കര്‍മ്മമാര്‍ഗ്ഗവും വിശ്വാസമാര്‍ഗ്ഗവും?

കര്‍മ്മമാര്‍ഗ്ഗവും വിശ്വാസമാര്‍ഗ്ഗവും?

ഇങ്ങനെയുള്ള രണ്ടു വാക്കുകളെക്കുറിച്ച് നമ്മിൽ അധികം പേരെങ്കിലും കേട്ടിരിക്കും എന്നുള്ളത് ഒരു വസ്തുതയാണ്. എന്നിരുന്നാലും എവിടെയാണ് ഈ വാക്കുകൾ ഉപയോഗിക്കുന്നത് എന്ന് ചോദിച്ചാല്‍ ഒരു വ്യക്തമായ മറുപടി എല്ലാവരില്‍നിന്നും കിട്ടിക്കൊള്ളണം എന്ന് നിര്‍ബന്ധം ആവശ്യമില്ല. അതിനാല്‍ ഇതിനെക്കുറിച്ച്‌ ശരിയായതും വ്യക്തമായതുമായ ഒരു വിവരണം നല്‍കുകയാണ് ഈ എഴുത്തുകാരൻ തന്‍റെ ബ്ലോഗിലൂടെ ചെയ്യുന്നത്.

കര്‍മ്മം എന്നാൽ പ്രവര്‍ത്തി എന്നാണു ആ വാക്കിനു നല്‍കാൻ കഴിയുന്ന അര്‍ത്ഥം. ഒരു മനുഷ്യൻ തന്‍റെ ജീവിതത്തിലൂടെ വെളിപ്പെടുത്തുന്ന കാര്യങ്ങളാണ് അതില്‍ കാണാൻ കഴിയുക. ആ കാര്യങ്ങളെല്ലാംതന്നെയും ക്രമീകരിക്കപ്പെടുന്നത് രണ്ടു വിധത്തിലാണ്.

1.ഒരു മനുഷ്യൻ തന്‍റെ ചിന്തകളിൽ രൂപപ്പെടുന്നതോ അല്ലാത്തതോ ആയ എല്ലാ കാര്യങ്ങളും ചെയ്യുക എന്നുള്ളത്.

2. ഒരു മനുഷ്യന്‍ തന്‍റെ ചിന്തകളിൽ രൂപപ്പെടുന്ന എല്ലാ കാര്യങ്ങളും വിവേചിച്ചു തിന്മകളെ ഉപേക്ഷിച്ചു നന്മകള്‍ മാത്രം ചെയ്യുക എന്നുള്ളത്.

ഒന്നാമത് പറഞ്ഞ കാര്യങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവർ എണ്ണത്തിൽ വളരെ കുറഞ്ഞവരെ കാണുകയുള്ളു.

നാം ഇന്ന് കാണുന്ന (നാം ഉള്‍പ്പെടുന്ന) മനുഷ്യനെക്കുറിച്ച് അല്‍പ്പം കാര്യങ്ങൾ നാം അറിയേണ്ടതുണ്ട്. അതിലും രണ്ടു തലങ്ങളില്‍ മനുഷ്യനെക്കുറിച്ച് അറിയാവുന്നതാണ്.

1.ജഡിക മനുഷ്യ൯
2.ആത്മിക മനുഷ്യന്‍

ജഡിക മനുഷ്യനും കര്‍മ്മമാര്‍ഗ്ഗവും

അമ്മയില്‍നിന്നു മനുഷ്യൻ ഒരു ശിശുവായാണ് ജനിക്കുന്നത്. അതില്‍ സ്ത്രീ പുരുഷന്‍ ഭിന്നലിംഗക്കാർ എന്നീ വിഭാഗങ്ങള്‍ കാണാന്‍സാധിക്കും. ജനിക്കുന്ന കുഞ്ഞുങ്ങള്‍ നൂറു ശതമാനവും ശാരീരികമായോ മാനസികമായോ ഉള്ള പൂര്‍ണ്ണതയിലും ജനിക്കുന്നില്ല. ഇങ്ങനെ ജനിക്കുന്ന മനുഷ്യനു പല വളര്‍ച്ചാഘട്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ശൈശവം ബാല്യം കൌമാരം യൌവ്വനം വാര്‍ദ്ധക്യം എന്നിവയാണ് ആ ഘട്ടങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ചെറിയ ഒരു ശതമാനം ശാരീരിക മാനസിക അപക്വതകളോടുകൂടി ജനിക്കുന്നവരാണ്. അങ്ങനെയുള്ള മനുഷ്യരെ നാം ഇവിടെ നല്‍കിയിട്ടുള്ള തലക്കെട്ടിന്‍ കീഴിലേക്ക് കൊണ്ടുവരുന്നില്ല. അവരുടെ എല്ലാവിധ ക്ഷേമഐശ്വര്യങ്ങളും സൃഷ്ടാവിനാൽ നിർവ്വഹിക്കപ്പെടട്ടെ.

ഒരു കുഞ്ഞിന്‍റെ ഭൌതിക ആവശ്യങ്ങൾ നിര്‍വ്വഹിക്കപ്പെടുന്നത് കരച്ചിലിലൂടെയാണ്. അങ്ങനെയുള്ള വളര്‍ച്ചയിൽ നിയമങ്ങൾ കൊണ്ട് നിയന്ത്രിക്കപ്പെടേണ്ടതായ ഒരു പ്രകൃതം ആ മനുഷ്യജീവനിൽ ഉണ്ടെന്നു നമുക്ക് കാണാം. എങ്ങനെയാണ് ആ പ്രകൃതം മനുഷ്യനിൽ രൂപപ്പെട്ടതെന്നു നാം പിന്നീട് ചിന്തിക്കുന്നതാണ്. മനുഷ്യനിലെ ഈ പ്രകൃതത്തെ മനുഷ്യബലഹീനത എന്നാണു വിശേഷിപ്പിക്കുന്നത്. ഇങ്ങനെ ജനിച്ചു വളരുന്ന മനുഷ്യനിൽ സ്വയമേവ രൂപം കൊണ്ടിട്ടുള്ള ഒന്നാണ് നന്മതിന്മകളെക്കുറിച്ചുള്ള തിരിച്ചറിവ് എന്നുള്ളത്. നമ്മുടെ മതങ്ങളും വിദ്യാഭ്യാസവും ഭരണസംവിധാനവുമെല്ലാം ഇതിനെ മറ്റൊരു വിധത്തിൽ ശാക്തീകരിക്കുന്നുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ക്രമീകരിക്കപ്പെട്ടിരിക്കുന്നു എങ്കിലും മനുഷ്യനു ആ പൂര്‍ണ്ണമായ തിരിച്ചറിവിൽ ജീവിക്കാൻ കഴിയുന്നില്ല എന്നുള്ള യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. നമ്മുടെ ദൈനംദിന വര്‍ത്തമാനങ്ങൾ നമുക്ക് മാധ്യമങ്ങളിലൂടെ അത് കാണിച്ചുതരുന്നു. അതെ, മനുഷ്യന്‍ ശാരീരികമായും മാനസികമായും ഒരു പരാജയമാണ്. ഏതു മനുഷ്യനും എത്ര ഉന്നതനായിരുന്നാലും അത് സ്വയം പരിശോധിച്ചു ഉറപ്പിക്കാവുന്നതാണ്. ലോകത്തില്‍ ഒരുപാട് നിയമങ്ങൾ ഉണ്ടെങ്കിലും 'പിടിക്കപ്പെടരുതു' എന്നുള്ള മറ്റൊരു നിയമത്തിനു കീഴിലും മനുഷ്യൻ ജീവിക്കുന്നുണ്ട് എന്നുള്ളതും പ്രസ്താവ്യമാണ്.

മനുഷ്യനെ ദൈവത്തിന്‍റെ സൃഷ്ടിയായി ബഹു ഭൂരിപക്ഷവും കരുതുന്നു. ചുരുങ്ങിയ ഒരു വിഭാഗം പുത്തൻ ശാസ്ത്രവാദികളാകട്ടെ നീണ്ട വര്‍ഷങ്ങളുടെ പരിണാമത്തിന്‍റെ ഫലമായി ഉത്ഭവിച്ച ഒരു ജീവിയായി മനുഷ്യനെ കരുതി വരുന്നുണ്ട്. ആദിയില്‍ ദൈവത്താൽ സൃഷ്ടിക്കപ്പെട്ട മനുഷ്യരിലൂടെ ഇന്നുള്ള മനുഷ്യവര്‍ഗ്ഗം സ്‌ത്രീയിൽ നിന്നുള്ള ജനനത്തിലൂടെ ഉരുവാക്കപ്പെടുന്നു എന്നുള്ളതാണ് പൊതുവായ നിഗമനം.

മനുഷ്യന്‍റെ സ്വഭാവങ്ങൾ

മനുഷ്യന്‍ അതാതു രാജ്യങ്ങളുടെ നിയമങ്ങള്‍ക്കു കീഴിൽ ജീവിക്കുവാൻ വിധിക്കപ്പെട്ടിരിക്കുന്നു. നിയമങ്ങള്‍ക്കു കീഴിൽ ജീവിക്കുവാൻ മടിക്കുന്നവര്‍ക്കുള്ള ശിക്ഷാനടപടികളും നിയമത്തിന്‍റെ ഭാഗമായി നിലനില്‍ക്കുന്നുണ്ട്. ഇതിനെ നീതിന്യായവ്യവസ്ഥകൾ എന്നുപറയുന്നു. പോലീസിന്‍റെ വിവിധ വിഭാഗങ്ങളും പട്ടാളവും കോടതികളും ചേര്‍ന്നതാണ് ആ വ്യവസ്ഥ.

ഈ വ്യവസ്ഥകള്‍ക്ക് കീഴിലും അല്ലാതെയും ജീവിക്കുന്ന മുഴു മനുഷ്യരിലും ചില പൊതുവായ പ്രത്യേക സ്വഭാവങ്ങള്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്നതായി കാണാം.

1.ഏതു മനുഷ്യനും തിന്മകള്‍ (പാപം)ചെയ്യുവാന്‍ കഴിയും.
2.ഏതു മനുഷ്യനും തിന്മകള്‍ ചെയ്യിപ്പിക്കുവാൻ കഴിയും.
3. ഏതു മനുഷ്യനും തിന്മകൾ ചിന്തിക്കുവാൻ കഴിയും.
4. ഏതു മനുഷ്യനും തിന്മകൾ സ്വപ്നം കാണുവാൻ കഴിയും.

എന്നാൽ മനുഷ്യരുടെ പ്രവര്‍ത്തികളിലും ചിന്തകളിലും സ്വപ്നങ്ങളിലും വ്യത്യസ്തതകള്‍ കാണാവുന്നതുമാണ്. പൊതുവേ പറഞ്ഞാൽ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനിൽ നിന്നും തീര്‍ത്തും വ്യത്യസ്തനാണ്. ഇതോടൊപ്പംതന്നെ മനുഷ്യൻ നേടുന്ന ബാഹ്യമായ അറിവുകളിലൂടെ അവനു ശാസ്ത്രം സാഹിത്യം കലകള്‍ വിനോദങ്ങൾ ദാമ്പത്യം തൊഴിൽ ഭക്ഷണം പാര്‍പ്പിടം വസ്‌ത്രം കൃഷി ആരോഗ്യം എന്നിവയിലൂടെ ജന്മസിദ്ധമായ കഴിവുകൾ പുറപ്പെടുവിക്കുവാനും കഴിയുന്നുണ്ട്.

പൊതുവേ പറഞ്ഞാല്‍ നന്മകൾ ചെയ്യുവാന്‍ കഴിയുന്ന മനുഷ്യരിൽ അറിഞ്ഞും അറിയാതെയും തിന്മകൾ ചെയ്യുന്ന ഒരു പ്രവണത ജന്മസിദ്ധമായ ഒന്നായി നിലനില്‍ക്കുന്നു എന്ന് കാണാം. ഇങ്ങനെയുള്ള തിന്മകൾക്കുള്ള പ്രവണതകളെ നിയന്ത്രിക്കുവാനാണ് നിയമങ്ങള്‍ കടന്നു വരുന്നത്.

മനുഷ്യ ചരിത്രം നാം പഠിച്ചാല്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ മനുഷ്യൻ സദാചാര ജീവിതത്തിനുള്ള നിയമങ്ങൾ ഉണ്ടാക്കിയിരുന്നു എന്ന് കാണാൻകഴിയും. അതിനുള്ള തെളിവുകള്‍ പിന്നീടുള്ള ഭാഗങ്ങളിൽ (ആത്മിക മനുഷ്യന്‍) ചേര്‍ക്കുന്നുണ്ട്. ഇന്നുള്ളതായ വികസിതമായ ജനാതിപത്യമാനവിക നിയമങ്ങള്‍ പോലെ ആയിരുന്നില്ല അത്. എങ്കിലും ഒരു വിഭാഗത്തിനുള്ള നീതി അതിലൂടെ കാക്കപ്പെടുകയും മറ്റൊരു വിഭാഗം അടിച്ചമർത്തപ്പെടുകയും ചെയ്തിരുന്നു.

ക്രിസ്തുവിനുമുമ്പ് 1400 വര്‍ഷങ്ങള്‍ക്കുമുമ്പ് (BC 1400.BC=Before Christ) ഇങ്ങനെയുള്ള മനുഷ്യരുടെ ജീവിതത്തിനുള്ള സന്തുലിതമായ തികവുള്ള നിയമങ്ങൾ നല്‍കപ്പെട്ടിരുന്നു. ഇന്ന് അതിനെ നാം വായിക്കുമ്പോള്‍ അത് അങ്ങനെയുള്ള ഒന്ന് അല്ലെന്നു വാദിക്കുന്നവർ ധാരാളമാണ്. ആ പുസ്തകത്തിലൂടെയാണ് നാം പിന്നീട് കടന്നു പോകുന്നത്. എങ്കിലും നാം ചിന്തിക്കുന്ന കർമ്മമാര്‍ഗ്ഗം എന്താണെന്ന് നോക്കാം.

ഭൂമിയിലെ മനുഷ്യരില്‍ മഹാ ഭൂരിപക്ഷവും ഏതെങ്കിലും ഒരു മതത്തിൽ അല്ലെങ്കില്‍ മതമൊന്നുംകൂടാതെ പ്രപഞ്ച സൃഷ്ടാവ് എന്നുള്ള നിലയിൽ ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. ദൈവവുമായി ബന്ധപ്പെട്ട ചിന്തകളില്‍ കഴിയുന്നവരാകട്ടെ, തിന്മ ചെയ്യുന്നവര്‍ക്ക് നരകശിക്ഷയും നന്മ ചെയ്യുന്നവര്‍ക്ക് മോക്ഷവും (നിത്യജീവന്‍) ലഭിക്കുന്നു എന്ന് കണക്കാക്കുന്നു. ഇങ്ങനെ ദൈവത്തില്‍ വിശ്വസിക്കുമ്പോഴും മനുഷ്യരിൽ തിന്മകൾ സംഭവിക്കുന്നതുകൊണ്ട് മനുഷ്യൻ ഭുഃഖിതനാകുന്നു. അതിനു പരിഹാരമെന്നവണ്ണം മതം നിഷ്കര്‍ഷിക്കുന്ന യാഗവഴിപാടുകൾ അര്‍പ്പിക്കപ്പെടുന്നു. ഇങ്ങനെ തിന്മകള്‍ക്കു പരിഹാരം വരുത്തിക്കൊണ്ട് ജീവിതത്തില്‍ നന്മകൾ ചെയ്യുന്ന ഒരു മാര്‍ഗ്ഗവും സ്വീകരിക്കപ്പെടുന്നു. ഇങ്ങനെ കര്‍മ്മത്തിൽ നന്മകൾ ഉള്‍പ്പെടുന്നതുകൊണ്ട്‌ ആ മാർഗ്ഗത്തെയാണ് കര്‍മ്മമാര്‍ഗ്ഗം എന്നു പറയുന്നത്. ആ മാര്‍ഗ്ഗത്തിൽ ജീവിക്കുന്നവർ ദൈവത്തില്‍ വിശ്വസിക്കുന്നു എന്നതിലുപരി തിന്മകൾ വിട്ടൊഴിഞ്ഞു ജീവിക്കുവാന്‍ പ്രാപ്തർ ആക്കപ്പെടുന്നില്ല. മനുഷ്യനു ലഭിക്കുന്ന *നന്മതിന്മകളെക്കുറിച്ചുള്ള തിരിച്ചറിവിലാണ് അവര്‍ ജീവിക്കുന്നത്. തെറ്റിന്‍റെ അടിമയാക്കപ്പെട്ട മനുഷ്യനു തെറ്റ് കൂടാതെ ജീവിക്കുവാനുള്ള ശക്തി അതിൽ ദൈവത്താൽ ലഭ്യമാകുന്നില്ല. അതിനാൽ മനുഷ്യൻ തിന്മകൾ ചെയ്യുക, അതിനു പരിഹാരമായി പിഴയടക്കുക, വീണ്ടും തിന്മകൾ ചെയ്യുക വീണ്ടും പിഴ അടക്കുക എന്നുള്ളത് തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു. പൊതുവേ പറഞ്ഞാല്‍ മനുഷ്യൻ സ്വീകരിക്കുന്ന ദൈവവിശ്വാസവും നന്മതിന്മകളെക്കുറിച്ചുള്ള തിരിച്ചറിവും തിന്മ കൂടാതെ ജീവിക്കുവാൻ മനുഷ്യനു സഹായകമാകുന്നില്ല എന്ന് കാണാം. ഇതിൽ ചെയ്ത കർമ്മങ്ങള്‍ക്കുള്ള പ്രതിഫലം ഈശ്വരനില്‍നിന്നു ലഭിക്കുന്നു എന്ന് വിശ്വസിക്കുന്നു. ഇത്തരം വിശ്വാസത്തിനു തിന്മകൾ വിട്ടൊഴിഞ്ഞു ജീവിക്കുവാൻ യാതൊരു സഹായവും ചെയ്യുവാൻ കഴിയുന്നില്ല. അതിനാൽ കര്‍മ്മമാര്‍ഗ്ഗത്തിൽ ആശ്രയിക്കുന്നവർ പൂർണ്ണർ ആക്കപ്പെടുന്നില്ല. അതായത് കര്‍മ്മമാര്‍ഗ്ഗത്തിലെ മനുഷ്യ൯ എക്കാലവും തെറ്റിന്‍റെ അടിമയാണ് എന്നര്‍ത്ഥം. യഹൂദമതം ഉള്‍പ്പെടെയുള്ള പല മതങ്ങളും ഈ പാത പിന്തുടരുന്നു.

*എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് കാണിക്കുന്ന നിയമസംഹിത. അതിൽ രാജ്യനിയമങ്ങളും മതനിയമങ്ങളും ഉള്‍പ്പെടുന്നു.

പൊതുവേയുള്ള നിഗമനത്തില്‍ മനുഷ്യ൯ മോക്ഷപ്രാപ്തിക്കായി വഴിപാടുകള്‍ക്കൊപ്പം നന്മയുടെ പ്രവര്‍ത്തികളും കൂടെ ഉൾപ്പെടുത്തുന്നതായി കാണാം.

ആത്മികമനുഷ്യന്‍റെ വിശ്വാസമാര്‍ഗ്ഗം!

ഒരു പ്രത്യേക ധാരയിലുള്ള വിശ്വാസത്തിലെ മ൪മ്മത്തിനു തക്കവണ്ണം മനുഷ്യന്‍ പ്രവര്‍ത്തികൾ ചെയ്തു ജീവിക്കുക എന്നുള്ളതാണ് അതിലുള്ളതു. അനേകമായുള്ള മതങ്ങളില്‍ യേശുക്രിസ്തു മാത്രമാണ് ഇങ്ങനെയുള്ള ഒരു മര്‍മ്മം മനുഷ്യനെ പഠിപ്പിക്കുന്നത്‌.

മുന്‍ ഭാഗത്ത്‌ മനുഷ്യനു നന്മ മാത്രം ചെയ്തുകൊണ്ട് നല്ല ഒരു ജീവിതം നയിക്കുവാൻ കഴിയുന്നില്ല എന്ന് നാം കണ്ടുകഴിഞ്ഞു. നന്മതിന്മകളെക്കുറിച്ചുള്ള തിരിച്ചറിവ് മനുഷ്യനിൽ ഉണ്ട് എങ്കിലും മനുഷ്യനിലുള്ള മറ്റൊരു ക൪ത്തൄത്വമായ പാപം അത് ചെയ്യുവാൻ മനുഷ്യനു തടസ്സമാകുന്നു എന്ന് വചനം വെളിപ്പെടുത്തുന്നു.

റോമര്‍ 7: 19 ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു.
20 ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.


ഇപ്രകാരമുള്ള പാപം വസിക്കുന്ന മനുഷ്യ൯ തിരഞ്ഞെടുക്കുന്ന മോക്ഷയാത്രക്കുള്ള മാര്‍ഗ്ഗമാണ് വിശ്വാസമാര്‍ഗ്ഗം. ആ മാര്‍ഗ്ഗത്തിൽ മനുഷ്യനിലെ തിന്മക്കു കാരണമായ പാപത്തെ എന്നേക്കുമായി യേശുക്രിസ്തു തന്‍റെ കുരിശുമരണത്തിലൂടെ നീക്കിക്കളയുന്നു. എന്നാൽ പാപം വസിക്കുന്ന മനുഷ്യന്‍ ക്രിസ്തുവിനോടൊപ്പം മരിച്ചു പാപമോചനം പ്രാപിക്കുന്ന ഒരു മര്‍മ്മമാണ് അതിൽ കാണാ൯ കഴിയുക.

മനുഷ്യശരീരത്തിൽ പാപം വസിക്കുന്നതിനാൽ മനുഷ്യ൯ പാപത്തിന്‍റെ അടിമയായി പാപപ്രവര്‍ത്തികൾ ചെയ്യുന്നുവെന്നു യേശുക്രിസ്തു അരുളിചെയ്യുന്നുണ്ട്.

യോഹന്നാന്‍ 8: 34 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്‍റെ ദാസൻ ആകുന്നു.

ഇങ്ങനയുള്ള മനുഷ്യന്‍റെ ശരീരത്തെ പാപശരീരം എന്ന് വിശേഷിപ്പിക്കുകയും ആ ശരീരത്തില്‍നിന്നു വിശ്വാസത്താൽ ലഭ്യമാകുന്ന ഒരു പൂര്‍ണ്ണമായ വേര്‍പാട് എന്നേക്കും ആസ്വദിച്ചുകൊണ്ട്‌ ഒരു പുതിയ മനുഷ്യനായി ജീവിക്കുവാൻ യേശുക്രിസ്തു മനുഷ്യനെ സഹായിക്കുന്നു. നല്ല ഒരു ജീവിതഫലം പുറപ്പെടുവിക്കുവാ൯ കഴിയുന്ന വിശ്വാസം എന്ന ദൈവവ്യവസ്ഥയുടെ കീഴിലേക്ക് മനുഷ്യനെ കൊണ്ട് വരുന്നു. ഇങ്ങനെയുള്ള ജീവിതത്തെയാണ് വിശ്വാസമാര്‍ഗ്ഗത്തിലുള്ള ജീവിതം എന്ന് പറയുന്നത്.

പൊതുവേ മനുഷ്യന്‍ ആരാണ്?

ആദിയിലെമനുഷ്യ൯ ആദാമാണെന്ന് വചനം തെളിവ് തരുന്നു. നിര്‍മ്മലമായ ഒരു ശരീരത്തിൽ പൂര്‍ണ്ണ വളര്‍ച്ചയുള്ള ഒരു മനുഷ്യനായാണ് ആദാം സൃഷ്ടിക്കപ്പെട്ടത്. അവനു ജീവനുള്ള ദേഹി എന്ന് വചനം പേര്‍ കൊടുത്തിരിക്കുന്നു.

ഉല്‍പ്പത്തി 2:7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്‍റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.

അവനു തുല്യയായ ഭാര്യ ഹവ്വ എന്ന പേരില്‍ അറിയപ്പെടുന്നു.

ഉല്‍പ്പത്തി 3: 20 മനുഷ്യൻ തന്‍റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ.

എന്നാല്‍ ദൈവദൃഷ്ടിയിൽ ഇവര്‍ രണ്ടുപേരും കൂടിചേര്‍ന്നതിനെയാണ്ദൈവം ആദാമെന്നു വിളിച്ചത്.

ഉല്‍പ്പത്തി 5: 2 സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു.

എന്നാല്‍ ഒരു കല്‍പ്പനയുടെ ലംഘനം നടന്നതിലൂടെ അവ൪ പാപികൾ അല്ലെങ്കില്‍ ജഡം എന്നുള്ള നിലയിലേക്ക് മാറ്റപ്പെടുകയുണ്ടായി.

ഉല്‍പ്പത്തി 6: 3 അപ്പോൾ യഹോവ: മനുഷ്യനിൽ എന്‍റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്‍റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.

ജഡം എന്ന നിലയിലുള്ള മനുഷ്യനെയാണ്‌ പാപം ചെയ്തു ദൈവതേേജസ്സു നഷ്ടപ്പെട്ടവ൪ എന്ന് വചനം പറയുന്നത്.

റോമര്‍ 3:23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,

മനുഷ്യൻ എന്നുള്ളത് പാപം (സാത്താന്‍,പിശാചു) എന്ന യജമാനന്‍റെ അടിമയാണ്.ആ യജമാനന്‍റെ മോഹങ്ങളാണ് മനുഷ്യശരീരത്തിലൂടെ പാപപ്രവ൪ത്തികളായി വെളിപ്പെടുത്തുന്നതു.

പാപം (പിശാചു) ശരീരത്തിൽ ദേഹിയോടൊത്തു വസിക്കുന്നു. അതായത് ഒരു ഭവനത്തില്‍ ഭര്‍ത്താവും ഭാര്യയും ഒരുമിച്ചു വസിക്കുന്നതുപോലെയാണത്.ഈ ബന്ധത്തെ വേര്‍പെടുത്തുന്ന ഒരു നേര്‍സാക്ഷ്യമാണ് കുരിശിലെ അധര്‍മ്മികളോടോപ്പമുള്ള യേശുവിന്‍റെ മരണം.ഈ സാക്ഷ്യം ഒരു മനുഷ്യൻ വിശ്വസിക്കുക എന്നുള്ളതിൽ അവനിലെ പാപത്തെയും ആത്മാവിനെയും വേര്‍പെടുത്തുകയാണ് യേശുക്രിസ്തു ചെയ്യുന്നത്. രക്ഷിക്കപ്പെട്ട മനുഷ്യൻ (ആത്മാവ് ദേഹി soul) ഈ മര്‍മ്മം വിശ്വസിക്കുന്നതിലൂടെ ക്രിസ്തുവിന്‍റേതായി മാറ്റപ്പെടുന്നു.

മനുഷ്യന്‍ ദൈവവിശ്വാസം സ്വീകരിക്കുന്നതിലൂടെയാണ് പാപത്തില്‍നിന്നു രക്ഷിക്കപ്പെടുന്നത്.രക്ഷക്കായി സ്വീകരിച്ച ക്രിസ്തുവിലുള്ള വിശ്വാസം സ്ഥിരമായി സൂക്ഷിച്ചുകൊണ്ട്‌ ആ വിശ്വാസത്തിന്‍റെ ഫലമായ നന്മയുടെ ജീവിതം പുറപ്പെടുവിക്കുന്നു. ഇങ്ങനെ നന്മ പുറപ്പെടുവിക്കുവാന്‍ ആവശ്യമായ പരിശുദ്ധആത്മാവ് വിശ്വസിക്കുന്ന മനുഷ്യന് ദൈവം നല്‍കുന്നു. ഇങ്ങനെ ദൈവവിശ്വാസത്തില്‍ ഉറച്ചുനിന്ന് ജീവിക്കുന്ന മാര്‍ഗ്ഗമാണ് വിശ്വാസമാര്‍ഗ്ഗം. കുരിശിലെ മരണം വിശ്വാസത്തിലൂടെ ആസ്വദിച്ച പൌലൊസ് താന്‍ സ്വീകരിച്ച ജീവിതമാര്‍ഗ്ഗത്തെ ഇങ്ങനെ വെളിപ്പെടുത്തുന്നു.

ഗലാത്യര്‍2:20 ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു.

എല്ലാ മനുഷ്യരും ഇപ്രകാരമുള്ള വിശ്വാസമാര്‍ഗ്ഗത്തിലേക്ക് കടന്നു വരുവാനായി മനുഷ്യനെ ക്ഷണിക്കുന്നതാണ് ക്രിസ്തുവിന്‍റെ സുവിശേഷം.

വിശ്വാസത്തിന്‍റെ ഫലമായ രക്ഷയും നല്ലജീവിതവും ദൈവം വാഗ്ദത്തം ചെയ്തുകൊണ്ട് സുവിശേഷം പ്രസംഗിക്കപ്പെടുന്നു.

എഫെസ്യ൪ 2: 10 നാം അവന്‍റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.

വിശ്വാസത്താല്‍ രക്ഷിക്കപ്പെട്ടു വിശ്വാസത്താൽ ജീവിച്ചു സൽപ്രവ൪ത്തികൾ ചെയ്യാം. അതിലൂടെയുള്ള പ്രവേശനം നിത്യതയിലക്കുള്ളതാണ്. മറിച്ചു പ്രവ൪ത്തികളിലൂടെ രക്ഷ പ്രാപിക്കുക എന്നുള്ളത് മാനുഷികമായ കാഴ്ചപ്പാടുകളാണ്.

വിശ്വാസത്തിന്‍റെ ഫലമായ രക്ഷയും നല്ലജീവിതവും എല്ലാവരിലും പുറപ്പെടട്ടെ. നന്ദിയോടെ നിറുത്തട്ടെ. നിങ്ങൾക്കു ക്രിസ്തുവിലുള്ള എന്‍റെ വിശ്വാസത്തില്‍നിന്നുള്ള സ്നേഹാശംസകൾ.

***********

ഈ പുസ്തകം  PDF രൂപത്തില്‍ വായിക്കുവാന്‍

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം:-
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ