനങ്ങൾ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരേ നടപടികള്‍ സ്വീകരിക്കാൻ തിമൊഥെയൊസിനോടു ആവശ്യപ്പെടുകയാണ്, അദ്ദേഹത്തിന് എഴുതിയ ഒന്നാംലേഖനത്തിന്‍റെ പ്രധാന ഉദ്ദേശ്യം ( 1:3-30, 4:1-5). കൂടാതെ സമൂഹപ്രാര്‍ത്ഥന, സഭാസമ്മേളനങ്ങളില്‍ സ്ത്രീകൾ പാലിക്കേണ്ട അച്ചടക്കം എന്നിവയെക്കുറിച്ചുള്ള നിര്‍ദേശങ്ങൾ (2:1-15), സഭാധികൃതരുടെയും കടമകൾ (3:1-13), വിധവകള്‍, അടിമകൾ തുടങ്ങിയവര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങൾ

( 5:3-6, 20) എന്നിങ്ങനെയുള്ള കാര്യങ്ങളും ഈ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. തിമൊഥെയൊസിനെഴുതിയ രണ്ടാമത്തെ ലേഖനം പൗലൊസ് റോമയിലെ കാരാഗൃഹത്തില്‍നിന്ന്, തന്‍റെ മരണത്തിന് തൊട്ടുമുമ്പായി എഴുതിയതാവണം

( 1:8-16; 2:9). സുവിശേഷ പ്രഘോഷണമാണ് കാരാഗൃഹവാസത്തിന് കാരണമായതെന്നും തനിക്ക് എന്താണു സംഭവിക്കാനിരിക്കുന്നതെന്നും പൗലൊസിന് ബോദ്ധ്യമുണ്ടായിരുന്നു ( 4:3-8; 16 - 18). അപ്പൊസ്‌തലൻ തന്‍റെ ജീവിതാനുഭവങ്ങൾതന്നെ ഉദാഹരണമായി എടുത്തുകാണിച്ചുകൊണ്ട് ( 2:1-13) വ്യാജപ്രബോധനങ്ങള്‍ക്കെതിരേ പോരാടാനും എതിര്‍പ്പുകളെ ഭയപ്പെടാതെ വിശ്വാസത്തിൽ ഉറച്ചുനില്‍ക്കാനും തിമൊഥെയൊസിനെ പ്രോത്സാഹിപ്പിക്കുണ്ട്, ഈ ലേഖനത്തില്‍ (3:1-17). ക്രേത്തയിലെ ക്രിസ്തീയസമൂഹത്തിന്‍റെ നേതാവായാണ് പൗലൊസ് തീത്തൊസിനെ അദ്ദേഹത്തിന് എഴുതിയ ലേഖനത്തില്‍ ചിത്രീകരിക്കുന്നത് (1:5). സാഹചര്യങ്ങള്‍ക്ക് യോജിച്ചവരും സല്‍ഗുണ സമ്പന്നരുമായ വ്യക്തികളെ മാത്രമേ സഭയിലെ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കാവൂ എന്ന് അപ്പൊസ്‌തലൻ പ്രത്യേകം നിഷ്‌കർഷിക്കുന്നു

(1:6-9). വ്യാജപ്രബോധകര്‍ക്കെതിരേ കര്‍ശനമായ നിലപാടു സ്വീകരിക്കാനും ( 1:10-16) ജീവിതത്തിന്‍റെ വിവിധ തുറകള്‍ക്കാവശ്യമായ പ്രായോഗിക നിർദ്ദേശങ്ങൾ നല്കാനും തീത്തൊസിനെ ഉപദേശിക്കുന്നുമുണ്ട് (2:1-10). വിദ്വേഷം, വിഭാഗീയ ചിന്താഗതി തുടങ്ങിയ ഒഴിവാക്കി, സ്‌നേഹത്തോടും സമാധാനത്തോടുംകൂടെ വിശ്വാസികൾ ക്രിസ്തീയ കൂട്ടായ്മയിൽ കഴിയേണ്ടെതെങ്ങനെയെന്ന് അവരെ പഠിപ്പിക്കാനുള്ള ആഹ്വാനവും (3:1- 11) ഈ ലേഖനങ്ങളിൽ കാണാം. മൂന്ന് അദ്ധ്യായങ്ങള്‍ ഉള്ള ഈ ലേഖനം വിശ്വാസഗോളത്തിലായിരിക്കുന്ന ഓരോ വ്യക്തിക്കുമുള്ള നിര്‍ദ്ദേശങ്ങൾ വ്യക്തിപരമായി നല്‍കുന്നു.


@@@@


57. ഫിലേമോന്ന്‌ എഴുതിയ ലേഖനം

ഉള്ളടക്കം

കൊലൊസ്സ്യക്കാരനായ ഫിലേമോ൯ പൗലൊസ് എഡി 61-നും 63-നും ഇടയ്ക്ക് റോമയിലെ കാരാഗൃഹത്തില്‍നിന്ന് സ്വന്തം കൈപ്പടയില്‍ത്തന്നെ എഴുതിയ, വളരെ ചെറിയൊരു ലേഖനമാണിത്. ഫിലേമോന്‍റെ അടിമയായിരിക്കെ, ഒളിച്ചോടിയ ഒനേസിമൊസ് തന്‍റെ അടുത്തെത്തിയിട്ടുണ്ടെന്നും, താന്‍ അവനെ മാനസാന്തരപ്പെടുത്തിയെന്നും, അവന്‍ തനിക്ക് പ്രയോജനമുള്ളവനാണെങ്കിലും ഉടമസ്ഥന്‍റെ അടുത്തേക്കുതന്നെ പറഞ്ഞയയ്ക്കാനാണുദ്ദേശിക്കുന്നതെന്നും പൗലൊസ് ഈ ലേഖനത്തിലൂടെ ഫിലേമോനെ അറിയിക്കുന്നു. ഒനേസിമൊസ് അടിമയാണെങ്കിലും അവനെ സഹോദരനെപ്പോലെ സ്‌നേഹിക്കാൻ പൗലൊസ് അപേക്ഷിക്കുന്നു. സാമൂഹികബന്ധങ്ങളുടെ മാറ്റം നിര്‍ബന്ധംകൊണ്ടല്ല ദൈവദത്തമായ വിശ്വാസത്താലുള്ള മാനസികപരിവര്‍ത്തനം കൊണ്ടാണ് ഉണ്ടാകേണ്ടതെന്ന ക്രൈസ്തവമായ സമീപനം ഇവിടെ തെളിഞ്ഞുകാണാം.സഹോദരന്‍മാര്‍ ഒത്തു ഒരുമിച്ചു വസിക്കുന്നത് ശുഭവും മനോഹരവും ആണെന്ന സങ്കീര്‍ത്തനവാക്യത്തെ പൗലൊസ്‌ ഈ ലേഖനത്തില്‍ അടിവരയിട്ടു ഉറപ്പിക്കുന്നുണ്ട്.



58. എബ്രായർക്കു എഴുതിയ ലേഖനം
ഉള്ളടക്കം


പൗലൊസ് തന്‍റെ ലേഖനങ്ങളിൽ പ്രാധാന്യംകൽപ്പിക്കുന്ന ആശയങ്ങൾ ഈ ലേഖനത്തിലും ഉടനീളം കാണാമെങ്കിലും ഭാഷ, ശൈലി, വിഷയാവതരണരീതി, ദൈവശാസ്ത്രവീക്ഷണം എന്നിവ പരിഗണിക്കുമ്പോൾ ലേഖനകര്‍ത്താവ് പൗലൊസല്ല, അദ്ദേഹത്തിന്‍റെ ശിഷ്യന്‍മാരിൽ ഒരാളാണ് എന്ന നിഗമനത്തിലത്രേ പണ്ഡിതന്‍മാർ പൊതുവേ എത്തിച്ചേരുന്നത്. എഡി. 67-നും 70-നും മദ്ധ്യേ രചിക്കപ്പെട്ടതാവണം ഈ ലേഖനം. കാരണം, ജെറുശലെം നശിപ്പിക്കപ്പെട്ടിട്ടില്ല എന്നതിനും, എന്നാൽ യഹൂദയിൽ അസ്വസ്ഥതകൾ ആരംഭിച്ചുകഴിഞ്ഞു എന്നതിനും ലേഖനത്തില്‍ത്തന്നെ സൂചനകളുണ്ട്. യഹൂദരില്‍നിന്നു പീഡനങ്ങളനുഭവിച്ചിരുന്ന ക്രിസ്ത്യാനികള്‍ വിശ്വാസത്തിൽ ഉറച്ചുനില്ക്കണമെന്ന് ഉപദേശിക്കുകയാണ് ലേഖനത്തിന്‍റെ മുഖ്യ ഉദ്ദേശം.

(6:11-12, 12:7-13, 13:3). യഹൂദക്രിസ്ത്യാനികളെ ഉദ്ദേശിച്ചാണോ, അതോ, വിജാതീയക്രിസ്ത്യാനികളെ ഉദ്ദേശിച്ചാണോ ഇതെഴുതപ്പെട്ടത് എന്ന കാര്യം ഇന്നും വിവാദവിഷയമാണ്. ലേഖനത്തിലെ പ്രതിപാദനങ്ങള്‍ മിക്കവാറും പഴയനിയമത്തിലെ ചിന്താഗതികളെ ആധാരമാക്കിയുള്ളതാണ്. പഴയനിയമത്തെക്കുറിച്ചു പൊതുവിലും, അതിലെ യാഗവിധികളെക്കുറിച്ചു പ്രത്യേകിച്ചും വായനക്കാര്‍ക്ക് അറിവുണ്ട് എന്നാണ് ലേഖനകര്‍ത്താവിന്‍റെ സങ്കൽപ്പം.

· പഴയനിയമത്തില്‍നിന്നുള്ള ഉദ്ധരണികളും അതിലെ സംഭവങ്ങളുടെ അനുസ്മരണങ്ങളും ഈ ലേഖനത്തിൽ ധാരാളമായി കാണാം. യേശുക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന്‍റെയും മഹത്വീകരണത്തിന്‍റെയും രഹസ്യങ്ങളെ പരാമര്‍ശിച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. (1:1-4). ദൂതന്‍മാരേക്കാൾ ശ്രേഷ്ഠനും ദൈവവചനവുമായ ക്രിസ്തു, മനുഷ്യരക്ഷയ്ക്കായി, പാപമൊഴികെ എല്ലാറ്റിനും മനുഷ്യന്‍റെതിനു തുല്യമായ പ്രകൃതി സ്വീകരിച്ച്, മനുഷ്യനായി അവതരിച്ചു.

· (1:4,2:18). അവിടുന്ന് മോശെയെക്കാൾ ഉന്നതനാണ്. മോശെ ദൈവഭവനത്തിലെ ശുശ്രൂഷകന്‍മാത്രം; യേശുവാകട്ടെ, ദൈവഭവനത്തിന്‍മേൽ കര്‍ത്താവ് (3:1,6:20). അവനില്‍ നമുക്കു ശ്രേഷ്ഠനായൊരു നിത്യപുരോഹിതനെ ലഭിച്ചിരിക്കുന്നു. മല്‍ക്കീസേദെക്കിന്‍റെ ക്രമത്തില്‍പ്പെട്ടവനും പരിപൂര്‍ണ്ണനുമായ ഒരു പ്രധാനപുരോഹിതൻ (7:1-28). ക്രിസ്തു പൂര്‍ത്തിയാക്കാനിരുന്ന ഏകയാഗത്തിന്‍റെ പ്രതീകങ്ങള്‍ മാത്രമായിരുന്ന പഴയനിയമത്തിലെ ആരാധനകളും യാഗങ്ങളും ക്രിസ്തുവിന്‍റെ ആഗമനത്തോടെ നിരർത്ഥകമായി. സ്വന്തം രക്തത്തോടുകൂടി ക്രിസ്തു നിത്യകൂടാരമായ സ്വര്‍ഗ്ഗത്തിൽ പ്രവേശിച്ച് വീണ്ടെടുപ്പ് നിറവേറ്റി.

· (9: 11-12). സ്വര്‍ഗ്ഗത്തിൽ അതിവിശുദ്ധസ്ഥലത്തിരിക്കുന്ന നിത്യപുരോഹിതനായ ക്രിസ്തുവിനെയും അവന്‍റെ വീണ്ടുംവരവിനെയുംകുറിച്ചുള്ള ചിന്ത ക്രിസ്തുവിൽ വിശ്വസിക്കുന്നവര്‍ക്ക്, ഈ വിശ്വാസംമൂലം അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളില്‍ ആശ്വാസവും പ്രലോഭനങ്ങളില്‍ ധൈര്യവും പ്രധാനംചെയ്യുന്നതാണ് (11:1- 24)പതിമൂന്ന് അദ്ധ്യായങ്ങളുള്ള എബ്രായർക്കുള്ള ലേഖനത്തിന്‍റെപ്രധാനമായ അന്തർധാര മനുഷ്യപാപങ്ങള്‍ക്ക്‌ വേണ്ടി യാഗങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരുന്ന യഹൂദപൌരോഹിത്യത്തിന്‍റെ നിരാകരണമായിരുന്നു. ആ നാരാകരണത്തോടൊപ്പം ആ സ്ഥാനത്ത് ക്രിസ്തുവിന്‍റെ മഹാപൌരോഹിത്യത്തെ സ്ഥാപിക്കുകയും ചെയ്തു.

· @@@@@@@
 പുതിയനിയമം
· 59. യാക്കോബ് എഴുതിയ ലേഖനം


· ഉള്ളടക്കം

· പൗലൊസിന്‍റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്തവസമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരിൽ അറിയപ്പെടുന്നു. പുതിയനിയമത്തില്‍ അഞ്ചു യാക്കോബുമാരെക്കുറിച്ച് പറയുന്നുണ്ടെങ്കിലും യാക്കോബ് എഴുതിയ ലേഖനത്തിന്‍റെ ലേഖനകര്‍ത്താവായി പരിഗണിക്കപ്പെടുന്നത് '' യേശുക്രിസ്തുവിന്‍റെ സഹോദരൻ''( മത്താ 13:55 മാര്‍ക്കോ 6:3; അപ്പൊ. 12:17, 15:13, 21:18) എന്നറിയപ്പെടുന്ന യാക്കോബ് ആണ്. അങ്ങനെയാണെങ്കില്‍ എഡി. 62-നു മുമ്പു രചിക്കപ്പെട്ടതായിരിക്കണം ഈ ലേഖനം. എന്നാല്‍, ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തോടടുത്ത്, യാക്കോബിന്‍റെ ശിഷ്യരിൽ ഒരാളാണ് ഇതു രചിച്ചത്. ചിതറി പാര്‍ത്തിരുന്ന യഹൂദക്രിസ്ത്യാനികളെ ഉദ്ദേശിച്ച് എഴുതിയ ഈ ലേഖനത്തില്‍, വിശ്വാസം എന്നത് ഒരു തത്വസംഹിതയുടെ സ്വീകരണവും അതിലേറെ, അതനുസരിച്ചുള്ള ജീവിതവുമാണെന്നും, സല്‍പ്രവൃത്തികള്‍ക്ക് പ്രേരണ നല്‍കാത്ത വിശ്വാസപ്രഘോഷണം അര്‍ത്ഥശൂന്യമാണെന്നും

· ( 1:19,27; 2:10,26), ദരിദ്രര്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാകയാൽ അവരോടു പ്രത്യേക സ്‌നേഹവും കരുണയും കാണിക്കണമെന്നും

· (2:1,13)വ്യക്തമാക്കിയിരിക്കുന്നു. ക്രൈസ്തവര്‍ എവിടെയായിരുന്നാലും പുലര്‍ത്തേണ്ട വിവിധ മനോഭാവങ്ങളെക്കുറിച്ചും ലേഖനം പ്രതിപാദിക്കുന്നുണ്ട്. ( 1:12,18, 3:1,12,4:1,17). രോഗീലേപനത്തെക്കുറിച്ചുള്ള പരാമര്‍ശം ( 5:13,20) ഈ ലേഖനത്തിന്‍റെ ഒരു സവിശേഷതയാണ്. ഭൌതികസമ്പത്തിന്‍റെ ക്ഷണികതയെപ്പറ്റിയും വേലക്കാരുടെ വേതനം പിടിച്ചുവെക്കുന്നവര്‍ക്കുണ്ടാകുന്ന ദുരന്തത്തെപ്പറ്റിയും യാക്കോബ് എടുത്തുപറയുന്നുണ്ട്.( യാക്കോബ് 1:1-5)

· @@@@@@@


പുതിയനിയമം
· 60,61 പത്രൊസ് എഴുതിയ ഒന്നും രണ്ടും ലേഖനങ്ങൾ


ഉള്ളടക്കം

· പത്രൊസ് തന്നെയാണ് അദ്ദേഹത്തിന്‍റെ പേരിൽ അറിയപ്പെടുന്ന രണ്ടു ലേഖനങ്ങളുടെയും രചയിതാവ് എന്നതിന് പുരാതന സാക്ഷ്യങ്ങളുണ്ടെങ്കിലും, ഒന്നാമത്തേതിന്‍റെ രചനയിൽ യേശുവിന്‍റെ പീഢാനുഭവത്തിന് ദൃക്‌സാക്ഷിയല്ലാത്ത ഒരാള്‍കൂടി സഹായിച്ചിട്ടുണ്ട് എന്നു സംശയിക്കപ്പെടുന്നു. താരതമ്യേന മെച്ചമേറിയ ഗ്രീക്ക് ഭാഷ ഉപയോഗിക്കുന്ന ഈ സഹായി പൗലൊസിന്‍റെ ശിഷ്യനായിരുന്ന സില്‍വാനൊസ് ആയിരിക്കണം എന്ന് അനുമാനിക്കാം.. ഈ ലേഖനത്തിന് ആശയാവിഷ്‌കരണത്തിൽ പൗലൊസിന്‍റെ ലേഖനങ്ങളോടുള്ള സാധർമ്മ്യം ഈ നിഗമനത്തെ ശക്തിപ്പെടുത്തുന്നു. രണ്ടാമത്തെ ലേഖനത്തിന്‍റെ കര്‍ത്താവ് പത്രൊസ് തന്നെയാണെന്ന് എക്കാലവും വിശ്വസിച്ചുപോന്നിട്ടുള്ളതാണ്.

· എഡി. 67-നു മുന്‍പ് എഴുതപ്പെട്ട ഒന്നാമത്തെ ലേഖനം, ഏഷ്യാ മൈനറില്‍ ചിതറി പാര്‍ത്തിരുന്ന യഹൂദക്രിസ്ത്യാനികളെ, അവര്‍ക്ക് അനുഭവിക്കേണ്ടിവന്ന നിന്ദകളിലും പീഡനങ്ങളിലും ആശ്വസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി എഴുതിയതാണ്.

· (2:12,15, 4:3, 4:14,15). പീഡനങ്ങളിൽ പ്രത്യാശ പ്രദാനം ചെയ്യുന്നതാണ് യേശുക്രിസ്തു നല്‍കിയ മാതൃകയും അവിടുത്തെ ഉത്ഥാനവും വീണ്ടുംവരവിനെക്കുറിച്ചുള്ള വാഗ്ദാനവും. പരീക്ഷകളില്‍ ദൃഢചിത്തരായിരിക്കുകയും വിശ്വാസത്തെപ്രതിയുള്ള സഹനങ്ങളില്‍ ദീര്‍ഘക്ഷമ പ്രകടിപ്പിക്കുകയും സമൂഹമദ്ധ്യത്തിൽ വിശുദ്ധരായി ജീവിക്കുകയും ചെയ്യുക ആവശ്യമാണ് (2:11, 4:19). രണ്ടാമത്തെ ലേഖനത്തിന്‍റെ ഉദ്ദേശം സഭയിൽ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകര്‍ക്കെതിരെയും അവർ മൂലമുണ്ടാകുന്ന തിന്മകള്‍ക്കെതിരെയും വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് (2:1- 22). ദൈവത്തെയും ക്രിസ്ത്യാനികളെയുംകുറിച്ച് ദൃക്‌സാക്ഷികൾ നല്‍കിയ യഥാര്‍ത്ഥമായ അറിവിൽ ഉറച്ചു നില്‍ക്കുക (1:3-21), ക്രിസ്തുവിന്‍റെ പുനഃരാഗമനം സംഭവിക്കില്ലെന്ന് പഠിപ്പിക്കുന്നവരെ ശ്രദ്ധിക്കാതിരിക്കുക; ജലപ്രളയകാലത്ത് ലോകത്തിനുണ്ടായ നാശംപോലെ ക്രിസ്തുവിന്‍റെ പുനഃരാഗമനദിവസം ലോകം അഗ്നിയാൽ നശിപ്പിക്കപ്പെടും; അതു വിധിയുടെ ദിവസമായിരിക്കും; ആദിവസത്തിനായി ഒരുങ്ങിയിരിക്കുക (3:1-18), എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളാണ് ഈ ലേഖനങ്ങളിലൂടെ എട്ട്(5+3)അദ്ധ്യായങ്ങളിലൂടെ പത്രൊസ് നല്‍കുന്നത്. അന്ത്യഅത്താഴവേളയിൽ യേശു നടത്തിയ പ്രഭാഷണത്തിന്‍റെ സത്ത ഉള്‍ക്കൊണ്ടുകൊണ്ട്,തന്‍റെ വാര്‍ദ്ധക്യത്തിൽ താന്‍സ്നേഹിക്കുന്ന വിശ്വാസികള്‍ക്ക് എഴുതിയ ഈ ലേഖനങ്ങൾ ആത്മാവിന്‍റെ ആഴത്തില്‍നിന്നു പുറപ്പെട്ടവയാണ്.
@@@@@@@

പുതിയനിയമം
62,63,64. യോഹന്നാ‌ൻ എഴുതിയ ഒന്നും രണ്ടും മൂന്നും ലേഖനങ്ങൾ


ഉള്ളടക്കം

യോഹന്നാന്‍ എഴുതിയതെന്ന് ആദ്യകാലംമുതലേ പൊതുവില്‍ വിശ്വസിച്ചുപോരുന്ന മൂന്നു ലേഖനങ്ങളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ലേഖനങ്ങളുടെ യഥാര്‍ത്ഥ കര്‍ത്താവാരെന്നതിനെക്കുറിച്ച് രണ്ടാം നൂറ്റാണ്ടുമുതൽ വളരെക്കാലത്തേക്ക് സംശയമുണ്ടായിരുന്നു. എങ്കിലും, മൂന്നു ലേഖനങ്ങളിലെയും പദപ്രയോഗങ്ങളും ശൈലിയും ആശയങ്ങളും ഏറെക്കുറെ ഐക്യരൂപമുള്ളവയാകയാലും, യോഹന്നാന്‍റെ സുവിശേഷവുമായി വളരെ ബന്ധപ്പെട്ടവയാകയാലും, മൂന്നും യോഹന്നാന്‍റെതായിത്തന്നെ അറിയപ്പെടുന്നു. ഒന്നാം ലേഖനം ഏഷ്യാമൈനറിലെ ക്രൈസ്തവ സമൂഹങ്ങളെ ആദ്യകാലങ്ങളില്‍ ഭീഷണിപ്പെടുത്തിയിരുന്ന അബദ്ധസിദ്ധാന്തങ്ങളിൽ നിന്ന് അവയെരക്ഷിക്കുന്നതിനുവേണ്ടി, ആ സമൂഹങ്ങളിലെല്ലാം വായിക്കപ്പെടാനായി, യോഹന്നാന്‍ എഴുതിയതാണ് ഈ ലേഖനം. ഇതില്‍ യോഹന്നാന്‍, താൻ സ്വീകരിച്ച വിശ്വാസത്തിന്‍റെ മുഴുവൻ വെളിച്ചത്തിൽ,യഥാര്‍ത്ഥ ക്രൈസ്തവ ജീവിതത്തിന്‍റെ അടയാളവും ഫലങ്ങളും എടുത്തുപറഞ്ഞുകൊണ്ട് (1;1:1- 4), ഇവയുടെ പ്രകാശത്തില്‍ സഞ്ചരിക്കാനും (1;1:5, 2:28), നീതി പ്രവര്‍ത്തിക്കാനും (1;2:29, 46), പരസ്പരം സ്‌നേഹിക്കാനും (1;4:, 5:12), അങ്ങനെ, ദൈവപുത്രന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് നിത്യജീവനുണ്ടെന്ന് ബോധ്യപ്പെടുത്താനും ( 5:13) ശ്രമിക്കുന്നു.


ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന്‍റെ വാസ്തവികതയെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയാണ് രണ്ടാം ലേഖനം. മനുഷ്യാവതാരത്തില്‍ വിശ്വസിച്ച് യേശുവിനെ സ്വീകരിക്കാനും അവിടുത്തെ പ്രബോധനങ്ങള്‍ക്ക്, പ്രത്യേകിച്ചും സ്‌നേഹത്തിന്‍റെ പുതിയ കല്‍പ്പനയ്ക്ക്, അനുസൃതമായി ജീവിതത്തെ ക്രമപ്പെടുത്തുന്നതിനുമുള്ള ആഹ്വാനമാണ് യോഹന്നാന്‍ ഈ ലേഖനത്തിലൂടെ നല്‍കുന്നത്.

യോഹന്നാന്‍റെ ലേഖനങ്ങളിൽ ആദ്യം രചിക്കപ്പെട്ടതായിരിക്കണം മൂന്നാം ലേഖനം. യോഹന്നാന്‍റെ അധികാരപരിധിയില്‍പ്പെട്ടിരുന്ന ഒരു സഭയില്‍ അദ്ദേഹത്തിന്‍റെ അധികാരത്തെ അംഗീകരിച്ചിരുന്നവരും അതിനെ ചോദ്യംചെയ്തുകൊണ്ടെന്നോണം അദ്ദേഹം അയച്ച പ്രതിനിധികളെ സ്വീകരിക്കാന്‍ തയ്യാറാകാത്ത പ്രാദേശിക സഭാധിപനും ഉണ്ടായിരുന്ന സാഹചര്യത്തില്‍ സഭാഭരണ സംബന്ധമായ പ്രസ്തുത തര്‍ക്കം തീര്‍ക്കുന്നതിനുവേണ്ടിയാണ് യോഹന്നാൻ ഈ ലേഖനം എഴുതിയത്. യോഹന്നാന്‍റെ ലേഖനങ്ങള്‍ സ്നേഹത്തിന്‍റെ പ്രഘോഷണങ്ങളാണ്. സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും സുവിശേഷമാണ്. അന്ത്യഅത്താഴവേളയിൽ യേശു നടത്തിയ പ്രഭാഷണത്തിന്‍റെ സത്ത ഉള്‍ക്കൊണ്ടുകൊണ്ട്, തന്‍റെ വാര്‍ദ്ധക്യത്തിൽ താൻ സ്നേഹിക്കുന്ന വിശ്വാസികള്‍ക്ക് എഴുതിയ ആകെ ഏഴ് അദ്ധ്യായങ്ങൾ ഉള്ള ഈ മൂന്ന് ഈ ലേഖനങ്ങളും ആത്മാവിന്‍റെ ആഴത്തില്‍നിന്നു പുറപ്പെട്ടവയാണ്.

@@@@@@@
പുതിയനിയമം
65. യുദാസ് എഴുതിയലേഖന
 യാക്കോബിന്‍റെ സഹോദരനായ യൂദായാണ് ഈ ലേഖനം എഴുതിയതെന്ന് ഒന്നാംവാക്യത്തില്‍തന്നെ പറഞ്ഞിരിക്കുന്നു. ലേഖന കര്‍ത്താവിന് അപ്പൊസ്‌തലനായ യാക്കോബുമായി പാരമ്പര്യം ബന്ധപ്പെടുത്തുന്നില്ല. അപ്പൊസ്‌തലന്മാരുടെ കാലംകഴിഞ്ഞുവെന്ന സൂചന പതിനേഴാം വാക്യത്തില്‍ കാണുന്നുമുണ്ട്. ഒന്നാംനൂറ്റാണ്ടിന്‍റെ അവസാനത്തിലായിരിക്കണം ലേഖനം എഴുതപ്പെട്ടത്. പ്രതിപാദ്യത്തില്‍ പത്രൊസിന്‍റെ രണ്ടാംലേഖനവുമായി ഇതിന് വളരെ സാമ്യമുണ്ട്. വ്യാജപ്രബോധകര്‍ക്കെതിരെ, വിശ്വാസികള്‍ക്ക് മുന്നറിയിപ്പു നല്‍കുകയാണ് ഈ കൊച്ചുലേഖനത്തിന്‍റെ മുഖ്യഉദ്ദേശം.

പുതിയനിയമം
 66. വെളിപ്പാട്
ഉള്ളടക്കം
ഡൊമീഷ്യന്‍ചക്രവര്‍ത്തി റോമാസാമ്രാജ്യത്തിന്‍റെ അധിപനായിരുന്ന കാലത്ത് (എഡി. 81-96) അതിരൂക്ഷമായൊരു മതമര്‍ദ്ദനമുണ്ടായി. തങ്ങളുടെ സാമ്രാജ്യത്തില്‍പ്പെട്ട എല്ലാവരും ‘ഞങ്ങളുടെ കര്‍ത്താവും ഞങ്ങളുടെ ദൈവവും’ എന്നു വിളിച്ച് തന്നെ ആരാധിക്കണം എന്നൊരു കൽപ്പന ചക്രവര്‍ത്തി പുറപ്പെടുവിച്ചു. ഏഷ്യാമൈനറിലെ ക്രൈസ്തവ സമൂഹങ്ങളായിരുന്നു പ്രധാനമായും അതിനു വിസമ്മതിച്ചത്. അക്കാരണത്താല്‍ പീഡനങ്ങൾ അനുഭവിക്കേണ്ടിവന്ന അവസരത്തില്‍ അവിടത്തെ ഏഴു സഭകളെ ക്രൈസ്തവജീവിതത്തിന്‍റെ അര്‍ത്ഥവും പ്രസക്തിയും ലക്ഷ്യവും അനുസ്മരിപ്പിക്കുന്നതിനും അവര്‍ക്ക് ആത്മധൈര്യം പകരുന്നതിനുംവേണ്ടി രചിക്കപ്പെട്ട ഗ്രന്ഥമാണ് യോഹന്നാനു ലഭിച്ച വെളിപ്പാട്. പ്രതീകങ്ങളുപയോഗിച്ച് നിഗൂഢ സത്യങ്ങള്‍ അവതരിപ്പിക്കുന്ന സാഹിത്യശൈലിയാണ് ഈ ഗ്രന്ഥത്തില്‍ പൊതുവെ ഉപയോഗിച്ചിരിക്കുന്നത്. ബാബേൽപ്രവാസകാലം മുതൽ യഹൂദരുടെ ഇടയിൽ വളര്‍ന്നുവന്ന അപ്പൊക്കലിപ്റ്റിക് സാഹിത്യരൂപത്തോടു സദൃശമാണ് ഈ ശൈലി. ഏഷ്യാമൈനറില്‍ എഫെസോസിനടുത്തുള്ള പത്‌മോസ്ദ്വീപില്‍വച്ചാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടത്. യോഹന്നാനാണ് ഗ്രന്ഥകര്‍ത്താവെന്ന് ആരംഭത്തില്‍ത്തന്നെ (1:1,4:9) പറയുന്നുണ്ട്. ഇദ്ദേഹം യേശുവിന്‍റെ പ്രേഷ്ഠശിഷ്യനായിരുന്ന യോഹന്നാന്‍തന്നെയാണെന്ന നിഗമനത്തിലാണ് പാരമ്പര്യസാക്ഷ്യവും ഗ്രീക്കുമൂലഭാഷാപഠനവും നമ്മെ എത്തിക്കുന്നത്.വെളിപ്പാടിലെ പ്രധാന മര്‍മ്മങ്ങൾ ഇങ്ങനെ സമാഹരിക്കാം:

ദൈവത്തിന്‍റെ കുഞ്ഞാടായ ക്രിസ്തു ലോകത്തെ ജയിച്ചിരിക്കുന്നു.

അവിടുന്ന് ആയിരുന്നവനും ആയിരിക്കുന്നവനും വരുവാനിരിക്കുന്നവനുമാണ്.

അവിടുത്തേക്കും അനുയായികള്‍ക്കുമെതിരേ ലോകാവസാനംവരെ തിന്മ ഭീകരരൂപംപൂണ്ട് പോരാടും.

അവസാനവിജയം ക്രിസ്തുവിന്‍റെതായിരിക്കും.

ഈ ലോകത്തിലെ സുഖവും സഹനവുമെല്ലാം ക്ഷണഭംഗുരമാണ്.

ലോകാവസാനത്തില്‍ ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ ദുഷ്ടത പ്രവര്‍ത്തിക്കുന്നവരെല്ലാം നശിപ്പിക്കപ്പെടുകയും നന്മ ചെയ്യുന്നവരായ അവിടുത്തെ അനുയായികളെല്ലാവരും അവിടുത്തോടൊത്തു വിജയശ്രീലാളിതരായി, ഒരു പുതിയ ലോകത്തില്‍ ദൈവപിതാവിനോട് ഒന്നുചേര്‍ന്ന്, നിത്യാനന്ദനിര്‍വൃതിയടയുകയും ചെയ്യും.

വെളിപ്പാടിലെ പ്രതീകങ്ങളുടെ പുറകില്‍ ഒളിഞ്ഞിരിക്കുന്ന വസ്തുതകള്‍ വെളിപ്പെടുത്താന്‍ ശ്രമിക്കുന്ന അനേകം വ്യാഖ്യാനങ്ങൾ പുറത്തുവന്നിട്ടുണ്ട്. പക്ഷേ, ഒന്നും അതില്‍ത്തന്നെ പൂര്‍ണ്ണമോ സംതൃപ്തിജനകമോ അല്ല. ‘കര്‍ത്താവായ യേശുവേ വരേണമേ’ എന്ന് പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്ന ഈ മഹത്ഗ്രന്ഥം ഇരുപത്തിരണ്ടു അദ്ധ്യായങ്ങള്‍ ഉള്ള ഒന്നാണ്.

@@@@@@@

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ